തിരുവനന്തപുരം: എസ്‌ഐആര്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന പ്രസ്താവനയില്‍ സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. വോട്ടര്‍പട്ടിക പരിഷ്‌ക്കരണമാണ് കേരളത്തില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ കാരണമെന്ന് പറയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. എല്ലായിടത്തും ഉള്ളതുപോലെ ഒരു കാരണമാകുന്നുണ്ട്. പക്ഷെ അതിലുപരിയായി യുഡിഎഫ് എസ്‌ഐആറിനെയെല്ലാം പ്രതിരോധിക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം സ്വീകരിച്ച് ഇടതുപക്ഷത്തിന്റെ കൂടെ നിന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.
എസ്‌ഐആറിനെ യുഡിഎഫ് ഉപയോഗിപ്പെടുത്തുകയാണ് ചെയ്തത്. അനധികൃതമായി ഒട്ടേറെ വോട്ടുകള്‍ ചേര്‍ക്കാന്‍ അവര്‍ തയ്യാറായിട്ടുണ്ട്. പിന്നെ ഭീതി ഉണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്. ചില പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കിയാല്‍ നാളെ വോട്ടവകാശമുണ്ടാകില്ലെന്ന് പറഞ്ഞു. ഞങ്ങളും അതു തന്നെയാണ് പറഞ്ഞത്. അതിനെ പ്രതിരോധിക്കാനാണ് എല്‍ഡിഎഫ് ശക്തമായി നിന്നത്. എന്നാല്‍ വ്യാജ പ്രതീതി പരത്തിക്കൊണ്ട് അത് ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ഒഴിവാക്കാനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേര്‍ക്കാനും യുഡിഎഫ് എസ്‌ഐആറിനെ ഉപയോഗിച്ചു. എന്നാല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രത കിട്ടിയതിനാല്‍ വലിയ അട്ടിമറി നടന്നിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എസ്‌ഐആര്‍ കേരളത്തില്‍ ഭരണമാറ്റത്തിന് കാരണമായിയെന്ന സിജെപി നേതാവ് അഭിജിത് ദിപ്‌കെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ കെ ശൈലജ.
കേരളത്തില്‍ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ എസ്‌ഐആര്‍ കാരണമായിട്ടുണ്ടെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പുറത്തുനിന്നുള്ള ആളുകള്‍ കണക്കുകള്‍ വെച്ച് അക്കാര്യം പറയുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ അത് യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. പക്ഷെ ബിജെപിക്ക് ഒരു അജണ്ടയുണ്ട്. ആ അജണ്ട കഴിഞ്ഞ തെരഞ്ഞെടുപ്പ് മാത്രമല്ല, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അടുത്ത അസംബ്ലി തെരഞ്ഞെടുപ്പും അടക്കമുള്ള അജണ്ടയില്‍ ബിജെപിയെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പരോക്ഷമായും പ്രത്യക്ഷമായും സഹായിച്ചിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates