Heart friendly diet Pinterest
Health

ഹൃദയത്തിന് പ്രിയപ്പെട്ട 'ആ കോംബോ' കണ്ടെത്തി ​ഗവേഷകർ, ദിവസവും കഴിച്ചാൽ ഇരട്ടി ​ഗുണം

പ്രീഡയബറ്റിസ് ഉള്ളവരിലാണ് അവക്കാഡോയും മാമ്പഴവും ഉൾപ്പെടുത്തിയ ഭക്ഷണക്രമത്തിന്റെ ​ഗുണങ്ങൾ കണ്ടെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദിവസവും അവക്കാഡോയും മാമ്പഴവും കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിനും രക്തക്കുഴലുകൾക്കും ​ഗുണം ചെയ്യുമെന്ന് അമേരിക്കയിൽ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ​ഗവേഷകർ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. ഹൃദയാരോ​ഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പോലും വലിയ ​ഗുണങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ വിലയിരുത്തൽ.

പ്രീഡയബറ്റിസ് ഉള്ളവരിലാണ് അവക്കാഡോയും മാമ്പഴവും ഉൾപ്പെടുത്തിയ ഭക്ഷണക്രമത്തിന്റെ ​ഗുണങ്ങൾ കണ്ടെത്തുന്നത്. ദിവസവും ഒരു ഇടത്തരം അവക്കാഡോയും ഒരു കപ്പ് മാമ്പഴവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുന്നതായി കണ്ടെത്തി. 82 പേരെ ഉൾപ്പെടുത്തി എട്ട് ആഴ്ച നീണ്ട പഠനത്തിൽ ഒരു വിഭാ​ഗത്തിന് ദിവസവും അവക്കാഡോയും മാമ്പഴവും നൽകി. മറ്റൊരു വിഭാഗത്തിന് സമാനമായ കലോറി ലഭിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും നൽകി.

രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഗുണം

രക്തക്കുഴലുകൾക്ക് ആവശ്യാനുസരണം വികസിക്കാനും ചുരുങ്ങാനും കഴിയുന്നത് ആരോഗ്യകരമായ രക്തയോട്ടത്തിന് പ്രധാനമാണ്. രക്തക്കുഴലുകളുടെ ഈ പ്രവർത്തനക്ഷമത പരിശോധിക്കാൻ ഫ്ലോ മീഡിയേറ്റഡ് ഡൈലേഷൻ (Flow-Mediated Dilation - FMD) എന്ന പരിശോധനയാണ് ഗവേഷകർ നടത്തിയത്.

അവക്കാഡോയും മാമ്പഴവും കഴിച്ചവരിൽ രക്തക്കുഴലുകളുടെ പ്രവർത്തനക്ഷമതയിൽ ഗണ്യമായ പുരോഗതി കണ്ടെത്തി. ഇവരുടെ ഫ്ലോ മീഡിയേറ്റഡ് ഡൈലേഷൻ അളവ് ഏകദേശം ഒരു ശതമാനം വർധിച്ചപ്പോൾ നിയന്ത്രിത ഭക്ഷണക്രമം പിന്തുടർന്നവരിൽ ഇത് കുറഞ്ഞു. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്.

രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും

രക്തസമ്മർദത്തിന്റെ താഴ്ന്ന അളവായ ഡയസ്റ്റോളിക് പ്രഷറിലും മാറ്റങ്ങൾ കണ്ടെത്തി. പ്രത്യേകിച്ച് പുരുഷന്മാരിലാണ് ഈ വ്യത്യാസം കൂടുതൽ പ്രകടമായത്. നിയന്ത്രിത ഭക്ഷണക്രമം പിന്തുടർന്ന പുരുഷന്മാരിൽ കേന്ദ്ര ഡയസ്റ്റോളിക് രക്തസമ്മർദം ശരാശരി അഞ്ച് എംഎംഎച്ച്ജി വർധിച്ചപ്പോൾ അവക്കാഡോയും മാമ്പഴവും കഴിച്ചവരിൽ ഏകദേശം 1.9 എംഎംഎച്ച്ജി കുറവുണ്ടായി.

അതേസമയം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ശരീരഭാരം, വീക്കം സൂചിപ്പിക്കുന്ന ചില ഘടകങ്ങൾ എന്നിവയിൽ കാര്യമായ വ്യത്യാസം കണ്ടെത്താനായില്ല. കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള ചില ഘടകങ്ങളിലും വ്യക്തമായ മാറ്റമുണ്ടായതായി പഠനം സ്ഥിരീകരിച്ചിട്ടില്ല.

അവക്കാഡോയിലും മാമ്പഴത്തിലും വ്യത്യസ്തമായ പോഷകഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്.

അവക്കാഡോയിൽ-

  • ഹൃദയാരോഗ്യത്തിന് ഗുണകരമായ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

  • നാരുകൾ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

  • രക്തസമ്മർദ നിയന്ത്രണത്തിന് ആവശ്യമായ പൊട്ടാസ്യം ലഭിക്കുന്നു.

  • ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിന് ഊർജം നൽകുന്നു.

മാമ്പഴത്തിൽ

  • വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

  • നാരുകൾ ദഹനത്തിനും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും സഹായിക്കുന്നു.

  • ആന്റിഓക്സിഡന്റുകൾ കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

  • ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്താനും സഹായിക്കുന്നു.

ഈ രണ്ട് പഴങ്ങളും ഒരുമിച്ച് കഴിക്കുമ്പോൾ നാരുകൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിലൂടെ ലഭിക്കുന്ന അളവ് വർധിപ്പിക്കാനാകും. അവക്കാഡോയും മാമ്പഴവും പല രീതിയിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. മാമ്പഴം പഴമായിത്തന്നെ കഴിക്കാം. അവക്കാഡോ സാലഡുകളിലും സാൻഡ്‌വിച്ചുകളിലും ചേർക്കാം. ഇവ രണ്ടും ചേർത്ത് സ്മൂത്തിയോ ഫ്രൂട്ട് സാലഡോ തയ്യാറാക്കാം. എന്നാൽ അധികമായി പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Scientists discover surprising heart benefits of eating avocado, mango every day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന് മുമ്പ് ഒരു മകൻ; ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്' വേദനാജനകമായ ഓര്‍മകള്‍ പങ്കുവച്ച് സോണിയ

ഇത്രമാത്രം ഞെട്ടലുണ്ടാക്കാന്‍ എന്തുണ്ടായി? അച്ഛന്‍ പ്രധാനമന്ത്രി പദം ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ്? സോണിയക്കെതിരെ പ്രണബിന്റെ മകള്‍

യുഎഇയില്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം; 24 തരം നിയമ ലംഘനങ്ങളില്‍ നടപടി, 7,50,000 ദിര്‍ഹം വരെ പിഴ

"ടിന്‍ഡര്‍ കൊലക്കേസ്" പ്രതിക്ക് തായ്‌ലന്‍ഡില്‍ സുഖവാസം; ജയിലിലും ഹാജര്‍, അന്വേഷണം

'അയൽവീട്ടിലെ കാര്യത്തിൽ തലയിട്ട് കുടുക്കിലായി'; ലീഗ് നേതാക്കൾക്കെതിരായ കേസിൽ കെടി ജലീൽ