'അമ്മച്ചിക്കിപ്പോൾ ടിവിയും കാണേണ്ട പത്രവും വായിക്കേണ്ട'; പ്രായമായവരിലെ വിഷാദരോ​ഗം തിരിച്ചറിയാം, ലക്ഷണങ്ങൾ

പ്രായമായവരിലെ വിഷാദ രോ​ഗം തിരിച്ചാറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിട്ടയർമെന്റ് ജീവിതം വളരെ സുഖമാണെന്നാണ് പൊതുവായ ഒരു ധാരണ. എന്നാൽ അത്രയും നാൾ ഊർജ്ജസ്വലരായി ജോലി ചെയ്ത് പെട്ടന്ന് ഒരു ദിവസം വീട്ടിലെ നാല് ചുവരുകളിലേക്ക് ഒതുങ്ങുപ്പൊവുക എന്നത് ചിലരെ വിഷാദ രോഗാവസ്ഥയിലേക്ക് തള്ളിവിടാം. തമിഴ്‌നാട്ടിൽ ഒരു ഡിഐജി വിഷാദരോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. നാൽപതാം വയസു മുതൽ അദ്ദേഹം വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നു എന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നു.

ശാരീരിക അസ്വാസ്ഥ്യങ്ങൾ, ചലനസ്വാതന്ത്ര്യം കുറയുന്ന അവസ്ഥ, വേദനകൾ, പലവിധ രോഗങ്ങൾ ഇവയെല്ലാം പ്രായമായവരെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം. എന്നാൽ കൃത്യമായി ചികിത്സിച്ചാൽ ഭേദമാക്കാവുന്ന അവസ്ഥയാണിത്. 

വിഷാദത്തെ എങ്ങനെ തിരിച്ചറിയാം?

  • വിശപ്പില്ലായ്മ- മുൻപ് ആസ്വദിച്ചു കഴിച്ച ഭക്ഷണങ്ങൾ പോലും കഴിക്കാൻ തോന്നാതിരിക്കുക.
  • ക്ഷീണം- എപ്പോഴും കിടക്കാൻ തോന്നുക. ഉറക്കമില്ലായ്മ
  • വിഷാദഭാവം- രാവിലെ മുതൽ രാത്രി വരെ തുടർച്ചയായ വിഷാദഭാവം
  • ഏതുനേരവും ചിന്തയിൽ മുഴുകിയിരിക്കുക
  • ടിവി കാണൽ, പത്ര വായന എന്നിവയിലൊന്നും മുൻപ് ഉള്ളത്ര താൽപര്യം ഉണ്ടാവാതിരിക്കുക
  • ആത്മഹത്യ പ്രവണത, ചികിത്സയിൽ ശുഭാപ്തി വിശ്വാസമില്ലാതിരിക്കുക
  • ഭയം- രോഗത്തെ കുറിച്ചോ മരണത്തെ കുറിച്ചോ ഓർത്ത് എപ്പോഴും ഭയപ്പെടുക.
  • സുഹൃത്തുക്കളിൽ നിന്ന് അകന്ന് ഒറ്റപ്പെട്ടിരിക്കാൻ താൽപര്യം കാണിക്കുക.
  • വീട്ടിൽവരുന്ന അതിഥികൾക്ക് മുഖംകൊടുക്കാതിരിക്കുക.

വിഷാദം എങ്ങനെ ഉണ്ടാകുന്നു?

  • പാരമ്പര്യമായുള്ള വിഷാദരോഗസാധ്യതയുള്ളവർക്ക് ചെറിയ സമ്മർദ സാഹചര്യങ്ങൾ പോലും വിഷാദമുണ്ടാക്കാം
  • ലഹരി വസ്തുക്കളുടെ ഉപയോഗം
  • പ്രായമായവർ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന അവസ്ഥ
  • ജീവിതപങ്കാളിയുടെ മരണം
  • മാനസികാരോഗ്യ പ്രശ്‌നങ്ങൾ
  • തീവ്രമായ ആരോഗ്യപ്രശ്‌നങ്ങൾ

വിഷാദ രോഗമുള്ളവരെ കേൾക്കുകയാണ് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. മാനസികാരോഗ്യ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.

പ്രശ്‌നങ്ങൾ ചോദിച്ച് മനസിലാക്കാം?

വേണ്ടപ്പെട്ടവർ ആരെങ്കിലും ഇത്തരത്തിൽ അസ്വസ്ഥരായി കാണപ്പെട്ടാൽ കാര്യം എന്താണെന്ന് ചോദിച്ച് മനസിലാക്കണം. ആ സമയം ഉപദേശമോ കുറ്റപ്പെടുത്തലോ പാടില്ല. അത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കും. കേൾക്കുമ്പോൾ മുൻവിധി പാടില്ല. 

തെറ്റുധാരണങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തിരുത്തുക. ഒപ്പമുണ്ടെന്ന ധൈര്യം നൽകി അയാളെ ആശ്വസിപ്പിക്കുക. ഇതൊന്നും ഫലം കണ്ടില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടാൻ സഹായിക്കുക. തീവ്ര വിഷാദരോഗമുള്ളവർക്ക് മരുന്നുകൾ വേണ്ടിവരും. ആറുമാസം മുതൽ ഒൻപതു മാസം വരെയാണ് സാധാരണ ചികിത്സ കാലയളവ്.

വിഷാദത്തെ എങ്ങനെ തടയാം?

  • ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ കൃത്യമായ ഉറക്കം ഉറപ്പാക്കുക
  • ദിവസവും ഒരു മണിക്കൂര്‍ വീതം വ്യായാമം ശീലമാക്കുക
  • നല്ല സൗഹൃദങ്ങൾ നിലനിർത്തുക.
  • സർഗാത്മകമായ കഴിവുകൾക്കുവേണ്ടി സമയം ചെലവഴിക്കുക.
  • കുടുംബാംഗങ്ങളോടൊപ്പം ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുക.
  • ജോലിസ്ഥലത്തെ സമ്മർദങ്ങളും വ്യക്തിപരമായ വിഷമങ്ങളും കുടുംബാംഗങ്ങളോടും അടുപ്പമുള്ളവരോടും പങ്കുവയ്ക്കുക.
  • ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കുക.
  • വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ വച്ചുതാമസിപ്പിക്കാതെ വിദഗ്ധചികിത്സ തേടുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com