വിസ്‌കി ഗാര്‍ഗിള്‍ ചെയ്യുക, മൂന്നു തുള്ളി മൂക്കില്‍ ഒഴിക്കുക; മഹാമാരിക്കാലത്തെ ഞെട്ടിക്കുന്ന 'ചികിത്സ'കള്‍

വിസ്‌കി ഗാര്‍ഗിള്‍ ചെയ്യുക, മൂന്നു തുള്ളി മൂക്കില്‍ ഒഴിക്കുക; മഹാമാരിക്കാലത്തെ 'ഞെട്ടിക്കുന്ന' ചികിത്സകള്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍

കോവിഡ് മഹാമാരിയുടെ പിടിയില്‍നിന്നു രക്ഷപ്പെടുന്നതിനുള്ള തീവ്രശ്രമത്തിലാണ്, ലോകം. രോഗം പിടിപെട്ടാല്‍ ചികിത്സിച്ചു ഭേദമാക്കുന്നതിനുള്ള മരുന്നിനും രോഗം വരാതെ നോക്കുന്നതിനുള്ള പ്രതിരോധ മരുന്നിനുമെല്ലാമായി കൊണ്ടുപിടിച്ച ഗവേഷണങ്ങള്‍ നടക്കുന്നു. ഇതിനകം ഫലപ്രാപ്തി കണ്ട പ്രതിരോധ മരുന്നുകള്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയുടെ അടിസ്ഥാനത്തില്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്നു. ഇങ്ങനെ ഒരു ആരോഗ്യ അടിയന്തരാവസ്ഥയെ അമ്പരപ്പിക്കുന്ന വേഗത്തോടെ നേരിടുമ്പോള്‍, ഇതിനു മുമ്പ് ഒരു മഹാമാരി പടര്‍ന്നുപിടിച്ച കാലത്തെ ചില അനുഭവങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്, ഗവേഷകര്‍. ശരീരത്തെയും രോഗാണുക്കളെയും കുറിച്ചൊന്നും ഇത്രയ്ക്ക് അറിവില്ലാതിരുന്ന കാലത്ത്, മനുഷ്യര്‍ സ്പാനിഷ് ഫ്ളൂവിനെ നേരിട്ട രീതി അറിഞ്ഞാല്‍ ഇന്നു ചിരിവരുമെന്ന് പറഞ്ഞുവയ്ക്കുന്നു, അവര്‍.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്പാനിഷ് ഫ്ളൂ പടര്‍ന്നുപിടിച്ചപ്പോള്‍ അതിനു കാരണമെന്തെന്ന് തികച്ചും അ്ജ്ഞമായിരുന്നു, ശാസ്ത്രലോകം. വൈറസിനെക്കുറിച്ചു ഗവേഷകര്‍ക്കുള്ള അറിവ് തുലോം തുച്ഛമായിരുന്നു, എന്നാല്‍ ബാക്ടീരിയയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നു. ഫഌ പിടിച്ചു മരിച്ച പലരുടെയും ശ്വാസകോശത്തില്‍ ബാക്ടീരിയല്‍ അണുബാധ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബാക്ടീരിയയാണ് പനിക്കു കാരണമെന്നായിരുന്നു നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ചികിത്സയും ബ്ക്ടീരിയയെ നശിപ്പിക്കുന്നതിനായി. ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള യഥാര്‍ഥ കാരണം സ്പാനിഷ് ഫ്ളൂ അല്ലെന്നു കണ്ടെത്തിയത്, പിന്നെയും കുറെക്കഴിഞ്ഞാണ്.

രോഗം പടര്‍ന്നുപിടിക്കുകയും ഡോക്ടര്‍മാര്‍ക്കു കൃത്യമായ ചികിത്സയൊന്നും നിര്‍ദേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 'കുറുക്കുവഴി ചികിത്സ'കളുടെ കുത്തൊഴുക്കു തന്നെയുണ്ടായി അന്ന്. ചികിത്സാ നിയന്ത്രണങ്ങള്‍ ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്നതിനാല്‍ ഇതെല്ലാം പത്രങ്ങളില്‍ പരസ്യങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. 

ന്യൂസിലാന്‍ഡിലെ നഴ്‌സ് ആയ നാന്‍ ടെയ്‌ലര്‍ അന്നു തന്റെ രോഗികളെ ചികിത്സിച്ചത് വിസകി നല്‍കിയായിരുന്നു. വിസ്‌കി ഗാര്‍ഗിള്‍ ചെയ്യുക, ഏതാനും തുള്ളികള്‍ മൂക്കില്‍ ഒഴിക്കുക. ഇതായിരുന്നു ടെയ്‌ലറുടെ ചികിത്സാ രീതി. ആവണക്കെണ്ണയും ടെയ്‌ലര്‍ ഫ്ളൂ ചികിത്സയ്ക്കായി ഉപയോഗിച്ചു.

വിസ്‌കി മാത്രമല്ല, ബ്രാന്‍ഡിയും ഫ്ളൂ ചികിത്സയ്ക്ക് ഉപയോഗിച്ചതിനു രേഖകളുണ്ട്. 1918ല്‍ സൗത്ത് ആഫ്രിക്കയില്‍ നഴ്‌സ് ആയിരിക്കെ സ്പാനിഷ് ഫ്ളൂ പിടിപെട്ട നഴ്‌സ് കേറ്റ് ഗ്വാസിനി പറയുന്നത് ബ്രാന്‍ഡിയാണ് തന്റെ ജീവന്‍ പിടിച്ചുനിര്‍ത്തിയത് എന്നാണ്. ആറു മാസം ബ്രാന്‍ഡിയും പാലും കഴിച്ച് 'ചികിത്സ' നടത്തിയതായി ഗ്വാസിനി പറയുന്നു. ചൂടുള്ള നരങ്ങാവെള്ളവും സ്പാനിഷ് ഫ്‌ളൂവിനു നല്ലതാണെന്നാണ് ഇവരുടെ പക്ഷം. 

സിഡ്‌നിയിലെ ചീഫ് ക്വാറന്റൈന്‍ ഓഫിസര്‍ ആയിരുന്ന ഡോ. റീഡ് രോഗികളെ ചികിത്സിച്ചിരുന്നത് 15 തരി കാത്സ്യം ലാക്‌റ്റൈറ്റ് കൊണ്ടാണ്. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ഇതു രോഗികള്‍ക്കു നല്‍കും. 

സ്പാനിഷ് ഫ്‌ളൂവിനു മാത്രമല്ല, ഫ്‌ളൂ അനന്തര അവസ്ഥയെ നേരിടുന്നതിനും പ്രതിവിധി പലതുണ്ടായിരുന്നു. ബീഫില്‍നിന്നുള്ള ഉത്പന്നമായ ബോനോക്‌സ് ആയിരുന്നു ഇതില്‍ മുന്നില്‍. സ്പാനിഷ് ഫ്‌ളൂ പിടിച്ചവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാം എന്ന പരസ്യത്തോടെയാണ് ബോനോക്‌സ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ ആധിപത്യം നേടിയത്. 

ഒന്നാംലോക യുദ്ധ്ത്തിനു പിന്നാലെയാണ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചത് എന്നതിനാല്‍ പലയിടത്തും ഡോക്ടര്‍മാരൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വാര്‍ത്തകളില്‍ വരുന്ന ചികിത്സാ വിവരങ്ങള്‍ വച്ച് രോഗികള്‍ സ്വയം ചികിത്സ നടത്തുകയായിരുന്നു. ഇതു പലരെയും കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്തു. 

നൂറു കൊല്ലം മുമ്പ് ചികിത്സാ രംഗം വികസിച്ചിട്ടില്ലാത്ത കാലത്തെ കഥകളാണ് ഇവ. ഇന്ന് മെഡിക്കല്‍ ഗവേഷണം ഏറെ മുന്നോട്ടുപോയ കാലത്ത്, ഈ മഹാമാരിക്കിടിയിലും സമാനമായ ചികിത്സകളും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രചരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 
(ദി കണ്‍വര്‍സേഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ ആസ്പദമാക്കി തയാറാക്കിയത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com