പൂന്തോട്ട പരിപാലനം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ലില്ലിപ്പൂക്കൾ നട്ടുപിടിപ്പിക്കാനുള്ള നല്ല സമയമാണിത്. മുറ്റത്തും ടെറസിലുമൊക്കെയായി മനോഹരമായ ചെടികൾ നട്ടുവളർച്ചുന്ന ശീലം നമ്മുടെ മാനസിക സന്തോഷവും പ്രൊഡക്ടിവിറ്റിയും ഉയർത്തും. ആകൃതിയിലും ആകർഷകമായ നിറങ്ങളും സുഗന്ധവും കൊണ്ട് ലില്ലിപ്പൂക്കൾ പൂന്തോട്ടത്തിന് വേറിട്ടൊരു ഭംഗി നൽകും. ശരിയായ രീതിയിൽ പരിപാലിച്ചാൽ ചട്ടിയിലും ലില്ലി വളർത്താം.
ലില്ലി ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് നടീൽ സമയം. ഒക്ടോബർ മാസമാണ് പല തണുപ്പുകാല ലില്ലികളുടെയും വിത്തുകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടാൻ അനുയോജ്യമായ സമയം.
വിത്തുകളേക്കാൾ കിഴങ്ങുകൾ ഉപയോഗിച്ചാണ് സാധാരണയായി ലില്ലി ചെടികൾ വളർത്തുന്നത്. ഗുണമേന്മയുള്ള കേടുപാടുകളില്ലാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഉണങ്ങിയതോ പൂപ്പൽ ബാധിച്ചതോ ചീഞ്ഞതോ ആയ കിഴങ്ങുകൾ ഒഴിവാക്കുക. കിഴങ്ങുകൾ വാങ്ങിയ ശേഷം അധികം വൈകാതെ മണ്ണിൽ നടുന്നതാണ് നല്ലത്.
വെള്ളം കെട്ടിനിൽക്കാത്ത, ആവശ്യത്തിന് ആഴമുള്ള ചട്ടികളാണ് ലില്ലി വളർത്താൻ തിരഞ്ഞെടുക്കേണ്ടത്. ചട്ടിയിൽ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള ദ്വാരങ്ങൾ നിർബന്ധമാണ്. നല്ല നീർവാർച്ചയുള്ള മണ്ണാണ് ലില്ലിക്ക് അനുയോജ്യം.
ചുവന്ന മണ്ണ്, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവ ചേർത്ത മിശ്രിതം ഉപയോഗിക്കാം. മണ്ണ് അധികം മുറുകിയതാകരുത്. കിഴങ്ങിൻ്റെ വലുപ്പത്തിനനുസരിച്ച് സാധാരണയായി അതിന്റെ ഉയരത്തിന്റെ രണ്ടോ മൂന്നോ ഇരട്ടി ആഴത്തിൽ നടാം. ഓരോ കിഴങ്ങിനും വളരാൻ ആവശ്യമായ ഇടവും നൽകണം.
നല്ല വളർച്ചയ്ക്കും പൂക്കൾ വിരിയുന്നതിനും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. നേരിട്ടുള്ള കഠിനമായ വെയിലിനേക്കാൾ രാവിലെയുള്ള ഇളംവെയിലും ഉച്ചയ്ക്കുശേഷമുള്ള ഭാഗിക തണലും പല ലില്ലി ഇനങ്ങൾക്കും അനുയോജ്യമാണ്. വായുസഞ്ചാരമുള്ള സ്ഥലത്ത് ചട്ടികൾ വെക്കുന്നതും നല്ലതാണ്.
മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തണം. എന്നാൽ അമിതമായി വെള്ളം ഒഴിക്കുന്നത് കിഴങ്ങ് ചീഞ്ഞുപോകാൻ കാരണമാകും. മണ്ണിന്റെ മുകൾഭാഗം ഉണങ്ങിത്തുടങ്ങുമ്പോൾ മാത്രം വെള്ളം നനയ്ക്കാം. മഴക്കാലത്ത് ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ചെടിയുടെ വളർച്ചയ്ക്കായി ജൈവവളമായ കമ്പോസ്റ്റ് ചെറിയ അളവിൽ ചേർത്തുകൊടുക്കാം. വളർച്ചയുടെ ഘട്ടത്തിൽ സമീകൃത വളം ആവശ്യാനുസരണം നൽകാം. എന്നാൽ അമിതമായി വളം നൽകുന്നത് ഒഴിവാക്കണം.
ചെടി വളർന്ന് പൂക്കൾ വിരിയുന്ന സമയത്ത് തണ്ടുകൾക്ക് ആവശ്യമായ താങ്ങ് നൽകാം. ഉണങ്ങിയ ഇലകളും പൂക്കളും നീക്കം ചെയ്യുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കും. പൂക്കൾ കൊഴിഞ്ഞാലും ഇലകൾ ഉടൻ മുറിച്ചുമാറ്റരുത്. അടുത്ത വളർച്ചയ്ക്കാവശ്യമായ ഊർജം സംഭരിക്കാൻ ഇലകൾ ചെടിയെ സഹായിക്കും.
നട്ടുപിടിപ്പിക്കുന്ന ഇനം, കാലാവസ്ഥ, പരിചരണം എന്നിവയെ ആശ്രയിച്ച് പൂക്കൾ വിരിയാനുള്ള സമയം വ്യത്യാസപ്പെടും. ചില ഇനങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിലും മറ്റു ചിലവയ്ക്ക് കൂടുതൽ സമയമെടുത്തും പൂക്കൾ വിരിയാം. ശരിയായ പരിചരണം നൽകിയാൽ വർഷംതോറും പൂക്കൾ ലഭിക്കുന്ന രീതിയിൽ ലില്ലി വളർത്താൻ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates