Diabetes and Cancer Pinterest
Health

പ്രമേഹരോ​ഗികളിൽ 21 തരം കാൻസറുകൾക്ക് സാധ്യത കൂടുതൽ, പുതിയ പഠനത്തിലെ നിർണായക കണ്ടെത്തലുകൾ

2040–2044 കാലയളവിൽ ഇത് 48,773 ആയി ഉയരുമെന്നാണ് ഗവേഷകരുടെ പ്രവചനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പ്രമേഹവും കാൻസറും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഠന റിപ്പോർട്ട്. പ്രമേഹരോ​ഗികളിൽ 24 സാധാരണ കാൻസറുകളിൽ 21 എണ്ണത്തിൻ്റെയും സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. കരൾ, പാൻക്രിയാസ്, വൃക്ക, ഗർഭാശയം എന്നിവയെ ബാധിക്കുന്ന കാൻസറുകളിലാണ് ഈ ബന്ധം കൂടുതൽ പ്രകടമായത്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനങ്ങൾ മാത്രമല്ല, ഇൻസുലിൻ പ്രതിരോധം, അമിതവണ്ണം, ശരീരത്തിലെ വിട്ടുമാറാത്ത വീക്കം തുടങ്ങിയവയും കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

2025 ഫെബ്രുവരിയിൽ 'കാൻസർ എപ്പിഡെമിയോളജി' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ന്യൂസിലൻഡിലെ ദേശീയ പ്രമേഹ, കാൻസർ രജിസ്റ്ററുകളിലെ വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. 2006 മുതൽ 2019 വരെയുള്ള കാലയളവിൽ ഏകദേശം 50 ലക്ഷം ആളുകളുടെ വിവരങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തി.

24 സാധാരണ കാൻസറുകളെ കേന്ദ്രീകരിച്ചുള്ള വിശകലനത്തിൽ 21 എണ്ണത്തിൻ്റെയും സാധ്യത പ്രമേഹമുള്ളവരിൽ കൂടുതലാണെന്ന് കണ്ടെത്തി. കരൾ, പാൻക്രിയാസ്, വൃക്ക, ഗർഭാശയം എന്നിവയെ ബാധിക്കുന്ന കാൻസറുകളിലാണ് വ്യത്യാസം കൂടുതൽ പ്രകടമായത്.

പ്രമേഹവും കാൻസറും ഒരുമിച്ച് കണ്ടെത്തിയവരുടെ എണ്ണം 2015–2019 കാലയളവിൽ 20,243 ആയിരുന്നു. 2040–2044 കാലയളവിൽ ഇത് 48,773 ആയി ഉയരുമെന്നാണ് ഗവേഷകരുടെ പ്രവചനം.

പ്രമേഹമുള്ളവരിൽ പ്രായം ക്രമീകരിച്ച കാൻസർ നിരക്ക് വർധിക്കുന്ന വേഗം പ്രമേഹമില്ലാത്തവരുടേതിൻ്റെ 2.4 മടങ്ങായിരിക്കുമെന്നും പഠനം വിലയിരുത്തുന്നു. 2026ൽ പ്രസിദ്ധീകരിച്ച ഡയബറ്റീസ് തെറാപ്പി എന്ന ജേണലിൽ പഠനത്തിൻ്റെ അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമേഹം കാൻസർ സാധ്യത വർധിപ്പിക്കുന്നത് എങ്ങനെ?

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഇൻസുലിൻ പ്രതിരോധം സാധാരണമാണ്. ശരീരകോശങ്ങൾ ഇൻസുലിനോട് വേണ്ടത്ര പ്രതികരിക്കാതെ വരുമ്പോൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ശരീരം കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിച്ചേക്കാം. ഇൻസുലിൻ്റെ ഉയർന്ന അളവ് IGF-1 ഉൾപ്പെടെയുള്ള കോശവളർച്ചയെ സ്വാധീനിക്കുന്ന സംവിധാനങ്ങളെ സജീവമാക്കാം. ഇത് ചില സാഹചര്യങ്ങളിൽ അസാധാരണ കോശവളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കും.

രക്തത്തിലെ പഞ്ചസാര ദീർഘകാലം ഉയർന്നുനിൽക്കുന്നതും പ്രശ്നമാണ്. ഇത് ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസ് വർധിപ്പിക്കുകയും കോശങ്ങളിലെ ഡിഎൻഎയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുകയും ചെയ്യാം. പ്രമേഹത്തോടൊപ്പം അമിതവണ്ണവും ഉണ്ടെങ്കിൽ ശരീരത്തിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കോശങ്ങളുടെ സാധാരണ പ്രവർത്തനത്തെയും കാൻസർ വളർച്ചയുമായി ബന്ധപ്പെട്ട ജൈവപ്രവർത്തനങ്ങളെയും സ്വാധീനിച്ചേക്കാം.

പ്രമേഹം കാൻസർ സാധ്യതയെ സ്വാധീനിക്കുന്നതുപോലെ കാൻസറും അതിന്റെ ചികിത്സകളും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ബാധിക്കാം. പാൻക്രിയാസ് കാൻസർ ഇൻസുലിൻ ഉൽപാദനത്തെ ബാധിക്കാം. കാൻസർ ചികിത്സയ്ക്കിടെ നൽകുന്ന ചില സ്റ്റിറോയിഡ് മരുന്നുകൾ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാനും സാധ്യതയുണ്ട്. ചില ഇമ്മ്യൂണോതെറാപ്പി ചികിത്സകൾ അപൂർവമായി ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ ബാധിച്ച് പ്രമേഹത്തിന് കാരണമാകാം.

പ്രമേഹമുള്ളവർ എന്തുചെയ്യണം?

പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാര കൃത്യമായി നിയന്ത്രിക്കുന്നതിനൊപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും പതിവായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. സമീകൃതാഹാരം, പുകയില ഒഴിവാക്കൽ, മദ്യപാനം ഒഴിവാക്കൽ എന്നിവയും പ്രധാനമാണ്.

പ്രായത്തിനും വ്യക്തിഗത ആരോഗ്യസാഹചര്യങ്ങൾക്കും അനുയോജ്യമായ കാൻസർ പരിശോധനകൾ നടത്തണം. കാരണമില്ലാത്ത ശരീരഭാരം കുറയുക, വിളർച്ച, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം. അതേസമയം, പ്രമേഹമുള്ള എല്ലാവർക്കും കാൻസർ വരുമെന്ന് പഠനം പറയുന്നില്ല.

Diabetes Linked to Higher Risk of 21 Types of Cancer, Study Finds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

'വീഴ്‌വേൻ എൻ‌ട്ര് നിനയ്ത്തായോ'? തമിഴ് ബോക്സ് ഓഫീസിൽ തളപതിയെ വീഴ്ത്തി തലൈവർ; റെക്കോർഡ് ഇനി 'ജയിലർ 2'ന്

'അഹങ്കാരിയാണെന്ന് പറയുന്നുണ്ടല്ലോ?'; മറുപടി നല്‍കി നസ്ലെന്‍; നസ്രിയയ്ക്കും പറയാനുണ്ട്!

കുല്‍ഗാമില്‍ ഭീകരാക്രമണം; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സിആര്‍പിഎഫ്‌

സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍?, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍; വരുന്നു പുതിയ ക്രെറ്റ എസ് യുവി