കൊച്ചി: കേരള രാഷ്ട്രീയത്തെ ഉലച്ച സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ (മാസപ്പടി കേസ്) മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പൂര്‍ണമായും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ ഈ വിവാദം നിയമപരമായി നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.
കേസിന്റെ നാള്‍വഴികള്‍
2023 ഓഗസ്റ്റ് - ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തല്‍: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ തങ്ങളുടെ ഡയറി കുറപ്പുകളില്‍ നിന്ന് വീണയ്ക്കും എക്‌സാലോജിക് കമ്പനിക്കും നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് പരസ്യമാക്കുന്നു.
2023 ഓഗസ്റ്റ് - സെപ്റ്റംബര്‍ - മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തലുകള്‍: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എക്‌സാലോജിക് കമ്പനിയുടെ നികുതി വെട്ടിപ്പും ജിഎസ്ടി ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നു.
2024 ജനുവരി - എസ്എഫ്‌ഐഒ അന്വേഷണം ആരംഭിക്കുന്നു: കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് (എസ്എഫ്‌ഐഒ) കേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുന്നു.
2026 ഒക്ടോബര്‍ 9 - ഇഡി കേസും ഹൈക്കോടതി വിധിയും: ഇഡി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍, വീണ തുടങ്ങിയവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി സംസ്ഥാന പൊലീസിനോട് ഉത്തരവിടുന്നു.
എന്താണ് മാസപ്പടി കേസ്?
ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും, പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന വിവരസാങ്കേതിക സ്ഥാപനത്തിന് യാതൊരു സേവനവും നല്‍കാതെ 1.72 കോടിയോളം രൂപ (ആകെ ബാങ്ക് വഴി നല്‍കിയ തുക 2.78 കോടിക്ക് മുകളിലാണ്) നല്‍കിയെന്നതാണ് പ്രധാന കേസ്. ഒരു സേവനവും നല്‍കാതെ നല്‍കിയ ഈ തുക 'രാഷ്ട്രീയ പ്രതിഫലം' അല്ലെങ്കില്‍ 'മാസപ്പടി' (Illegal Gratification) ആണെന്ന് ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തുകയായിരുന്നു.
വീണയ്ക്കും റിയാസിനും എതിരെയുള്ള ആരോപണങ്ങള്‍
എക്‌സാലോജിക് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയിലാണ് വീണ കേസില്‍ പ്രതിപ്പട്ടികയിലേക്ക് വരുന്നത്. സോഫ്റ്റ്വെയര്‍ സേവനം നല്‍കാനെന്ന പേരിലാണ് കരാര്‍ ഉണ്ടാക്കിയതെങ്കിലും യാതൊരു ഐടി സേവനവും കമ്പനിക്ക് നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
പിണറായി വിജയന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സ്വത്തുവിവരങ്ങള്‍ കാണിക്കുന്ന സത്യവാങ്മൂലത്തില്‍ എക്‌സാലോജിക് കമ്പനിയുടെ വരുമാനം പരാമര്‍ശിച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്ക് കൃത്യമായ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെന്ന വാദവും ശക്തമായിരുന്നു.
പിണറായി വിജയന്റെ വഴിവിട്ട സഹായം
സിഎംആര്‍എല്‍ കമ്പനിക്ക് തോട്ടപ്പള്ളിയില്‍ നിന്നുള്ള കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയതും കമ്പനിയുടെ വഴിവിട്ട ബിസിനസ് താത്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്തതും മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്താണെന്നതാണ് പ്രധാന ആരോപണം. മകളുടെ കമ്പനിക്ക് മാസപ്പടി ലഭിച്ചത് പിണറായി വിജയന്‍ വഹിച്ചിരുന്ന ഔദ്യോഗിക പദവി മൂലമാണെന്ന് ഇഡി കണ്ടെത്തി. ഇത് അഴിമതി നിരോധന നിയമ പ്രകാരം നേരിട്ടുള്ള കുറ്റകൃത്യമായി മാറുന്നു.
മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തലുകള്‍
കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് വിഷയം നിയമസഭയിലും പൊതുസമൂഹത്തിലും ശക്തമായി ഉയര്‍ത്തിയത്. എക്‌സാലോജിക് കമ്പനി നല്‍കിയ സേവനങ്ങള്‍ക്ക് ഐജിഎസ്ടി അടച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല എന്നതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ മാത്യു കുഴല്‍നാടന്‍ തുടര്‍ച്ചയായി വാര്‍ത്ത സമ്മേളനം നടത്തി. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയത് വ്യക്തിപരമായ സേവനത്തിനല്ല, മറിച്ച് രാഷ്ട്രീയ സംരക്ഷണത്തിനായിരുന്നു എന്ന് സ്ഥാപിക്കുന്ന രേഖകള്‍ കുഴല്‍നാടന്‍ വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും ഹാജരാക്കി.
എസ്എഫ്‌ഐഒ, ഇഡി അന്വേഷണം
കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എസഅഎഫ്‌ഐഒ, എക്‌സാലോജിക് കമ്പനിയുടെ നിക്ഷേപങ്ങളും അക്കൗണ്ടുകളും വിശദമായി പരിശോധിച്ചു. പിന്നാലെ ഐടി ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) എന്നിവ പ്രകാരം ഇഡി കേസ് അന്വേഷണം വിപുലീകരിച്ചു. സിഎംആര്‍എല്‍ ഡയറക്ടര്‍മാര്‍ നല്‍കിയ മൊഴികളും പിടിച്ചെടുത്ത ഡയറി രേഖകളും കേസില്‍ നിര്‍ണായക തെളിവുകളായി.
എന്താണ് ഒക്ടോബര്‍ 9ലെ ഹൈക്കോടതി വിധി?
അഡ്വ. കെഎം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇഡി വിജിലന്‍സിന് കൈമാറിയ വിവരങ്ങളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടും വിജിലന്‍സിനോടും ഉത്തരവിട്ടു. അന്വേഷണ ഏജന്‍സികള്‍ പ്രാഥമിക വിവരങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് വീണ്ടും പ്രാഥമിക പരിശോധന നടത്തേതില്ലെന്ന് കോടതി വ്യക്തമാക്കി.
പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായി ഈ ഹൈക്കോടതി വിധി മാറുന്നു. കേവലം ആരോപണം എന്നതിനപ്പുറം, കോടതി ഉത്തരവിലൂടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലവില്‍ വരുന്നതോടെ സിഎംആര്‍എല്‍-എക്‌സാലോജിക് കേസ് വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കും എന്നത് ഉറപ്പാണ്.