വിറ്റാമിനും ധാതുക്കളും നാരുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങൾ ദിവസവും കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ വളരെ പ്രധാനമാണ്. എന്നാൽ പഴങ്ങൾ എപ്പോഴാണ് കഴിക്കേണ്ടതെന്നതിനെ കുറിച്ച് പലർക്കും സംശയമാണ്.
രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പമോ അതിനിടയിലോ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും ലഭിക്കാൻ ഇത് സഹായിക്കും. ആപ്പിൾ, പപ്പായ, ഓറഞ്ച്, പേരയ്ക്ക, വാഴപ്പഴം തുടങ്ങിയവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ഭക്ഷണത്തിന് മുൻപോ ശേഷമോ പഴങ്ങൾ കഴിക്കാം. ഭക്ഷണത്തിന് മുൻപ് പഴങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും. പഴങ്ങളിലെ നാരുകൾ വയറുനിറഞ്ഞ തോന്നൽ നൽകുന്നതിനും സഹായിക്കും.
പഴങ്ങൾ കഴിക്കാൻ ഭക്ഷണത്തിന് മുൻപോ ശേഷമോ നിർബന്ധമായും പാലിക്കേണ്ട സമയപരിധിയില്ല. വ്യക്തിയുടെ ദഹനശേഷിയും ഭക്ഷണരീതിയും അനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനും ഇടയിലുള്ള സമയത്ത് പഴങ്ങൾ ലഘുഭക്ഷണമായി കഴിക്കുന്നത് നല്ലൊരു ശീലമാണ്. വിശക്കുമ്പോൾ ബേക്കറി പലഹാരങ്ങൾ, ചിപ്സ്, മധുരപലഹാരങ്ങൾ എന്നിവയ്ക്ക് പകരം ഒരു ആപ്പിളോ പേരയ്ക്കയോ ഓറഞ്ചോ കഴിക്കാവുന്നതാണ്.
സൂര്യാസ്തമയത്തിന് ശേഷം പഴങ്ങൾ കഴിക്കരുതെന്ന വാദത്തിനും ശാസ്ത്രീയമായ അടിസ്ഥാനമില്ല. എന്നാൽ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുൻപ് വലിയ അളവിൽ പഴങ്ങൾ കഴിക്കുന്നത് ചിലരിൽ അസ്വസ്ഥതയുണ്ടാക്കാം.
രാത്രിയിൽ പഴങ്ങൾ കഴിച്ചാൽ ശരീരഭാരം കൂടുമെന്നത് പൊതുവായ തെറ്റിദ്ധാരണയാണ്. പഴങ്ങൾ കഴിക്കുന്ന സമയം മാത്രമല്ല ശരീരഭാരം നിർണയിക്കുന്നത്. ദിവസം മുഴുവൻ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കലോറിയും ജീവിതശൈലിയുമെല്ലാം ഇതിൽ പ്രധാനമാണ്.
എന്നാൽ അസിഡിറ്റി, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രമേഹമുള്ളവർ പഴങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ല. എന്നാൽ പഴങ്ങളുടെ അളവും ഇനവും ശ്രദ്ധിക്കണം. പഴങ്ങൾ ജ്യൂസാക്കി കുടിക്കുന്നതിനേക്കാൾ മുഴുവനായി കഴിക്കുന്നതാണ് നല്ലത്. ജ്യൂസാക്കുമ്പോൾ നാരുകളുടെ അളവ് കുറയുകയും പഞ്ചസാര വേഗത്തിൽ ശരീരത്തിലെത്തുകയും ചെയ്യാം.
പ്രമേഹമുള്ളവർ പഴങ്ങൾ തനിച്ച് കഴിക്കുന്നതിനു പകരം തൈര്, നട്സ് തുടങ്ങിയ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധന നിയന്ത്രിക്കാൻ സഹായിച്ചേക്കാം. വ്യക്തിയുടെ ആരോഗ്യസ്ഥിതിയും മരുന്നുകളും അനുസരിച്ച് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടണം.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) പുറത്തിറക്കിയ ഭക്ഷണ മാർഗനിർദേശങ്ങൾ പ്രകാരം ദിവസവും ഏകദേശം 100 ഗ്രാം പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സീസണൽ പഴങ്ങൾക്കും നാടൻ പഴങ്ങൾക്കും മുൻഗണന നൽകുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates