Sonia Gandhi Says Indira Regretted Emergency, Reveals Family Differences. X @INCIndia
India

'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ

പ്രതിപക്ഷം ഇന്ദിര ഗാന്ധിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അവരെ തടയണമെന്നുമായിരുന്നു സഞ്ജയുടെ വാദം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് പിന്നീട് ബോധ്യപ്പെട്ടിരുന്നുവെന്ന് സോണിയ ഗാന്ധി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഇന്ദിര ഗാന്ധി അസ്വസ്ഥയായിരുന്നുവെന്നും ആ തീരുമാനം ഇന്ദിരയെ ഏറെ അലട്ടിയിരുന്നുവെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു. 'ബിലോങിങ്: എ ജേണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന സോണിയയുടെ പുസ്തകത്തെക്കുറിച്ച് ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിൽ ഗാന്ധി കുടുംബത്തിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ എതിർത്ത രാജീവ് ഗാന്ധി അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

എന്നാൽ ഇളയ മകൻ സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥ തീരുമാനം നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചു. പ്രതിപക്ഷം ഇന്ദിര ഗാന്ധിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അവരെ തടയണമെന്നുമായിരുന്നു സഞ്ജയുടെ വാദം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ തീരുമാനത്തെ രാജീവ് ഗാന്ധി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും അതിന് അവർ വഴങ്ങിയില്ലെന്നും സോണിയ പറഞ്ഞു.

അതേസമയം, അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്ക് സഞ്ജയ് ഗാന്ധിയെ മാത്രം ഉത്തരവാദിയാക്കാനാകില്ലെന്നും ഇന്ദിരാഗാന്ധിയുടെ മുതിർന്ന സഹപ്രവർത്തകരിൽ ചിലർ വലിയ സമ്മർദം ചെലുത്തിയിരുന്നുവെന്നും സോണിയ പറഞ്ഞു. രാജീവിനെപ്പോലെ വ്യത്യസ്ത നിലപാടുള്ളവർ ഇന്ദിരയ്ക്ക് ചുറ്റും വളരെ കുറവായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് എന്താണ് സംഭവിച്ചിരുന്നതെന്നതിന്റെ യഥാർഥ ഗൗരവം തനിക്ക് മനസിലായത് അതിനുശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

ജനാധിപത്യ അവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടതും ഹേബിയസ് കോർപ്പസ് ഉൾപ്പെടെയുള്ള അവകാശങ്ങൾ മരവിപ്പിക്കപ്പെട്ടതും ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയായിരുന്നുവെന്നും സോണിയ ചൂണ്ടിക്കാട്ടി. പിന്നീട് സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ ഇന്ദിര തിരുത്തൽ നടപടികൾ സ്വീകരിക്കുകയും അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നുവെന്നും സോണിയ പറഞ്ഞു.

1992ൽ ബാബറി മസ്ജിദ് തകർത്ത സംഭവം കണ്ടപ്പോൾ താൻ കരഞ്ഞുപോയെന്നും മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വിഭാവനം ചെയ്ത മതേതര ഇന്ത്യയ്ക്കായി നീണ്ട പോരാട്ടം നടത്തേണ്ടിവരുമെന്ന് അന്ന് തിരിച്ചറിഞ്ഞതായും സോണിയ വെളിപ്പെടുത്തി. ബിജെപിയുടെ വളർച്ചയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലിനും കോൺഗ്രസിന്റെ ചില വീഴ്ചകളും കാരണമായിട്ടുണ്ടെന്നും പാർട്ടി പല കാര്യങ്ങളിലും അലംഭാവം കാണിച്ചെന്നും അവർ സമ്മതിച്ചു.

1975 ജൂൺ 25ന് അർധരാത്രിക്ക് തൊട്ടുമുമ്പാണ് ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 ജനുവരി 18ന് ഇന്ദിരാഗാന്ധി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. മാർച്ച് 16ന് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. മാർച്ച് 21ന് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിൻവലിച്ചു.

Sonia Gandhi Says Indira Regretted Emergency, Reveals Family Differences

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നില്‍ വരുന്ന ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടാറില്ല, ഹിമാചല്‍ ഒരു ഓഫറും നല്‍കിയിട്ടില്ല'; പിണറായിക്ക് മുഖ്യമന്ത്രിയുടെ മറുപടി

വൈദ്യുതി കരാറില്‍ തര്‍ക്കം തുടരുന്നു; അഴിമതി ആരോപണം അന്വേഷിക്കുമെന്ന് എക്‌സൈസ് മന്ത്രി, ദീപ്‌കെ കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇഡ്ഡലി ബാക്കിയായോ? കളയല്ലേ, കിടിലൻ ചില്ലി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം...

ഇരുളകറ്റി വെളിച്ചം പകരുന്ന മഹോത്സവം, ദീപാവലിയുടെ ഐതിഹ്യമെന്ത്?; അറിയാം അഞ്ചുദിവസത്തെ ആഘോഷം

'ഈ ഓഫര്‍ സ്വീകരിച്ചാല്‍ മുറ്റത്തൊരു റോള്‍സ് റോയ്‌സ് കിടക്കും'; പ്രശസ്ത മാനേജര്‍ കം പിമ്പ് എന്നോട് പറഞ്ഞത്: പ്രതിഭ