ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടൻമാരിലൊരാളാണ് അമിതാഭ് ബച്ചൻ. അദ്ദേഹത്തെ ഒരു നോക്ക് കാണാനും കൂടെ നിന്ന് ഒരു ഫോട്ടോയെടുക്കാനും പരിചയപ്പെടാനും കൂടെ വർക്ക് ചെയ്യാനുമൊക്കെ കൊതിക്കുന്നവരേറെയാണ്. അമിതാഭ് ബച്ചനൊപ്പം പ്രവർത്തിക്കാനായ സ്വപ്നതുല്യമായ നിമിഷത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ.
ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് നമ്മൾ എത്തിപ്പെടുന്നതിനെയാണല്ലോ ഭാഗ്യം എന്ന് വിളിക്കുന്നത്. അമിതാഭ് ബച്ചനെ താനാദ്യം കണ്ടത് ഒരു ഗംഭീര സിനിമാറ്റിക് അനുഭവമായിരുന്നുവെന്നും അഖിൽ പറഞ്ഞു. ചില കാഴ്ചകൾ എക്കാലത്തേക്കുമുള്ള മെന്റൽ സ്ക്രീൻഷോട്ടുകളാണ്. അത്തരത്തിലൊന്നായിരുന്നു തനിക്കതെന്നും തനിക്കപ്പോൾ ഒട്ടും ഭയം തോന്നിയിരുന്നില്ല അഖിൽ പറയുന്നു.
ധൈര്യമെന്ന് പറയ്യുന്നത് ഭയമില്ലാതിരിക്കുന്ന അവസ്ഥയല്ല, മറിച്ച് ഭയത്തേക്കാൾ പ്രധാനമായ മറ്റെന്തോ ഉണ്ടെന്ന തിരിച്ചറിവാണ് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അതെന്താണെന്ന് അദ്ദേഹം ഫോട്ടോക്കായി ചേർത്ത് നിർത്തി തോളിൽ കൈ ഇട്ടപ്പോൾ തനിക്ക് മനസ്സിലായെന്നും ആ സ്പർശം ഒരനുഗ്രഹം പോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി വാരാന്തപ്പതിപ്പ് പങ്കുവച്ച ലേഖനത്തിലാണ് അഖിൽ സത്യൻ മനോഹര നിമിഷം പങ്കുവച്ചത്.
"ആറടിയുള്ളൊരു അത്ഭുതച്ചെപ്പ് - ഞങ്ങളുടെ അന്തിക്കാട് വീട്ടിൽ ഇത് വരെ കടകളിൽ നിന്ന് അരി വാങ്ങിക്കേണ്ടി വന്നിട്ടില്ല. വീട്ടിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ പോയാൽ, അതിര് കാണാത്ത നെൽപ്പാടങ്ങളാണ്. ഒരു വിധം എല്ലാ വീട്ടുകാർക്കും അവിടെ കൃഷിയുണ്ട്. അവിടെ വിളയുന്ന നെല്ല് ആവശ്യത്തിനനുസരിച്ച് പത്തായത്തിൽ നിന്നെടുത്ത് അമ്മയുടെ സംവിധാനത്തിൽ പുഴുങ്ങി ഉണക്കിയെടുത്ത് ചാക്കുകളിലാക്കും.
ജംഗ്‌ഷനിലുള്ള മില്ലിൽ അത് കുത്തിയെടുത്ത് അരിയാക്കി മാറ്റുന്നത് ഞങ്ങൾ മക്കളുടെ ജോലിയാണ്. ഇന്റർനെറ്റ് ഡയപ്പർ ഇട്ടു നടക്കുന്ന, തിയറ്ററിൽ ക്യൂ നിന്നാൽ മാത്രം ടിക്കറ്റ് കിട്ടുന്ന, കേരളത്തിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ വന്നു തുടങ്ങിയിട്ടില്ലാത്ത, വീട്ടിലുള്ള എല്ലാവർക്കും ആധാർ കാർഡും മൊബൈൽ ഫോണും ഇല്ലാത്ത കാലം.
സൈക്കിളിന് പുറകിൽ വച്ച നെല്ലിൻ ചാക്ക് വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് പിടിച്ച്, മറുകൈ കൊണ്ട് ചവിട്ടും നേരം 'ഗ' പോലെയുള്ള ഒരു ക്രിട്ടിക്കൽ വളവ് കഴിഞ്ഞോ മറ്റോ ആണെന്നാണ് എന്റെ ഓർമ്മ. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മഹാത്ഭുതങ്ങളുടെ ലിസ്റ്റ് വെറുതെ ഞാനങ്ങിട്ടു തുടങ്ങി.
രണ്ടെണ്ണമേ അന്ന് കിട്ടിയുള്ളൂ. സത്യൻ അന്തിക്കാടെന്ന, മലയാളികളിഷ്ടപ്പെടുന്ന സിനിമ സംവിധായകന്റെ മകനായി ഞാനെങ്ങനെ ഈ ഭൂമിയിൽ ജനിച്ചു എന്നതാണ് ആദ്യത്തേത്. അങ്ങനെ ജനിച്ച സ്പോട്ടിൽ എന്റെ അതേ രൂപത്തിലും ശബ്ദത്തിലും വേറൊരുത്തൻ കൂടി എങ്ങനെയെത്തി എന്നതാണ് രണ്ടാമത്തേത്.
അതൊരു ശീലമായി. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഞാനാ ലിസ്റ്റ് പുതുക്കി തുടങ്ങി. ഞാനോടിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ രാത്രി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ശരം പോലെ വന്ന ഒരു ലോറി മാമ്പഴം ചെത്തുന്ന പോലെ അതിന്റെ മുൻവശം ഇടിച്ച് തെറിപ്പിച്ചിട്ടും അകത്തിരുന്ന ഞങ്ങൾക്ക് ഒരു പോറൽ പോലും പറ്റാതിരുന്നത്, ഇന്നസെന്റ് അങ്കിളുമായി ഗാഢമായ ഒരു ആത്മബന്ധം ഉണ്ടാക്കാൻ പറ്റിയത്,
ചില്ലറ പെറ്റി കേസിന്റെ പേരിൽ നിവിൻ പോളിയുമായി വഴക്കിട്ട് ഇങ്ങനെ ഒരു സിനിമ ചെയ്യേണ്ട ആവശ്യമില്ല എന്ന് തീരുമാനിച്ച്, പിന്നീട് അതേ പടം തന്നെ ഒറ്റക്കെട്ടായി ചെയ്ത് സൂപ്പർ ഹിറ്റടിച്ചത് - സർവ്വം മായയെന്ന പോലെ ഇതെല്ലം നിറഞ്ഞ് ആ അത്ഭുതച്ചെപ്പ് മനസ്സിനകത്ത് വലുതായിത്തുടങ്ങി. ഈയടുത്ത് അതിന്റെ ഉയരം നിന്ന നിൽപ്പിൽ ആറടി ഉയർന്നു. മുംബൈയിൽ ഒരു സ്റ്റുഡിയോയിൽ വച്ച് 'അമിതാഭ് ബച്ചൻ' എന്ന, ഇന്ത്യ കണ്ട എക്കാലത്തേയും സൂപ്പർതാരത്തിനോട് കാമറക്ക് പിന്നിൽ നിന്ന് ഞാൻ "ആക്ഷൻ" പറഞ്ഞപ്പോഴായിരുന്നു അത്.
ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് നമ്മൾ എത്തിപ്പെടുന്നതിനെയാണല്ലോ ഭാഗ്യം എന്ന് വിളിക്കുന്നത്. ഇത്തവണ എനിക്കായി ആ സ്ഥലവും സമയവും നിശ്ചയിച്ചത് കല്ല്യാൺ ജ്വല്ലേഴ്‌സാണ്. തൃശ്ശൂരിലെ ഓഫീസിൽ വച്ച്, ഏറെ ചർച്ച ചെയ്തുണ്ടാക്കിയ പുതിയ പരസ്യചിത്രത്തിന്റെ കഥ അവരെന്നോട് പറഞ്ഞു.
അമിതാഭ് ബച്ചൻ എന്ന താരമുള്ള, വലിയ കാൻവാസിൽ ഒരുക്കേണ്ട ആ ദൗത്യമേൽപ്പിക്കുന്നതിന് പുറകിൽ, സ്നേഹത്തിനും സൗഹൃദത്തിനുമൊപ്പം എന്നോടുള്ള വിശ്വാസവുമുണ്ടെന്ന് മനസ്സിലാക്കിയ നിമിഷം ഞാനതിന്റെ ഭാഗമായി. അധികം വൈകാതെ 'ബോംബെ', 'ഗുരു' എന്നീ മണിരത്‌നം സിനിമകളുടെ കാമറ ചലിപ്പിച്ച, 'മിൻസാരക്കാനവും' 'കണ്ട് കൊണ്ടേൻ കണ്ട് കൊണ്ടേനും' അനവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്ത രാജീവ് മേനോൻ എന്ന മറ്റൊരത്ഭുതത്തെ ഈ ചിത്രം കാമറയിലാക്കാൻ ഞങ്ങൾ സമീപിച്ചു.
ഇത്രയും അതികായരായ കലാകാരന്മാരും ലോകമെമ്പാടുമെത്തി നിൽക്കുന്ന ഒരു ബ്രാൻഡും നൽകുന്ന ഉത്തരവാദിത്വം ഭയമായി മാറാതെ നോക്കുകയായിരുന്നു ആദ്യമൊക്കെ എന്റെ വെല്ലുവിളി. മികച്ചൊരു ടീം കൂടെയുണ്ടെന്ന വിശാസത്തിൽ മനസ്സർപ്പിച്ച് മുന്നോട്ട് പോവുക മാത്രമാണ് അന്നെല്ലാം ഞാൻ ആകെ ചെയ്തത്.
മുംബൈയിലും ചെന്നൈയിലുമുള്ള സെറ്റുകളിലും കേരളത്തിലുള്ള ഒരു ഉൾവനത്തിലുമായാണ് ഞങ്ങൾ ഈ പരസ്യചിത്രത്തിന്റെ ഷൂട്ട് പ്ലാൻ ചെയ്തത്. ഓരോ സ്ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഒരു കൂറ്റൻ സെറ്റുയർത്തുന്നതിന്റെ ടെൻഷനായിരുന്നു ചെന്നൈയിൽ. എപ്പോൾ വേണമെങ്കിലും ഷൂട്ടിങ്ങ് കാണാൻ വരുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് തന്ന ചിലരായിരുന്നു കേരളത്തിലെ കാട്ടിലെ ഭീഷണി.
രണ്ട് പേരെ കൊന്നതിന് ശേഷം കാട് കയറിയ ഒരു ആനക്കൊമ്പനും ഫോറസ്റ്റുകാർ നാട്ടിൽ നിന്നും പിടിച്ച് ഞങ്ങൾ ഷൂട്ട് ചെയ്യുന്ന അരുവിക്കടുത്തായി വിട്ട രാജവെമ്പാലകളും. ഈ രണ്ട് കൂട്ടരും വന്നാൽ എനിക്ക് ജീവനും കൊണ്ട് ഓടാം. മുംബൈയിൽ സ്റ്റുഡിയോ ഫ്ലോറിൽ എല്ലാവരും നോക്കി നിൽക്കേ സാക്ഷാൽ അമിതാഭ് ബച്ചൻ വന്ന് നിൽക്കുമ്പോൾ സംവിധായകനായ ഞാൻ എങ്ങോട്ടോടാനാണ് !
മുഴുവൻ ഷൂട്ട് യൂണിറ്റുമായി, എല്ലാം സജ്ജീകരിച്ച് മുംബൈയിൽ ഫിലിം സിറ്റിയിലെ ഒന്നാം നിലയിലുള്ള സ്റ്റുഡിയോയിൽ ബച്ചൻ സാറിനായി കാത്ത് നിൽക്കുമ്പോൾ ഇതൊരു ഭാഗ്യമാണെന്നും ഓരോ നിമിഷവും ആസ്വദിക്കേണ്ടതാണെന്നും ഞാനെന്റെ വേഗം കൂടുന്ന ഹൃദയമിടിപ്പിനോട് പറഞ്ഞുകൊണ്ടേയിരുന്നു. വാക്കി ടോക്കിയിലൂടെ ബച്ചൻ സർ സെറ്റിലേക്ക് വരുന്നു എന്ന സന്ദേശം വന്നതും മുഴുവൻ സെറ്റും നിശബ്ദമായി.
മുന്നിൽ കാണുന്ന എല്ലാവരും എന്റെ തോളത്ത് തട്ടി ധൈര്യം തന്നു കൊണ്ടിരുന്നു. ഞാൻ ആൾകൂട്ടത്തിൽ നിന്നും മാറി, സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ ഈ പരസ്യത്തിനായി ഈണമിട്ട പാട്ട് ഹെഡ്‌ഫോണിൽ പ്ലേ ചെയ്ത്, മനസ്സിനകത്ത് എടുക്കേണ്ട ഷോട്ടുകൾ കൃത്യമായി അടുക്കി വച്ചു കൊണ്ട്, അല്പം മാറിയുള്ള കൈ കൊണ്ട് തുറക്കുന്ന ഗ്രില്ലുള്ള വലിയൊരു ലിഫ്റ്റിനടുത്തേക്ക് നടന്നു.
ലൈറ്റുകൾ കൊണ്ട് വരാനുള്ള ആ ലിഫ്റ്റ് താഴെ നിന്നാരോ വലിച്ചടക്കുന്ന ശബ്ദം ചെവിയിലുള്ള പാട്ടിനൊപ്പവും, സ്വന്തം പാട്ടിന് പോകുന്ന ഹൃദയമിടിപ്പിനൊപ്പവും കേൾക്കാം. ഞാനല്പം കൂടി മുന്നിലേക്ക് നടന്നു. എങ്ങിനെയായിരിക്കാം അദ്ദേഹത്തെ ആദ്യമായി മുഖാമുഖം കാണുക എന്ന് ഞാനാലോചിച്ചു നോക്കിയിട്ടുണ്ട്. പല സാധ്യതകളാണ്. ഒന്നുകിൽ എന്നെ വാനിറ്റി വാനിലേക്കോ മറ്റോ വിളിപ്പിച്ച് എന്താണ് ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് ചോദിക്കാം.
അല്ലെങ്കിൽ സ്റ്റുഡിയോയുടെ വാതിലിലൂടെ വളരെ സാധാരണമായി വന്ന് പരിചയപ്പെടാം. എന്നാൽ ഇതൊന്നുമല്ലാതെ ഒരു ഗംഭീര സിനിമാറ്റിക്ക് അനുഭവമായിരുന്നു എന്റെ 'അമിതാഭ് ബച്ചൻ മൊമന്റ്'. ലിഫ്റ്റ് വരുന്നതും നോക്കി നിൽക്കുന്ന ഞാൻ കാണുന്നത് ഇരുട്ടിനെ മുറിച്ചുകൊണ്ട് താഴെ നിന്നുള്ളൊരു വെളിച്ചത്തിന്റെ വരവാണ്. ഭൂമിക്കടിയിൽ നിന്ന് ഒരു ജ്വാല ഉയരുന്നത് പോലെ ആ വലിയ ലിഫ്റ്റിനകത്ത് നിന്നുള്ള ട്യൂബ് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ, തൂ വെള്ള വേഷം ധരിച്ച് അതീവ തേജസ്സുള്ള ഒരു രൂപം എന്റെ മുന്നിലേക്ക് ഉയർന്ന് വന്ന് നിന്നു.
ശാന്തമായൊരു കടൽ കൺമുന്നിൽ പ്രത്യക്ഷപ്പെടുന്നത് പോലെ. ചില കാഴ്ചകൾ എക്കാലത്തേക്കുമുള്ള മെന്റൽ സ്ക്രീൻഷോട്ടുകളാണ്. അത്തരത്തിലൊന്നായിരുന്നു എനിക്കത്. ലിഫ്റ്റിൽ നിന്നും നടന്ന് വന്ന അദ്ദേഹത്തോട് ഞാൻ സ്വയം പരിചയപ്പെടുത്തി. രാജീവ് മേനോൻ സാറിനോടും കല്യാൺ ടീമിനോടും സ്നേഹം പങ്ക് വച്ച് അദ്ദേഹം കാമറക്ക് മുന്നിൽ നിന്ന് എന്നെ നോക്കി. കയ്യിൽ മുറുക്കിപിടിച്ച ധൈര്യത്തോടെ അരികിലെത്തി ഞാൻ പരസ്യത്തിന്റെ കഥ അദ്ദേഹത്തോട് വിശദമായി പറഞ്ഞു.
അതീവ ശ്രദ്ധയോടെയാണ് അദ്ദേഹം കേൾക്കുന്നത്. പറഞ്ഞ കഥ കാഴ്ചകളായി അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും തിരിച്ചെനിക്ക് കാണാം. ഒരു അഭിനേതാവ് എങ്ങനെയാണ് ഒരു പ്രതിഭാസമായി മാറിയതെന്ന് അതോടെ എനിക്ക് മനസ്സിലായി. കാമറക്കരുകിൽ തിരിച്ച് വന്ന്, ഞാനെക്കാലവും ഓർമ്മിക്കാൻ പോകുന്ന 'ആക്ഷൻ' പറഞ്ഞതും അദ്ദേഹം അഭിനയിച്ചു തുടങ്ങി.
വെറും ഇരുപത് മിനിറ്റിൽ താഴെ സമയം കൊണ്ട് ഒരു മണിക്കൂറിൽ മേലെ പ്ലാൻ ചെയ്ത ഷോട്ടുകൾ ഞങ്ങൾ ചെയ്ത് തീർത്തു. എനിക്കപ്പോൾ ഒട്ടും ഭയം തോന്നിയിരുന്നില്ല. ധൈര്യമെന്ന് പറയുന്നത് ഭയമില്ലാതിരിക്കുന്ന അവസ്ഥയല്ല, മറിച്ച് ഭയത്തേക്കാൾ പ്രധാനമായ മറ്റെന്തോ ഉണ്ടെന്ന തിരിച്ചറിവാണ് എന്നെവിടെയോ വായിച്ചിട്ടുണ്ട്.
അതെന്താണെന്ന് അദ്ദേഹം ഫോട്ടോക്കായി ചേർത്ത് നിർത്തി തോളിൽ കൈ ഇട്ടപ്പോൾ എനിക്ക് മനസ്സിലായി. ആ സ്പർശം ഒരനുഗ്രഹം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാനെന്റെ അത്ഭുതച്ചെപ്പ് തുറന്ന് വച്ചു. ഇപ്പോഴും അവിശ്വസനീയമാം വിധം അത് തുറന്ന് തന്നെയിരിക്കുന്നു".- അഖിൽ സത്യൻ കുറിച്ചു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates