കുമ്പിടിയാണ് കുമ്പിടി! നോക്കിനോക്കിയിരിക്കെ രൂപം മാറും; കോവിഡിന്റെഡെല്‍റ്റ വകഭേദത്തെ അറിയാം

മുൻപ് കോവിഡ് വന്നു പോയത് കൊണ്ടോ ഒന്നാമത്തെ ഡോസ്  വാക്‌സിനേഷൻ മാത്രം എടുത്ത് കൊണ്ടോ ഡെൽറ്റ വൈറസിനെ പ്രതിരോധിക്കനാവുകയില്ല
ഇന്ത്യയിലെ കേസുകളിൽ 90% ത്തോളം ഡെൽറ്റ വൈറസ് കാരണമാണെന്നാണ്  റിപ്പോര്‍ട്ടുകള്‍/ഫയല്‍ ചിത്രം
ഇന്ത്യയിലെ കേസുകളിൽ 90% ത്തോളം ഡെൽറ്റ വൈറസ് കാരണമാണെന്നാണ്  റിപ്പോര്‍ട്ടുകള്‍/ഫയല്‍ ചിത്രം

സൂക്ഷ്മ ജീവികളായ പരാദങ്ങളാണല്ലോ വൈറസുകൾ. അവ മനുഷ്യരുടെ അഥവാ ഗൃഹിയുടെ ശരീരത്തിൽ    പെരുകുന്നതിനൊപ്പം അവയിൽ മ്യൂറ്റേഷൻ എന്ന് അറിയപ്പെടുന്ന ചില  ജനിതക വ്യതിയാനങ്ങൾ ഉണ്ടാകാനിടയുണ്ട്.  നമ്മുടെ കോശങ്ങൾക്കുള്ളിൽ നമ്മുടെ തന്നെ കോശ ഘടകങ്ങൾ ഉപയോഗിച്ച് വൈറസ് ലക്ഷക്കണക്കിന് സ്വന്തം പകർപ്പുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ പകർപ്പുകൾ ഉണ്ടാക്കുമ്പോൾ ഒന്നോ രണ്ടോ അക്ഷരം മാറിപ്പോവുന്നത് പോലെയാണ് ജനിതക വ്യതിയാനങ്ങൾ ഉണ്ടാവുന്നത്.
ഇത്തരം പല മ്യൂറ്റേഷനുകളും നിരുപദ്രവങ്ങളായിരിക്കുമ്പോൾ ചിലവ വൈറസ് മൂലമുള്ള  രോഗവ്യാപനമോ രോഗ തീവ്രതയോ കൂട്ടുന്നവയും ആകാം. അത്തരത്തിലൊന്നാണ് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം. വൈറസിന്റെ നിലനിൽപ്പിനെ സഹായിക്കുന്ന വ്യതിയാനങ്ങൾ നിലനിർത്തുവാനാണ് വൈറസ് ശ്രമിക്കുക.  അതിനാലാണ് നമുക്ക് ഉപദ്രവകരവും വൈറസിന് ഉപകാര പ്രദവുമായ പല ജനിതക വ്യത്യാനങ്ങളും വൈറസിൽ കാണപ്പെടുന്നത്.

രോഗതീവ്രതയുടെയും വ്യാപനത്തിന്റെയും പേരിൽ ആശങ്കയ്ക്കു കാരണമായ SARS COV 2 അഥവാ കോവിഡ് വൈറസ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന, ഗ്രീക്ക് അക്ഷരമാലാ ക്രമത്തിൽ പേര് നൽകിയിട്ടുണ്ട്. ആ ശ്രേണിയിൽ ഒന്നാമത്തേതായ ആൽഫ വൈറസ് കെന്റ് (യു.കെ ) ഇൽ നിന്നും രണ്ടാമത്തേതായ ബീറ്റ വൈറസ് സൗത്ത്  ആഫ്രിക്കയിൽ നിന്നും മൂന്നാമത്തേതായ ഗാമ വൈറസ് ബ്രസീലിൽ നിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്  . ഡെൽറ്റ വൈറസ് ആദ്യം കണ്ടെത്തിയത് ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ആയിരുന്നു ,ഇപ്പോൾ ഇന്ത്യയിലെ കേസുകളിൽ 90% ത്തോളം ഡെൽറ്റ വൈറസ് കാരണമാണെന്നാണ്  റിപോർട്ടുകൾ.

 രണ്ടായിരത്തി ഇരുപതിന്റെ അവസാനത്തോടെ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട കോവിഡിന്റെ ഡെൽറ്റ വകഭേദം (Varient) ഇന്ത്യ,  യു കെ, സിംഗപ്പൂർ തുടങ്ങി ഇപ്പോൾ 74  രാജ്യങ്ങളിലേക്ക്  എത്തിച്ചേർന്നിരിക്കുന്നു.ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്പെട്ടത് ഡെൽറ്റ വകഭേദം     കാരണമാണെന്നാണ് അനുമാനം. അതിവ്യാപനശേഷിയുള്ള ഡെൽറ്റ ലോകത്തിലെ ഏറ്റവും മുന്നിട്ടുനിൽക്കുന്ന വൈറസ് വകഭേദമാകുമോ എന്ന് ലോകാരോഗ്യ സംഘടനയടക്കം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വ്യാപിക്കും തോറും നിയന്ത്രണാതീതമാകാൻ ഇടയുണ്ട് എന്നത് കൊണ്ടാണത്. യു കെ യിൽ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ കോവിഡ് കേസുകളുടെ ബാഹുല്യം കാരണം കർശനനിയന്ത്രണങ്ങൾ നാലാഴ്ച കൂടി തുടരുകയാണ് . അമേരിക്കയിലാകട്ടെ മെയ് മാസത്തോടെഓരോ ആഴ്ചയിലും ഡെൽറ്റ വൈറസ് കാരണമായുള്ള കോവിഡ്  കേസുകൾ ഇരട്ടിയാവുന്നതായി FDA  അസിസ്റ്റന്റ് കമ്മീഷണർ  സ്‌കോട്ട് ഗോട്ടേലിബ് പറയുന്നു. യു കെ യിലെയും ഇന്ത്യ യിലെയും പുതിയ കോവിഡ് കേസുകളിൽ 90 % ത്തോളവും ഡെൽറ്റ വൈറസ് കാരണമാണ്  എന്നാണ്  റിപ്പോർട്ടുകൾ.

ഡെൽറ്റ വകഭേദം ഒറ്റ നോട്ടത്തിൽ :

 1. 2020 ജനുവരിയിൽ വ്യാപിച്ചിരുന്ന ആൽഫാ വകഭേദത്തെക്കാൾ 40% കൂടുതൽ വ്യാപനശേഷി 

2.മനുഷ്യന്റെ പ്രതിരോധവ്യവസ്ഥയെ മറികടക്കുന്നു

3. വാക്‌സിൻ എടുത്തിട്ടില്ലാത്തവരിലും, ഒരു ഡോസ് വാക്‌സിൻ എടുത്തവരിലും അപൂർവം അവസരങ്ങളിൽ രണ്ടു ഡോസ് വാക്‌സിനും എടുത്തവരിലുംഡെൽറ്റ വകഭേദം കാരണമുള്ള കോവിഡ് വരാവുന്നതാണ് .

4. ഡെൽറ്റ വൈറസ് മൂലം മരണ നിരക്ക് കൂടുന്നതായി റിപ്പോർട്ടുകളില്ല

ആദ്യമുണ്ടായിരുന്ന ആൽഫ  വൈറസിനേക്കാൾ നാൽപതു ശതമാനത്തിലേറെ
രോഗവ്യാപന ശേഷി കൂടുതലാണ് എന്നതും വാക്‌സിനേഷൻ എന്ന പ്രതിരോധ നടപടി തന്നെ എല്ലാരിലും എത്തിയിട്ടില്ല എന്നുള്ളതും  ആശങ്കയുളവാക്കുന്ന അവസ്ഥയാണ്. ഇന്ത്യയിൽ ഇപ്പോഴുണ്ടാകുന്ന  കോവിഡ് രോഗം  കൂടുതലും ഡെൽറ്റ വകഭേദം കാരണമാണ് .ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടനിലാണ് ഏറ്റവും കൂടുതൽ ഡെൽറ്റ കൊറോണ വൈറസ് ബാധ, 70% .  അതുകൊണ്ടു തന്നെ ബ്രിട്ടീഷ് ഗവണ്മെന്റ് രോഗബാധിത മേഖലകളിൽ കോവിഡ് പ്രോട്ടോകോൾ വീണ്ടും ശക്തമാക്കുകയും എല്ലാവർക്കും വാക്‌സിനേഷൻ  ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചില പ്രദേശങ്ങളിലേക്ക് അതിനുവേണ്ടി ആർമിയെ അയയ്ക്കുക പോലും ചെയ്തിട്ടുണ്ട്.   ഇത്തരമൊരു ഗുരുതരാവസ്ഥയിലേയ്ക്ക് പോകതിരിക്കാൻ വേണ്ടി എത്രയും പെട്ടെന്ന് തന്നെ എല്ലാവരും രണ്ടു ഡോസ് വാക്‌സിനേഷനും എടുക്കണം എന്ന് അമേരിക്കൻ പ്രസിഡന്റിന്റെ മെഡിക്കൽ ഉപദേഷ്ടാവായ ആന്റണി ഫൗച്ചി വളരെ ശക്തമായി അമേരിക്കൻ ജനതയോട് പറയുന്നുമുണ്ട്. രണ്ടു ദിവസം മുൻപ് ഇന്ത്യൻ ജനതയോടും ഫൗച്ചി ഇതേ സൂചന നൽകിയിരുന്നു.

എന്താണ് കൊറോണയുടെ ഡെൽറ്റ വേരിയന്റ് അഥവാ വകഭേദം  ?

ഇന്ത്യയിൽ നിന്ന് കണ്ടെത്തിയതിനാൽ ഇന്ത്യൻ വകഭേദം എന്ന് ആദ്യം അറിയപ്പെട്ടിരുന്നെങ്കിലും 2021 മെയ് അവസാനത്തോടെ ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ ഡെൽറ്റ വേരിയന്റ് എന്ന് നാമകരണം ചെയ്യുകയും ആശങ്കയ്ക്ക് ഇടയുള്ള വകഭേദം എന്ന അർത്ഥത്തിൽ "വേരിയന്റ് ഓഫ് കൺസേൺ" (VOC)എന്ന് വർഗീകരിക്കുകയും ചെയ്തു.

തുടക്കത്തിലെ കൊറോണ വൈറസിനെക്കാൾ 50% കൂടുതലാണ്  ആൽഫ വകഭേദത്തിന്റെ രോഗ വ്യാപനം  എങ്കിൽ  ആൽഫയേക്കാൾ 40% കൂടുതലായാണ്   ഇപ്പോഴുള്ള ഡെൽറ്റ വൈറസ് പകരുന്നത്.    ഏതെങ്കിലും ഒരു പ്രത്യേക വൈറൽ മ്യൂറ്റേഷൻ കാരണം രോഗ തീവ്രത യോ രോഗ സംക്രമണമോ കൂടുകയോ, പ്രസ്തുത വകഭേദം പ്രതിരോധവ്യൂഹത്തെ മറികടന്നുകൊണ്ട് രോഗകാരണമാവുകയോ രോഗനിർണ്ണയം തന്നെ ബുദ്ധിമുട്ടാവുകയോ ചെയ്യുന്ന അവസരത്തിലാണ് ആ വകഭേദത്തെ VOC ആയി പ്രഖ്യാപിക്കുന്നത്. അങ്ങിനെ വർഗീകരിക്കപ്പെട്ട വൈറസ് വകഭേദങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ ലോകാരോഗ്യ സംഘടനാ മുതൽ പ്രാദേശിക തലത്തിൽ വരെ സൂക്ഷ്മമായ സുരക്ഷാ നടപടികൾ എടുക്കേണ്ടതാണ്.മറ്റു വകഭേദങ്ങളിൽ ഉണ്ടായിരുന്ന രണ്ടു ജനിതക വ്യതിയാനങ്ങൾ ഒരുമിച്ചു വഹിക്കുന്നതിനാൽ ഡെൽറ്റയ്ക്ക് പ്രതിരോധവ്യവസ്ഥയെ മറികടക്കാൻ കഴിയും എന്ന് പറയപ്പെടുന്നു ,കൂടുതൽ പഠനങ്ങൾ ഈ വഴിക്കു നടക്കുന്നുണ്ട്.

ഡെൽറ്റ  വൈറസ് കാരണമുള്ള രോഗ ലക്ഷണങ്ങൾ ഏറെക്കുറെ ആൽഫാ വകഭേദത്തിന്റേതു പോലെ തന്നെയാണെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. കേൾവി പ്രശ്നങ്ങൾ ,കഠിനമായ വയറുവേദനയും ദഹനേന്ദ്രിയ രോഗങ്ങളും, രക്തം കട്ടപിടിക്കുന്നതുമൂലമുള്ള ഗാങ്ഗ്രീൻ, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് അവ.

 
ഡെൽറ്റ വൈറസിന് വീണ്ടും ജനിതക വ്യതിയാനമുണ്ടാകുമോ ?

ഏതു വൈറസിനും   മനുഷ്യരിൽ  (ഗൃഹിയിൽ) കൂടുതൽ വ്യാപിക്കുന്നതിനോടൊപ്പം  സ്വാഭാവികമായും കൂടുതൽ ജനിതക വ്യതിയാനങ്ങൾ ഉണ്ടാകാവുന്നതാണ്.എന്നാൽ ഇത്തരം പല വ്യതിയാനങ്ങളും ഉപദ്രവകാരികൾ ആവണമെന്നില്ല   കോവിഡിന്റെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റ വൈറസിനുള്ള വ്യത്യാസം അതിന്റെ ഉയർന്ന വ്യാപനശേഷി തന്നെയാണ്. വൈറസ് ഗൃഹിയുടെ കോശങ്ങളിൽ  പ്രവേശിക്കുന്നത്   കോശോപരിതലത്തിലുള്ള ACE എന്ന സ്വീകരണി തന്മാത്ര വഴിയാണ് .ഡെൽറ്റ മ്യൂറ്റേഷൻ  വൈറസിന്റെ ഘടനയിലുണ്ടാക്കിയ വ്യത്യാസം കാരണം മുൻപുള്ള വകഭേദങ്ങളെക്കാളൊക്കെ പതിന്മടങ്ങു സാമർഥ്യത്തോടെ വൈറസ് കോശങ്ങളിൽ കടന്നുകൂടുന്നു.  അതിനാലാണ് പലപ്പോഴും വീട്ടിനുള്ളിൽ പോലും രോഗസംക്രമണം ഉണ്ടായേക്കാവുന്നത് .
ഫെബ്രുവരിയിൽ 5 %  മാത്രമുണ്ടായിരുന്ന ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം  ഏപ്രിൽ മാസത്തോടെ തന്നെ 60 %  ആയത് ഓർക്കുക. ഇപ്പോൾ അത്  70 % ൽ കൂടുതൽ ആയിട്ടുണ്ട്.

ഇന്ത്യൻ  ജനസംഖ്യയുടെ ഏകദേശം 14 % ആണ് ഇപ്പോൾ വാക്സിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് .വാക്സിനേറ്റ്  ചെയ്യപ്പെടാത്തവരുടെ ബാഹുല്യവും ഡെൽറ്റ വൈറസിന്റെ  ഉയർന്ന വ്യാപന ശേഷിയും മൂലം കോവിഡ് കൂടുതൽ പടരാനുള്ള സാധ്യതയാണ് ഉള്ളത്. അങ്ങിനെയെങ്കിൽ വീണ്ടും വകഭേദങ്ങൾ ഉണ്ടാകാം.

ഡെൽറ്റ പ്ലസ്   അഥവാ AY.1  എന്നറിയപ്പെടുന്ന ഉപവകഭേദം വളരെ ചെറിയ തോതിലെങ്കിലും മാർച്ച് മാസം മുതൽ കാണപ്പെടുന്നുണ്ട്.GISAID (ഗ്ലോബൽ ഇനിഷ്യെറ്റീവ് ഓൺ ഷേറിങ് ഓൾ ഇൻഫ്ലുവെൻസാ ഡേറ്റ)പ്രകാരം   ലോകത്താകമാനം തന്നെ 63  ഉം ഇന്ത്യയിൽ 7  ഉം കേസുകളാണ് മോളിക്യൂലർ സീക്വൻസിങ് വഴി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ ഉപ വകഭേദത്തെ, അതിന്റെ പ്രത്യേകതകൾ കൊണ്ട് കൂടുതൽ പഠനം അർഹിക്കുന്നത് എന്ന അർത്ഥത്തിൽ , വൈറസ് ഓഫ് ഇന്റെറെസ്റ്  (VOI )  എന്ന് സെന്റർ ഒഫ് ഡിസീസ് ആൻഡ് കൺട്രോൾ (CDC , Atlanta) വ ർഗ്ഗീകരിച്ചിട്ടുണ്ട്. എന്നാൽ ഡെൽറ്റ പ്ലസ് മൂലമുള്ള കോവിഡ് രോഗത്തിന് തീവ്രത കൂടുതലുള്ളതായി റിപ്പോർട്ടുകളൊന്നുമില്ല അതിനാൽ ഇപ്പോൾ പേടിക്കേണ്ടതില്ല എന്ന് ഇമ്മ്യൂണോളജി ശാസ്ത്രജ്ഞർ പറയുന്നു.എന്നാൽ കോവിഡിനുള്ള ചികിത്സയ്ക്കായി ഇന്ത്യയിൽ ഈയടുത്ത കാലത്ത് അംഗീകരിക്കപ്പെട്ട മോണോക്ലോണൽ  ആന്റിബോഡി കോക്‌റ്റൈയിലിന് ഡെൽറ്റ പ്ലസ് വകഭേദം കാരണമുള്ള കൊറോണ രോഗത്തെ പ്രതിരോധിക്കാനാവില്ല എന്ന് തെളിഞ്ഞിട്ടുണ്ട്. കൊറോണയ്ക്ക്  എതിരായി ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാവുന്നത് പോലുള്ള ആന്റിബോഡി അഥവാ പ്രതിരോധക കണങ്ങളെ ലാബിൽ നിർമ്മിച്ചെടുത്തതാണ് ലളിതമായി പറഞ്ഞാൽ ഈ മോണോക്ലോണൽ  ആന്റിബോഡി കോക്ക്റ്റെയിൽ. ഈ ആന്റിബോഡികളിൽ നിന്ന് രക്ഷപ്പെടാൻ വൈറസിന് ഏറ്റവും പുതിയ ജനിതക വ്യതിയാനം കൊണ്ട് കഴിഞ്ഞിരിക്കുന്നു എന്നർത്ഥം.പതിയെ പതിയെ വ്യാപനം കൂട്ടുകയും മനുഷ്യന്റെ പ്രതിരോധവ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള   വഴി നോക്കുകയുമാണ് ഈ വൈറസ് .   അതുകൊണ്ടുതന്നെ ഈ വൈറസിന്റെ ജനിതകവ്യതിയാനങ്ങൾ സൂക്ഷ്മമായി  പിന്തുടരേണ്ടതുണ്ട്.അങ്ങിനെ വിടാൻ പാടില്ലല്ലോ.

ഡെൽറ്റ വൈറസിനെതിരെ വാക്‌സിനേഷൻ ഫലപ്രദമാണോ ?

മുൻപ് കോവിഡ് വന്നു പോയത് കൊണ്ടോ ഒന്നാമത്തെ ഡോസ്  വാക്‌സിനേഷൻ മാത്രം എടുത്ത് കൊണ്ടോ ഡെൽറ്റ വൈറസിനെ പ്രതിരോധിക്കനാവുകയില്ല. സ്വാഭാവിക പ്രതിരോധത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. അതിനാലാണ് മഹാരാഷ്ട്ര, ഡൽഹി, കർണാടകം കേരളം എന്നിവിടങ്ങളിൽ ഫെബ്രുവരിയ്ക്കു ശേഷം കോവിഡ് രോഗബാധ കൂടിയത് . ആൽഫാ വകഭേദത്തിൽ നിന്ന് വ്യത്യസ്തമായി  ഒരു കോവിഡ്  രോഗിയിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് ഡെൽറ്റ വകഭേദം പടർന്നു പിടിക്കുന്നുണ്ട്

ഡെൽറ്റയ്ക്കു മുന്പുണ്ടായി രുന്ന ആൽഫാ  വകഭേദം മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥയ്ക്ക് പിടി കൊടുക്കാതെ രക്ഷപ്പെടുന്നതായി വിശദമായ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വൈറസിന്റെ കാര്യത്തിൽ  പഠനങ്ങൾ നടക്കുന്നതേയുള്ളു.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ(PHE) പഠനമനുസരിച്ച് ഫൈസർ വാക്‌സിന്റെ രണ്ടുഡോസും എടുത്തവർക്ക് 88 % , ആസ്ട്ര സെനെക  യുടെ വാക്‌സിൻ രണ്ടു ഡോസും എടുത്തവർക്ക് 60 % എന്ന നിലയിൽ ഡെൽറ്റയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതായി പറയുന്നു. എന്നാൽ ഒരു ഡോസ് വാക്‌സിൻ മാത്രമെടുത്താൽ 33  % ത്തോളം മാത്രമേ സംരക്ഷണം ലഭിക്കുന്നുള്ളൂ. ക്ലിനിക്കൽ ട്രയലുകളിൽ നിന്നും ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കോവിഡിന്റെ ബീറ്റ,ഡെൽറ്റ വകഭേദങ്ങളിൽനിന്നു സംരക്ഷണം നൽകുന്നതായി പറയുന്നുണ്ട്. 

ഗ്ലോബൽ വാക്‌സിനേഷൻ കവറേജ് ഡാറ്റ അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ 14 .31 % പേർക്ക് മാത്രമാണ് ഭാഗികമായെങ്കിലും വാക്‌സിനേഷൻ നല്കപ്പെട്ടിട്ടുള്ളത്.യു കെ യിൽ ഇത് 60.53 % ഉം അമേരിക്കയിൽ 51 .56  % ഉം ആണ്.എന്നാൽ രണ്ടു ഡോസ് വാക്‌സിനും എടുക്കേണ്ടതിന്റെ ആവശ്യകത നാം മനസ്സിലാക്കുകയും അനുവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

ചുരുക്കം കേസുകളിൽ എങ്കിലും രണ്ടു ഡോസ് വാക്‌സിനും എടുത്തവർക്കും  ഈ കോവിഡിന്റെ ഡെൽറ്റ വകഭേദം ബാധിച്ച  റിപ്പോർട്ടുകൾഉണ്ട്‍ . വാക്‌സിനേഷൻ ബ്രേക്ക് ത്രൂ  എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത് . ഭാഗ്യത്തിന്ഈ കേസുകളിൽ രോഗ തീവ്രത കുറവായി കാണുന്നുണ്ട് .ഇത്തരം കേസുകൾ കേരള ആരോഗ്യ വകുപ്പിന്റെയും  ICMR  ന്റെയും ഘടകങ്ങൾ  പഠനവിധേയമാക്കുന്നുണ്ട്.

മൂന്നാം തരംഗമുണ്ടോ ?

കോവിഡ് രോഗബാധയ്ക്കു ഒരു മൂന്നാം തരംഗം ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. സ്പാനിഷ് ഫ്ലൂ സ്വൈൻ  ഫ്ലൂ തുടങ്ങി പല വൈറസ്  മഹാമാരികളും രോഗബാധിതരുടെ എണ്ണം ആദ്യം കൂടിക്കൊണ്ടിരിക്കുക പിന്നീട് കുറയുക എന്നിങ്ങനെ ഒരു തരംഗ പ്രവണത കാണിക്കാറുണ്ട് .അതിനാലാണ് ഒന്നാം തരംഗം രണ്ടാം തരംഗം എന്നൊക്കെ പറയുന്നത് എന്ന് രോഗവ്യാപനത്തിന്റെ പാറ്റേൺ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും. ഈ വർഷം ഫെബ്രുവരിയിൽ വർധിക്കാൻ തുടങ്ങിയ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരുന്നുണ്ട് .ജൂലൈ മാസത്തോടെ ഫെബ്രുവരി ആദ്യമുണ്ടായിരുന്ന അവസ്ഥയിലേയ്ക്ക് തിരിച്ചെത്തും എന്നാണ്  സാഹചര്യങ്ങൾ മുൻനിർത്തിയുള്ള കണക്കുകൂട്ടലും പ്രതീക്ഷയും. പിന്നീടും കേസുകളുടെ എണ്ണം 'ക്രമാതീതമായി' കൂടിയാൽ അതാവും മൂന്നാം തരംഗം.  ഒരു തരംഗത്തിന് ശേഷം കോവിഡ് പ്രോട്ടോകൊളിൽ നിന്ന് തീരെ വ്യതിചലിച്ചു കൊണ്ട് ജനസമൂഹം പെരുമാറിയാൽ അതു അപകടകരമായ മറ്റൊരു തരംഗത്തിന് വഴി വയ്ക്കാം. പ്രത്യേകിച്ച് ചെറിയൊരു ശതമാനം ജനങ്ങൾ മാത്രം പൂർണ്ണ വാക്‌സിനേഷൻ എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ.

കുട്ടികളെ മാത്രമായി ബാധിക്കുന്ന കോവിഡ് രോഗബാധയൊന്നും ഉരുത്തിരിയുന്നതായി റിപ്പോർട്ടില്ല .എന്നാൽ വാക്‌സിനേഷൻ എടുത്തിട്ടില്ലാത്തവർ എന്ന നിലയിൽ അവർ പ്രത്യേക സംരക്ഷണത്തെ അർഹിക്കുന്നു . ആസ്ട്ര സെനെക യും ഭാരത് ബയോടെക്കും കുട്ടികൾക്ക് കൊടുക്കാവുന്ന കോവിഡ് വാക്‌സിനേഷന്റെ ക്ലിനിക്കൽ   ട്രയൽ നടത്തുകയാണ്.   ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും കോവിഡ് പ്രോട്ടോകോൾ പാലിക്കുക കഴിയുന്നത്ര വേഗം എല്ലാവരും പൂർണ്ണമായി വാക്‌സിനേഷൻ എടുക്കുക എന്നീ കാര്യങ്ങളാണ് ഇപ്പോൾ നമുക്കോരോരുത്തർക്കും  ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ  സുരക്ഷാ നടപടികൾ.

(കളമശ്ശേരി എസ്‌സിഎംഎസ് ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com