വാക്‌സിന്‍ എടുത്തിട്ടും കോവിഡ്! മരുന്ന് സൂക്ഷിക്കുന്നതിലെ വീഴ്ചയും കൃത്യസ്ഥാനത്ത് കുത്തിവയ്ക്കാത്തതുമൊക്കെ കാരണങ്ങള്‍, അറിയേണ്ടതെല്ലാം 

കോവിഡ് ബാധ രൂക്ഷമാകാതിരിക്കാനും ആശുപത്രി വാസമടക്കം ഒഴിവാക്കാനും വാക്‌സിനെടുക്കുന്നത് ഗുണകരമാണെന്ന് ഡോക്ടര്‍മാര്‍ 
എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടയില്‍ പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്‌സിന്റെ രണ്ട് ഡോസും എടുത്തതിന് ശേഷവും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും വൈറസ് പിടിപെടാന്‍ കാരണങ്ങള്‍ ഏറെയാണ്. പക്ഷെ കോവിഡ് ബാധ രൂക്ഷമാകാതിരിക്കാനും ആശുപത്രി വാസമടക്കം ഒഴിവാക്കാനും വാക്‌സിനെടുക്കുന്നത് ഗുണകരമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അത്ഭുതപ്പെടാനില്ല

വാക്‌സിന്‍ എടുത്തതിന് ശേഷം വൈറസ് ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് സംഭവിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വളരെയധികം ഫലപ്രാപ്തിയുള്ള വാക്‌സിനുകളുടെ കാര്യത്തിലും ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. 'വാക്‌സിന്‍ പ്രതിരോധം ഭേദിച്ച് രോഗം പിടിമുറുക്കുന്ന സാധ്യത എല്ലാ വാക്‌സിനേഷനിലും കാണാന്‍ കഴിയും. ദശലക്ഷകണക്കിന് ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുമ്പോള്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞനും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടറുമായ അന്തോണി ഫൗസി പറയുന്നു. 

വാക്സിൻ എടുത്തിട്ടും കോവിഡ്!, കാരണങ്ങൾ

വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ മാത്രമേ 90ശതമാനം രോഗപ്രതിരോധ ശേഷി കൈവരിക്കുകയൊള്ളു. അപ്പോള്‍ മാത്രമേ ഒരാള്‍ പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തു എന്ന് പറയാനാകൂ. വാക്‌സിന്‍ എടുത്തിട്ടും രോഗം വരാനുള്ള കാരണങ്ങളും നിരവധിയാണ്. വാക്‌സിന്‍ ശരിയായ രീതിയിലല്ല ശരീരത്തിലേക്ക് കുത്തിവച്ചതെങ്കില്‍ ഇത് സംഭവിക്കാം. വാക്‌സിന്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതുകൊണ്ടും ഇത്തരം വീഴ്ചകള്‍ക്ക് സാധ്യതയുണ്ട്. മരുന്ന് സൂക്ഷിക്കാന്‍ കൃത്യമായ താപനില പാലിക്കാതിരിക്കുക, കൈയില്‍ കൃത്യ സ്ഥാനത്ത് മരുന്ന് കുത്തിവയ്ക്കുന്നതില്‍ തെറ്റുപറ്റുക പോലുള്ള വീഴ്ചകള്‍ വൈറസ് ബാധയുണ്ടാകാന്‍ ഇടയാക്കും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് വൈറസുമായി സമ്പര്‍ക്കമുണ്ടാകുന്നതും ഇതിന് കാരണമാണ്. ഒരാളുടെ രോഗപ്രതിരോധശേഷി അടക്കമുള്ള കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാക്‌സിന്റെ പ്രവര്‍ത്തനം നടക്കുക. പ്രായവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും രോഗപ്രതിരോധശേഷി കുറയ്ക്കുന്നതാണ്. 

പ്രതിരോധശേഷി എത്രനാള്‍

വാക്‌സിനുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രധാന സംശയം ഇതിന്റെ പ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നതാണ്. ഇത് കൃത്യമായി കണ്ടെത്താനവുള്ള പഠനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വൈറസുകള്‍ക്കും അവസാന ഘട്ടം വരെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇവിടെ പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ അടിസ്ഥാന ഘടന മാറുന്നിലെന്നത് അനുകൂല ഘടകമാണ്. 

മറക്കരുത്

വാക്‌സിന് ശേഷവും കോവിഡ് സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ നിരവധിയാണെങ്കിലും ഇവയെല്ലാം ചെറിയ ലക്ഷണങ്ങളോടെ ഭേദമാകുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ വൈറസ് ഉണ്ടാക്കുന്ന ആഘാതം കുറവാണെന്ന് ഐഎംഎ മുന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. രാജ്യം മുഴുവന്‍ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ വൈറസിനെ ചെറുക്കാനും ജീവന്‍ സുരക്ഷിതമാക്കാനും സാധിക്കുന്ന എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വാക്‌സിന്‍ എടുത്താലും മാസ്‌കും സാമൂഹിക അകലവും മറക്കരുതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com