ആഗോളതലത്തിൽ ആരോഗ്യപ്രവർത്തകരുടെ കുറവ് രൂക്ഷമായതോടെ മികച്ച അവസരമാണ് ഇന്ത്യൻ നഴ്സുമാർക്ക് വന്നിരിക്കുന്നത്. നാട്ടിൽ 20,000 മുതൽ 40,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന പലർക്കും വിദേശ രാജ്യങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത് 2.6 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ്. മികച്ച ശമ്പളത്തിന് പുറമെ തൊഴിൽ സൗഹൃദ അന്തരീക്ഷവും മറ്റ് അനുകൂല്യങ്ങളുമാണ് നഴ്സുമാരെ വിദേശത്തേക്ക് ആകർഷിക്കുന്നത്.
ജർമനി, അയർലൻഡ്, മാൾട്ട, യുഎഇ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ നഴ്സുമാരെ നിയമിക്കുന്നതിൽ വൻ വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. വർക്ക്ഫോഴ്‌സ് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോർഡർപ്ലസ് നൽകിയ വിവരങ്ങൾ പ്രകാരം, ജർമനിയിൽ ജോലി ചെയ്യുന്ന ഒരു നഴ്സിന് ആരംഭത്തിൽ പ്രതിമാസം ഏകദേശം €2,700 (ഏകദേശം 2.6 ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കും. ലൈസൻസ് ലഭിച്ചതിന് ശേഷം ഇത് €3,300 (ഏകദേശം 3.2 ലക്ഷം രൂപ) വരെ ഉയരാം.
1.7 മുതൽ 2.5 ലക്ഷം രൂപവരെയാണ് അയർലൻഡ് നൽകുന്നത്. മാൾട്ടയും ബെൽജിയവും ഇതേ പാക്കേജാണ് നൽകുന്നത്. യുഎഇയിൽ 75,000 രൂപ മുതൽ 2.4 ലക്ഷം രൂപവരെ നൽകുന്നുണ്ട്. ഇത് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ സാധാരണയായി ലഭിക്കുന്ന ശമ്പളത്തേക്കാൾ പതിന്മടങ്ങാണ് ഇത്.
ബോർഡർ പ്ലസ് പോലുള്ള ഏജൻസികളുടെ സഹായത്തോടെയാണ് പല നഴ്സുമാരും വിദേശത്ത് ജോലി കണ്ടെത്തുന്നത്. ക്രിറ്റിക്കൽ കെയർ, വയോജന സംരക്ഷണം, ഗർഭകാല സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ നഴ്സുമാർക്ക് ഏറ്റവും കൂടുതൽ ആവശ്യകത. ആരോഗ്യപ്രവർത്തകരുടെ കുറവ് നികത്താനായി ചില രാജ്യങ്ങൾ ഭാഷാപ്രാവീണ്യവും ലൈസൻസിങ് പരീക്ഷകളും ഉൾപ്പെടെയുള്ള പ്രവേശന നിബന്ധനകളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന ഇന്ത്യൻ നഴ്‌സുമാരെ പിന്തുണയ്ക്കുന്നത്തിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനിടെ 10 കോടി രൂപയുടെ സ്കോളർഷിപ്പ് സഹായം നൽകുമെന്ന് അടുത്തിടെ ബോർഡർപ്ലസ് പ്രഖ്യാപിച്ചിരുന്നു.
നഴ്സുമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ പരീക്ഷാ ഫീസ്, രേഖകൾ തയ്യാറാക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ആവശ്യമായ മാർഗനിർദേശങ്ങളുടെ അഭാവം എന്നിവ പോലുള്ള വെല്ലുവിളികൾ മറികടക്കാൻ യോഗ്യരായ നഴ്‌സുമാരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം വെയ്ക്കുന്നത്.
കൊച്ചിയിൽ ബോർഡർപ്ലസിന്റെ ആദ്യ റീജിയണൽ ട്രെയിനിങ് ആൻഡ് സപ്പോർട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ 120-ലധികം ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രം സേവനം നൽകുന്നുണ്ട്. ഇത് 500-ത്തിലധികം പേരിലേക്ക് വിപുലീകരിക്കാനാണ് പദ്ധതി. നേരിട്ടുള്ള പരീക്ഷാ തയ്യാറെടുപ്പ്, കൗൺസലിംഗ്, ഡോക്യുമെന്റേഷൻ സഹായം എന്നിവയാണ് പ്രധാന സേവനങ്ങൾ.
ബോർഡർ പ്ലസ് പോലെയുള്ള സ്വകാര്യ ഏജൻസികൾ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഒഡെപെക്, നോർക്ക പോലെയുള്ള സർക്കാർ ഏജൻസികളും നഴ്സുമാരെ വിദേശത്തേക്ക് അയക്കുന്നുണ്ട്.
അടുത്തിടെ കേരളത്തിലെ നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’ വഴി ജർമനിയിലേക്കുള്ള 250 നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത് ശ്രദ്ധേയമാണ്. 2.61 ലക്ഷം രൂപ മുതൽ 2.80 ലക്ഷം രൂപ വരെ ശമ്പളമാണ് വാഗ്ദാനം ചെയ്തിരികുന്നത്. മാത്രവുമല്ല 1000 നഴ്സുമാരെ ഇത് വരെ കേരളത്തിൽ നിന്ന് നോർക്ക വഴി ജർമനിയിൽ എത്തിച്ചെന്നാണ് കണക്ക്.
കേരള സർക്കാരിന്റെ മറ്റൊരു ഏജൻസിയയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സി വഴി (ODEPC) നിരവധി രാജ്യങ്ങളിലേക്കും നഴ്സുമാരുടെ റിക്രൂട്മെന്റ് നടത്തുന്നുണ്ട്.
ഗ്രീസിലേക്ക് 1,10,000 രൂപ ശമ്പളത്തിൽ 30 പേരെയും ഓസ്ട്രിയയിലേക്ക് 4,27,000 രൂപ ശമ്പളത്തിൽ 30 പേരെയും സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയത്തിലേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിൽ 50 പേരെയും നിയമിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഭാഷ പ്രശ്‌നമാണ് പല നഴ്സുമാരും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനും സർക്കാർ ഏജൻസികൾ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അഭിമുഖം അടക്കമുള്ളവ പാസായി കഴിഞ്ഞാൽ പോകുന്ന രാജ്യത്തെ ഭാഷ സൗജന്യമായി സർക്കാർ പഠിപ്പിക്കുന്നുണ്ട്.
ആഗോളതലത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ വലിയ ശ്രമമാണ് രാജ്യങ്ങൾ നടത്തുന്നത്. ഈ വർഷം മാത്രം 1.50 ലക്ഷം നഴ്സുമാരെ ആവശ്യമാണെന്നാണ് ജർമനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
5 ലക്ഷം നഴ്സുമാരെ 2030ഓടെ റിക്രൂട്ട് ചെയ്യാൻ ജർമനി ഇപ്പോൾ തന്നെ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. മലയാളി നഴ്സുമാർക്ക് ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷിട്ടക്കപ്പെടുമെന്നാണ് ഈ കണക്കുകൾ വ്യക്തമാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates