ആന്റിബോഡി കുത്തനെ കുറയുന്നു, വാക്‌സിന്‍ 'സുരക്ഷ' നാലു മാസം?; ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമെന്ന് പഠനം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് സാധാരണയായി നല്‍കി വരുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്.

ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്‍ഫക്ഷന്‍ ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പഠനറിപ്പോര്‍ട്ട്. 

614 പേരില്‍ 308 പേര്‍ കോവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിച്ചത്. ഇതില്‍ 533 പേരുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവരില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഷീല്‍ഡിനെ അപേക്ഷിച്ച് കോവാക്‌സിന്‍ കൂടുതല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

ഒന്നെങ്കില്‍ ബൂസ്റ്റര്‍ ഡോസ് ഉടന്‍ തന്നെ നല്‍കാന്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വാക്‌സിന്‍ നവീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പഠനറിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ആദ്യ രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് ഗവേഷണ സംഘത്തിലെ അംഗമായ സംഗമിത്ര പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com