രാജ്യത്തിന്റെ ജി ഡി പി 3.7 ട്രില്യൺ ഡോളർ കടന്നുവെന്ന പ്രചരണങ്ങൾ. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ. രാജ്യം മൾട്ടി-ട്രില്യൺ ഡോളർ സാമ്പത്തികശക്തി. രാജ്യത്തിന്റെ വളർച്ചാനിരക്കുകളും റാങ്കിങ്ങുകളും ആവർത്തിച്ച് ഉയർത്തിക്കാണിക്കപ്പെടുന്നു. വളർച്ചയുടെ യഥാർത്ഥ പ്രയോജനം പക്ഷേ, രാജ്യത്തിന്റെ ബഹുഭൂരിപക്ഷമാർന്ന സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രകടമാകുന്നുണ്ട്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടേണ്ടതുണ്ട്.
ജനസംഖ്യയുടെ വലിപ്പവുമായി താരതമ്യം ചെയ്ത് ആളോഹരി വരുമാനം, തൊഴിൽ അവസരങ്ങൾ, സാമൂഹിക സുരക്ഷ, ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ, പൊതുവരുമാനത്തെ ദുർബലപ്പെടുത്തി വാരിക്കോരി നൽകപ്പെടുന്ന ഇളവുകളും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന കോർപറേറ്റുകൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനയുടെ നിജസ്ഥിതി തുടങ്ങിയവ പരിശോധിക്കുമ്പോഴാണ് പ്രചരിപ്പിക്കപ്പെടുന്ന വളർച്ചാനിരക്കുകളുടെ യഥാർത്ഥ സാമൂഹിക ചിത്രം വ്യക്തമാകുക.
ഉയർന്ന ജി ഡി പിയും താഴ്‌ന്ന ആളോഹരിവരുമാനവും തമ്മിലുള്ള അന്തരം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ആന്തരിക വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുന്നു. ഈ അന്തരം വർദ്ധിച്ചുവരുന്ന അസമത്വത്തിലും തൊഴിൽ വേതന ഘടനകളിലെ അപര്യാപ്തതകളിലും പ്രകടം.
ജി ഡി പി കേന്ദ്രീകൃത വളർച്ചാവിവരണങ്ങളും ജനങ്ങളുടെ യഥാർത്ഥ ജീവിതാവസ്ഥയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വൈരുദ്ധ്യമാണ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകളുടെ കേന്ദ്രബിന്ദു. അധികാര രാഷ്ട്രീയ പ്രചരണായുധമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന വളർച്ചയുടെ കണക്കുകൾക്കപ്പുറം അതിന്റെ സാമൂഹിക പ്രതിഫലനങ്ങളും ദീർഘകാല സുസ്ഥിരതയും സൂക്ഷ്മതയോടെ പരിശോധിക്കാതെ രാജ്യത്തിന്റെ സാമ്പത്തികവിജയം സമ്പൂർണമെന്ന് പറയാനാകില്ല.
രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങളുടേയും സേവനങ്ങളുടേയും മൂല്യമാണ് ജി.ഡി.പി. ദേശീയ വരുമാനത്തെ മൊത്തം ജനസംഖ്യയിൽ ഡിവൈഡു ചെയ്താണ് ആളോഹരിവരുമാനം കണക്കാക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിശീർഷ വരുമാനം പ്രതിമാസം ഏകദേശം 1,15,000 രൂപ. വ്യക്തിഗത വാങ്ങൽശേഷിയുമായി ബന്ധപ്പെടുത്തിയാല്‍ ഇത് ഇനിയും കുറയുമെന്നവസ്ഥ! ജി ഡി പിയും പ്രതിശീർഷ വരുമാനവും തമ്മിലുള്ള അന്തരം നോക്കുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥാ വളർച്ച ചെറിയ രാജ്യങ്ങളുൾപ്പെടെയുള്ള 140 രാജ്യങ്ങൾക്ക് പിന്നിലാണെന്നതാണ് വസ്തുത.
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആദംസ്മിത്ത് പറഞ്ഞു: “ഏറെ സമൃദ്ധിയെങ്കിൽ, വലിയ അസമത്വവും രൂപപ്പെടും.” ആദംസ്മിത്തിന്റെ ഈ വാക്കുകളെ അന്വർത്ഥമാക്കുകയാണ് വർത്തമാനകാല ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർച്ചാതലക്കെട്ടുകൾ. രാജ്യം അതിവേഗത്തിലുള്ള വളർച്ചയിലെന്നു പറയുമ്പോൾതന്നെ നന്നേ ചുരുക്കം ചിലരിൽ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്നുവെന്ന അവസ്ഥയിലാണ് സമ്പദ്‌വ്യവസ്ഥ.
ജനസംഖ്യയിലെ സമ്പന്നരായ കേവലം ഒരു ശതമാനത്തിന്റെ കൈകളിലാണ് സമ്പത്തിന്റെ 40 ശതമാനവും. ഇത് രാജ്യത്തെ ലോകത്തിലെ ഏറ്റവും അസമത്വം നിറഞ്ഞ രാജ്യങ്ങളിലൊന്നാക്കി മാറ്റിയതായി ഇക്കഴിഞ്ഞ ആഴ്ച (2025 ഡിസംബർ 10) പ്രസിദ്ധീകരിക്കപ്പെട്ട 2026-ലെ വേൾഡ് ഇൻ ഇക്വാലിറ്റി റിപ്പോർട്ട് പറയുന്നു. സമീപ വർഷങ്ങളിൽ അസമത്വം കുറയുന്നതിന്റെ ലക്ഷണങ്ങൾ ഇന്ത്യയിൽ പ്രകടമായിട്ടില്ലെന്ന് ഈ പഠനത്തിലെ കണ്ടെത്തലുകൾ പറയുന്നു.
ജി.ഡി.പി വളർച്ചയിൽ രാജ്യത്തിന്റെ നന്നേ ചെറിയ ശതമാനം മാത്രമേ ഇടംപിടിക്കുന്നുള്ളൂവെന്ന അതിദയനീയാവസ്ഥയാണ് ഏറെ പ്രൊഫഷണൽ ഗവേഷണ രീതിശാസ്ത്രത്തിലൂന്നിയുള്ള ഇത്തരം റിപ്പോർട്ടുകൾ അടിവരയിടുന്നത്. മോദിസർക്കാർ ഇത്തരം റിപ്പോർട്ടുകൾ അംഗീകരിക്കുവാൻ തയ്യാറല്ലെങ്കിലും ഇവിടെയാണ് രാജ്യം ശീഘ്രഗതിയിലുള്ള വളർച്ചയിലെന്നു സ്ഥാപിക്കുന്നതിനായി പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങളിലെ വിശ്വാസ്യതയിലും ആധികാരികതയിലും ആഴത്തിലുള്ള സംശയങ്ങൾ ജനിപ്പിക്കുന്നത്.
സമ്പദ്‌വ്യവസ്ഥ വളർച്ചയിലെ അസമത്വം സംസ്ഥാനങ്ങളിലും പ്രകടമാണ്. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, ഹരിയാന സംസ്ഥാനങ്ങൾ ഉയർന്ന പ്രതിശീർഷ വരുമാന-വികസന സൂചികകളിൽ ഇടംപിടിച്ചിരിക്കുന്നു. അതേസമയം ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ച ഒട്ടുമേ ശുഭകരമല്ല. ബീഹാറിന്റെ പ്രതിശീർഷവരുമാനം മുൻനിര സംസ്ഥാനങ്ങളുടെ നാലിൽ ഒരു ഭാഗത്തിൽ താഴെ മാത്രം!
രാജ്യത്തിന്റെ ജി.ഡി.പി ഉയർച്ചയ്‌ക്കൊപ്പം വിശപ്പുനിർമാർജനവും (ഇപ്പോഴിതിനുപകരം വിശപ്പുലഘൂകരണമെന്നാക്കി. ചങ്ങാത്ത മുതലാളിത്ത ഭരണകൂടങ്ങൾക്കറിയാം തങ്ങളുടെ നയങ്ങൾ ഒരിക്കലും വിശപ്പുനിർമാർജനമെന്നത് സാക്ഷാല്‍കരിക്കുകയില്ലെന്ന്! അതുകൊണ്ടുതന്നെയാണ് ദാരിദ്ര്യം/വിശപ്പ് ലഘൂകരണ പ്രക്രിയയിലേക്കുള്ള സൗകര്യാധിഷ്ഠിത മാറ്റം) പോഷക ആഹാര ലഭ്യതയും സുസാധ്യമാക്കപ്പെടേണ്ടതുണ്ട്. ആഗോളവിശപ്പു സൂചിക-2025 പ്രകാരം ഇന്ത്യ 116 രാജ്യങ്ങളിൽ 102-ാം സ്ഥാനത്താണ്. വൻ സാമ്പത്തിക ശക്തിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന രാജ്യത്തിന് ഇത് ഒട്ടും ഭൂഷണമല്ല.
ഗ്രാമീണ തൊഴിലുറപ്പുപദ്ധതി. ഭക്ഷണം മൗലികാവകാശമാക്കിയ ഭക്ഷ്യസുരക്ഷാനിയമം. വിദ്യാഭ്യാസവകാശ നിയമം. ദേശീയ ഗ്രാമീണ ആരോഗ്യമിഷൻ. ഇത്തരത്തിലുള്ള ജനക്ഷേമ പദ്ധതികൾക്ക് കുറവൊന്നുമില്ല. ഈ പദ്ധതികൾ പക്ഷേ, സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ചതായി കാണുന്നില്ല. ജി.ഡി.പി വളർച്ചയിലെന്നു പ്രചരിപ്പിക്കപ്പെടുമ്പോൾ തന്നെ തൊഴിലുറപ്പുപോലുള്ള പദ്ധതികൾ മാനവവികസന സൂചിക ഉയർത്തിയോ വിശപ്പുലഘൂകരണത്തിന് സഹായിച്ചോയെന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതുണ്ട്.
സപ്തഗിരി ഉലക അധ്യക്ഷനായ ഗ്രാമവികസന - പഞ്ചായത്തീരാജ് പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി തൊഴിലുറപ്പുപദ്ധതി വേതന പരിഷ്‌കരണ നിർദേശങ്ങൾ മുന്നോട്ടുവച്ചു. കാലഹരണപ്പെട്ട കാർഷിക തൊഴിലാളി - ഉപഭോക്തൃവില സൂചികയ്ക്ക് പകരം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കനുസൃതമായ പണപ്പെരുപ്പ സൂചികയിലേക്ക് മാറാൻ കമ്മിറ്റി ശുപാർശ ചെയ്തു. നിലവിലെ നിരക്കുകൾ അപര്യാപ്തമായതിനാൽ തൊഴിലാളികൾ തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറുവാൻ നിർബന്ധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ യഥാർത്ഥ ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്ന ദിശയിൽ അടിസ്ഥാന വേതനം വർദ്ധിപ്പിക്കണം. തൊഴിൽദിനങ്ങൾ 100-ൽനിന്ന് 150 ദിവസമാക്കണം. കാലതാമസമില്ലാതെ സമയബന്ധിതമായിത്തന്നെ കൂലി നൽകുക. വേതനവിതരണ കാലതാമസത്തിനുള്ള നിലവിലെ പിഴ 0.05 ശതമാനമെന്നത് ഉയർത്തണം.
തൊഴിലുറപ്പുപദ്ധതിയിൽ രാജ്യത്ത് ഏകീകൃത വേതനഘടനയെന്നതും സ്റ്റാന്റിങ്ങ് കമ്മിറ്റി മുന്നോട്ടുവച്ചു. യു.പി.എ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പുപദ്ധതി കാലോചിതമായി പരിഷ്‌കരിക്കുകയെന്നതിനു പകരം പദ്ധതിയെത്തന്നെ ഇല്ലാഴ്മ ചെയ്യുകയെന്ന നീക്കത്തിലാണ് മോദി സർക്കാർ. അതിനാൽ സ്റ്റാന്റിങ്ങ് കമ്മിറ്റി വേതന പരിഷ്‌കരണ നിർദേശങ്ങളോടു കേന്ദ്രസർക്കാർ മുഖംതിരിഞ്ഞുനിൽക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇത്തരത്തിലുള്ള വേതന പരിഷ്‌ക്കരണ വിരുദ്ധ സമീപനങ്ങളാണ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കൊപ്പം പ്രതിശീർഷ വരുമാനമുയരാതെ പോയതിൽ പ്രധാനമായും പ്രതിഫലിക്കുന്നത്.
തൊഴിലില്ലായ്മയും തൊഴിൽക്ഷമതയുടെ അപര്യാപ്തതയും സാധാരണക്കാരുടെ പ്രതിശീർഷ വരുമാന ശോഷണത്തിന് കാരണങ്ങളാണ്. 2022-ലെ ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലാത്ത യുവജനങ്ങളിൽ 65.7 ശതമാനവും സെക്കന്ററി വിദ്യാഭ്യാസം നേടിയവരാണ്. ഐ.എൽ.ഒയുടെ (മാർച്ച് 2024) റിപ്പോർട്ട് അനുസരിച്ച് ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനം. ഇതെല്ലാം തന്നെ തൊഴിൽ ക്ഷമതയുടെ അപര്യാപ്തതയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടാതെ തരമില്ല.
തൊഴിൽക്ഷമത പരിപോഷിപ്പിക്കൽ ദിശയിൽ നൈപുണ്യ വികസന പദ്ധതികൾ. നൈപുണ്യമാർജിച്ച തൊഴിൽസേനയെ സൃഷ്ടിക്കുകയെന്നതാണ് ഇത്തരം പദ്ധതികളുടെ പ്രഖ്യാപിത ലക്ഷ്യം. പൊതുഖജനാവിൽനിന്ന് നൈപുണ്യവികസനത്തിനായ് 2017-2022 കാലയളവിൽ സ്‌കിൽ ഇന്ത്യ മിഷനിലൂടെ ഏകദേശം 15,193 കോടി രൂപ ചെലവഴിക്കപ്പെട്ടു. പരിശീലനാനന്തരം പക്ഷേ, നല്ല വേതനമുള്ള ജോലികൾ ലഭിക്കുമെന്നുറപ്പില്ല. മാന്യമായ വേതനം ലഭ്യമാക്കപ്പെടുവാനുതകുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നതാണ് ഇതിന് കാരണം.
നൈപുണ്യവികസനത്തിനായി സർക്കാർ ചെലവഴിക്കുന്ന ഭീമമായ തുക തൊഴിൽദാതാക്കൾ നൽകുന്ന വേതനഘടനയുമായി പൊരുത്തപ്പെടുന്നതേയില്ല. പൊതുപണം ചെലവഴിച്ച് വൈദഗ്ദ്ധ്യവൽക്കരിക്കപ്പെടുന്ന തൊഴിൽസേനയ്ക്ക് ജീവിതച്ചെലവിന് ആനുപാതികമായ കൂലി ഉറ പ്പാക്കുന്നതിൽ കോർപറേറ്റുകളുടെ താല്പര്യവാഹകസംഘമായ ഭരണകർത്താക്കൾക്ക് താല്പര്യക്കുറവ്. അതിനാൽ കോടികൾ ചെലവഴിക്കപ്പെടുന്ന നൈപുണ്യവികസന പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കൾ തൊഴിലാളികളല്ല. കോർപറേറ്റുകളും പരിശീലനം നൽകുന്ന സ്ഥാപനങ്ങളുമാണ്. കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്യാനുള്ള മാനവവിഭവശേഷി സൃഷ്ടിക്കുന്നതിലപ്പുറം ഈ പദ്ധതികൾ പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുന്ന ഫലപ്രദമായ ഉപാധിയായി മാറുന്നില്ല.
ലളിതമായി പറഞ്ഞാൽ നൈപുണ്യവികസനപദ്ധതികളിലൂടെ നൈപുണ്യമാർജിച്ച് തൊഴിൽ തരപ്പെടുന്നവരുടെ പ്രതിശീർഷ വരുമാനത്തിൽ കാര്യമായ വ്യതിയാനങ്ങളുണ്ടാകുന്നില്ല. പൊതുഖജാനവിൽനിന്നു പണം മുടക്കുമ്പോഴതിന്റെ ആദ്യ ഗുണഭോക്താക്കൾ പൊതുജനങ്ങളാകണമെന്നതിൽ ഭരണകർത്താക്കൾ വേണ്ടത്ര ഊന്നൽ നൽകുന്നില്ല. അതേസമയം പൊതുജനക്ഷേമപദ്ധതികളെന്ന പേരിൽ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ ആത്യന്തികമായി കോർപറേറ്റുകൾക്ക് കൂടുതൽ ഗുണകരമാകുന്ന അവസ്ഥയാണ്. ഇതിൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ ശക്തമായ സ്വാധീനം വ്യക്തമാണ്.
ലോകത്തിൽ ഏറ്റവും ഉയർന്ന ആരോഗ്യച്ചെലവ് സാമ്രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 40 കോടി ജനങ്ങൾക്ക് - ജനസംഖ്യയുടെ 30 ശതമാനം - ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ല. ലഭ്യമാക്കപ്പെടുന്ന വരുമാനത്തിൽനിന്ന് നല്ലൊരു ഭാഗം ആരോഗ്യ പരിചരണത്തിനായി ചെലവഴിക്കപ്പെടുന്നു. അതേസമയംതന്നെ സാധാരണ ജനങ്ങളുടെ ഔട്ട്-ഓഫ്-പോക്കറ്റ് മെഡിക്കൽ ചെലവുകൾ കുറയുന്നുവെന്ന അവകാശവാദത്തിലൂന്നിയുള്ള സർക്കാർ ഡാറ്റകൾ നിരത്തപ്പെടുന്നതിൽ കുറവൊന്നുമില്ല.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് (എൻ.എച്ച്.എ) റിപ്പോർട്ട് (2020-2022) പറയുന്നത് ഔട്ട് ഓഫ് പോക്കറ്റ് മെഡിക്കൽ ചെലുവുകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ്. ആരോഗ്യപരിചരണ ചെലവുകളിൽ കോവിഡ് മഹാമാരി തീർത്ത കനത്ത പ്രത്യാഘാതങ്ങളുൾപ്പെടെയുള്ള ഗൗരവമേറിയ വസ്തുതകൾ പക്ഷേ ഈ സർക്കാർ റിപ്പോർട്ടിൽ പ്രതിപാദിപ്പിക്കപ്പെടാതെ പോയി എന്നത് കാണാതെ പോകരുത്.
കൺസ്യൂമർ എക്‌സ്‌പെന്റിച്ചർ സർവേ (2022-2023), ലോഞ്ചിറ്റിയൂഡിനൽ ഏജിങ് സ്റ്റഡി ഇൻ ഇന്ത്യ (2023), സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കൺസ്യൂമർ പിരമിഡ്‌സ് ഹൗസ്‌ഹോൾഡ് സർവേ, നാഷണൽ ഇൻകം അക്കൗണ്ടുകൾ തുടങ്ങിയ ഡാറ്റാ സ്രോതസ്സുകൾ എൻ.എച്ച്.എ ഡാറ്റയ്ക്ക് വിരുദ്ധമാണ്.
താഴെത്തട്ടിലുള്ള 40 ശതമാനം വരുന്ന 12 കോടിയിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് (ഏകദേശം 55 കോടി ഗുണഭോക്താക്കൾ) പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണപദ്ധതിയാണ് ആയുഷ്‌മാൻ ഭാരത് പി.എം.ജെ.എ.വൈ. ചികിത്സാച്ചെലവുകൾ സാധാരണക്കാർക്ക് സാമ്പത്തിക ഭാരമാകരുതെന്ന നിലയിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ ഉൾപ്പെടുത്തിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
രാജ്യത്തുടനീളമുള്ള 31,466 ആശുപത്രികൾ പദ്ധതിയുടെ ഭാഗമാണ്. 2025 ജൂലൈ വരെ 9.84 കോടിയിലധികം പേർക്ക് ചികിത്സ നൽകുന്നതിനായി എംപാനൽ ചെയ്യപ്പെട്ട ആശുപത്രികൾക്ക് 1.40 ലക്ഷം കോടി രൂപയിലധികം അനുവദിച്ചിട്ടുണ്ട്. 2019-2025-2026 കാലയളവിൽ പി.എം.ജെ.എ.വൈയ്ക്കായി കേന്ദ്ര ബജറ്റിൽ 51,349 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സർക്കാർ ധനസഹായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് തുടങ്ങിയ ചെലവുകളാണ് ആരോഗ്യമേഖലയിലെ ജി.ഡി.പി വിഹിതത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്.
പി എം ജെ എ വൈ പോലുള്ള പദ്ധതികൾ സഹായകരമാണെങ്കിലും ദന്തചികിത്സ, വന്ധ്യതാചികിത്സ, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവ പരിരക്ഷാപരിധിയിലുൾപ്പെടുന്നില്ല. ഇതുമൂലം സാധാരണക്കാരുടെ ആരോഗ്യച്ചെലവ് സർക്കാർ പദ്ധതികളിൽ മാത്രം ഒതുങ്ങുന്നില്ല. ഇത്തരം പരിമിതികൾ സർക്കാർ ധനസഹായ ഇൻഷുറൻസ് ഉപയോക്താക്കളേയും ചെലവേറിയ സ്വകാര്യ ചികിത്സയെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു. സ്വന്തം പോക്കറ്റിൽനിന്നുള്ള ചെലവുകളിൽനിന്നു മോചനം നേടാൻ സർക്കാർ ആരോഗ്യപരിരക്ഷ പദ്ധതികൾ പര്യാപ്തമല്ലെന്ന അവസ്ഥയിൽ സാധാരണക്കാർക്കുമേലുള്ള സാമ്പത്തിക സമ്മര്‍ദം തുടരുന്നു.
2017-ലെ ദേശീയ ആരോഗ്യനയമനുസരിച്ച് 2025 ആകുമ്പോഴേക്കും പൊതുജനാരോഗ്യ ചെലവ് ജി.ഡി.പിയുടെ 2.5 ശതമാനമെന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം ഇനിയും കൈവരിക്കാനായിട്ടില്ല. ആരോഗ്യ ജി.ഡി.പി വിഹിതത്തെ വിഴുങ്ങുകയാണ് സർക്കാർ ധനസഹായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ. ഭീമമായ ബജറ്റ് വിഹിതത്തിന്റെ സിംഹഭാഗവും സ്വകാര്യ ചികിത്സാദാതാക്കളുടെ കൈകളിലാണെത്തുന്നത്. ഇത് പൊതുജനാരോഗ്യ പദ്ധതികൾക്കുള്ള ഫണ്ടുവിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.
പൊതുജനാരോഗ്യരംഗത്തെ സർക്കാർ നിക്ഷേപം ശോഷിക്കുന്നിടത്ത് സ്വകാര്യ ആരോഗ്യമേഖല പുഷ്‌ടിപ്പെടുകയാണ്. ഇതിന്റെ തിക്തഫലമേറ്റുവാങ്ങേണ്ടിവരിക ചികിത്സാച്ചെലവുകള്‍ സർക്കാർ വച്ചുനീട്ടുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ അപര്യാപ്തമെന്ന സാഹചര്യത്തിലാകും.
സർക്കാർ സ്‌പോൺസേഡ് ആരോഗ്യ/മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളുടെ ആത്യന്തിക ഗുണഭോക്താക്കൾ പ്രധാനമായും സ്വകാര്യ ആശുപത്രികളും ഇൻഷുറൻസ് കമ്പനികളുമാണെന്ന വിമർശനം ശക്തമാണ്. എന്നിട്ടും പൊതുമേഖലയിൽ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് പകരം സ്വകാര്യമേഖലയെ മുൻനിറുത്തി ബജറ്റുകൾതോറും ഇത്രയും ഭീമമായ തുക ചെലവഴിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകുന്നില്ല.
ജി ഡി പിയുടെ രണ്ട് ശതമാനത്തിൽ താഴെയാണ് പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്നത്. സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികളിലൂടെ ഈ വിഹിതത്തിന്റെ വലിയൊരു ഭാഗം സ്വകാര്യമേഖലയിലേക്ക് ഒഴുകുന്നു. മുഴുവൻ ബജറ്റ് വിഹിതവും പൊതുമേഖലാ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വിനിയോഗിച്ചാൽ പൊതുജനാരോഗ്യ സംവിധാനം സ്വയംപര്യാപ്തമാകുമെന്ന് വ്യക്തമാണ്.
സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന പണം പൊതുമേഖലയിൽ ആരോഗ്യ അടിസ്ഥാന സൗകര്യത്തിനായി വിനിയോഗിക്കുകയാണ് വേണ്ടത്. നികുതിദായകരുടെ പണം സ്വകാര്യ ആരോഗ്യമേഖലയ്ക്ക് ഗുണകരമാകുന്ന നിലവിലെ മാതൃകയിൽ അടിസ്ഥാനപരമായ തിരുത്തൽ അനിവാര്യമാണ്.
മെഡിക്കൽ/ഹെൽത്ത് ഇൻഷുറൻസിനായി സർക്കാർ ചെലവഴിച്ച തുക. രാജ്യത്തുടനീളമുള്ള എംപാനൽഡ് സ്വകാര്യ ആശുപത്രികൾക്ക് നൽകിയ റീഇംബേഴ്‌സ്‌മെന്റ് തുക. ഈ ഇനങ്ങളിൽ കഴിഞ്ഞ 11 വർഷം മൊത്തമെത്ര തുക പൊതുഖജനാവിൽനിന്ന് ചെലവഴിക്കപ്പെട്ടുവെന്നതു സംബന്ധിച്ച് ധവളപത്രമിറക്കുവാൻ മോദി സർക്കാർ തയ്യാറാകണം. ഇതേ കാലയളവിൽ മൊത്തം ബജറ്റ് വിഹിതത്തിൽനിന്ന് പൊതുമേഖലയിൽ ആരോഗ്യരംഗത്തെ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി ചെലവഴിച്ച പണത്തിന്റെ കൃത്യമായ വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്.
പുത്തൻ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വികസനത്തിനായുള്ള പൊതുനിക്ഷേപങ്ങൾ മന്ദഗതിയിലായി. ആരോഗ്യമേഖലയിലേതുപോലെത്തന്നെ വിദ്യാഭ്യാസരംഗത്തും സ്വകാര്യ മൂലധനനിക്ഷേപമേറി. ഇതിന്റെ ഫലമായി വിദ്യാഭ്യാസം പൊതുജനങ്ങൾക്ക് കൂടുതൽ ചെലവേറിയതായി. സ്‌കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഫീസ് കുത്തനെ ഉയർന്നു. മത്സരാധിഷ്ഠിത പരീക്ഷാപരിശീലന - എഡ്യുടെക്ക് ഓൺലൈൻ വിദ്യാഭ്യാസച്ചെലവുകളും സാധാരണക്കാർക്ക് താങ്ങാവുന്നതിനുമപ്പുറമാണ്.
ദേശീയ വിദ്യാഭ്യാസനയം-2020-ന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ഓഫ് ഇന്ത്യ ബിൽ നടപ്പു പാർലമെന്റു സമ്മേളന(2025 ശീതകാല സമ്മേളനം)ത്തിൽ പാസ്സാക്കിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഉന്നതവിദ്യാഭ്യാസരംഗത്തെ ആഗോള മത്സരക്ഷമതയിലേക്ക് ഉയർത്തുന്നതിനുതകുമെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവൽക്കരണ പ്രക്രിയയെ ത്വരിതപ്പെടുത്തുകയെന്നതാണ് ബിൽ ആത്യന്തികമായി ലക്ഷ്യമിടുന്നത്.
കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം ജി.ഡി.പിയുടെ ആറു ശതമാനമെന്നതാണ് ശുപാർശ. വർത്തമാനകാല വിഹിതം പക്ഷേ, 4.6 ശതമാനം മാത്രം. അതായത് വിദ്യാഭ്യാസരംഗത്തെ പൊതുനിക്ഷേപം വർദ്ധിപ്പിക്കപ്പെടുന്നില്ലെന്നിടത്ത് സ്വകാര്യമേഖലയെ ആശ്രയിക്കുകയെന്നല്ലാതെ ബദലുകളില്ല. വിദ്യാഭ്യാസ മേഖലയെ സ്വകാര്യ മൂലധന നിക്ഷേപകർ ഇനിയും കയ്യടക്കുന്നതോടെ വിദ്യാഭ്യാസം, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസം - നിഷേധിക്കപ്പെടുന്നവരുടെ എണ്ണം ഇനിയുമേറെ കനംവെയ്ക്കും. അപ്പോഴും തങ്ങളുടെ അല്പവരുമാനം കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ ബാധിക്കാതിരിക്കുവാൻ സാധാരണക്കാർ ശ്രദ്ധിക്കും. ഇവിടെയാണ് വിദ്യാഭ്യാസ വായ്പയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ കുതിച്ചുകയറ്റം ഇനിയും കാണാനിരിക്കുന്നത്.
വേതനം നിത്യജീവിതച്ചെലവുകൾക്കു മാത്രമേ മതിയാകുന്നുള്ളൂ. അതിനാൽ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കായി വായ്പകളെ ആശ്രയിക്കേണ്ട അവസ്ഥ ശക്തമാകുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് വിദ്യാഭ്യാസ വായ്പാ ആവശ്യക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2024 ജനുവരി വരെ വിദ്യാഭ്യാസത്തിനായുള്ള ബാങ്ക് വായ്പകൾ 23 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി രൂപയായി. വായ്പയെടുക്കുന്ന ഈ സഹസ്രകോടികൾ പക്ഷേ, ആത്യന്തികമായി സ്വകാര്യ വിദ്യാഭ്യാസമേഖലയുടെ പണപ്പെട്ടിയിലെത്തുമ്പോൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലാഭഗ്രാഫ് മാത്രമാണ് ഉയരുന്നത്.
വിദ്യാഭ്യാസ വായ്പകളേറെയും കുടിശ്ശികയാണ്. 2024 ജൂലൈയിലെ കണക്കനുസരിച്ച് ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പകളുടെ കുടിശ്ശിക ആകെ 123,066 കോടി രൂപ. വായ്പയെടുത്ത് വിദ്യാഭ്യാസം നേടിയിട്ടും ഉദ്യോഗാർത്ഥികൾക്ക് മാന്യമായ വേതനമുള്ള തൊഴിൽ ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യമാണ് കുടിശ്ശിക വർദ്ധനയിൽ വ്യക്തമാകുന്നത്. ജീവിതച്ചെലവിന് അനുസൃതമായ വേതനമില്ലെന്നതിനാൽ നീക്കിയിരിപ്പുണ്ടാകുന്നില്ല. ആളോഹരിവരുമാനത്തിൽ കാര്യമായ ഉയർച്ചയുണ്ടാകുന്നില്ല. ഇതിന്റെ ഫലമായി വായ്പ തിരിച്ചടവില്ലാതെ വിദ്യാഭ്യാസവായ്പ കുടിശ്ശികയാകുന്നു. സാമ്പത്തിക ബാധ്യതയായി മാറുന്നു. ഈ ബാധ്യത സിബിൽ സ്‌കോറിനെ ദുർബലമാക്കുന്നതോടെ പിന്നീട് വായ്പ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഇതിന്റെ ആത്യന്തിക പരിണതിയായി സാമ്പത്തിക അസമത്വങ്ങൾ കൂടുതൽ ശക്തമാകുകയാണ്.
കുടുംബങ്ങൾ കൊടിയ സാമ്പത്തിക ഭാരത്തിന്റെ പിടിയിലാണ്. ഭക്ഷ്യപണപ്പെരുപ്പം ഒഴിയാബാധയാകുമ്പോൾ ദൈനംദിന ജീവിതച്ചെലവിനെ കിട്ടുന്ന കൂലിയുമായി കൂട്ടിമുട്ടിക്കുവാനാകുന്നില്ല. ജീവിതനിലവാരത്തെ ഉത്തേജിപ്പിക്കുവാനാകാത്ത, കേവലം അതത് ദിവസം കഷ്ടിച്ച് ജീവൻ നിലനിർത്തിപ്പോയാൽ മതിയെന്ന നിലയിലുള്ള വേതനഘടനയിൽ സമ്പാദ്യം സ്വരൂപിക്കൽ സാധ്യമല്ല. മിനിമം കൂലിയെന്ന സമ്പ്രദായം തുടരുവോളം കഷ്ടിച്ചു നിലനിന്നുപോകാമെന്നതിനുമപ്പുറം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ വളർച്ചയുടെ ഗ്രാഫിൽ ഇടം പിടിക്കുകയില്ല. ആളോഹരി വരുമാനമെന്നത് കേവലം ജീവിച്ചുപോകുകയെന്നവസ്ഥയിൽ! ഇതിൽനിന്നു വ്യത്യസ്തമായി സമ്പാദ്യം/ആസ്തി സൃഷ്ടിക്കപ്പെടുവാനുതകുന്ന വരുമാനം പ്രദാനം ചെയ്യുന്ന തൊഴിൽ സാഹചര്യം സൃഷ്ടിച്ചുകൊണ്ടാകണം സമ്പദ്‌വ്യവസ്ഥാവളർച്ച ഘോഷിക്കപ്പെടേണ്ടത്.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഗാർഹിക കടം ഇരട്ടിയിലധികമായി. ജാഗ്രതയാർന്ന മിതവ്യയത്തിലൂടെ വരുമാനത്തെ സമ്പാദ്യമാക്കുന്ന ശീലത്തിന്റെ ഉടമകളാണ് ഇന്ത്യൻ ജനതയെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ കുടുംബങ്ങൾ കടമെടുക്കാതെ ഒരിഞ്ചു മുന്നോട്ടുപോകാനാവില്ലെന്ന അവസ്ഥയിലാണ്. റിസർവ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് (2024) പ്രകാരം രാജ്യത്തെ ഗാർഹിക കടം ജി ഡി പിയുടെ 42-43 ശതമാനമായി. 2015-ല്‍ ഇത് കേവലം 26 ശതമാനം മാത്രമായിരുന്നു. അതായത് ആകെ കടം ഏകദേശം മൂന്നിരട്ടിയായി. വെറും രണ്ട് വർഷത്തിനുള്ളിൽ വ്യക്തിഗത ശരാശരി കടം 23 ശതമാനത്തിലേക്ക് കുതിച്ചു. ദേശീയ വരുമാനത്തിന്റെ ഇരട്ടി വേഗതയിൽ വ്യക്തിയുടെ ശരാശരി കടം വർദ്ധിക്കുന്നു. 2023-ൽ 3.9 ലക്ഷം രൂപയായിരുന്നത് 2025 മാർച്ചോടെ 4.8 ലക്ഷം രൂപയായി ഉയർന്നു.
ഗാർഹിക കടം ജി ഡി പിയുടെ 42-43 ശതമാനമെന്നതിൽ 28 കോടിയിലധികം ജനങ്ങൾ വായ്പാകുടിശ്ശികക്കാരാണ്. വായ്പയുടെ ഏകദേശം 55 ശതമാനം ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, സ്വർണ വായ്പകൾ തുടങ്ങിയ റീട്ടെയിൽ വായ്പകൾ. അതേസമയം പരമ്പരാഗത ഭവന വായ്പകൾ മൊത്തം കുടുംബകടത്തിന്റെ ഏകദേശം 29 ശതമാനം മാത്രമാണ്.
ആർ ബി ഐ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് (2024) വ്യക്തമാക്കുന്നത് 50000 രൂപയിൽ താഴെയുള്ള വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണത്തിൽ വർഷം തോറും 30 ശതമാനത്തിലധികം വർദ്ധന. 2023-ൽ നടപ്പിലാക്കിയ യു പി ഐ ക്രെഡിറ്റ് ലൈൻ പ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങുന്നതുപോലും കടമായി! 2025-2032 വേളയിൽ ഇന്ത്യയിലെ വ്യക്തിഗത വായ്പാവിപണി 15 ശതമാനത്തിലധികം വാർഷിക വളർച്ചയിലെത്തുമത്രെ. വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഏറെ ഉയർന്നതാണുതാനും. നിത്യോപയോഗ വസ്തുക്കൾ വാങ്ങുന്നതിനുപോലും വായ്പയെ ആശ്രയിക്കേണ്ട നിർബന്ധിതാവസ്ഥയില്‍ അകപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുന്നിടത്ത് ജി.ഡി.പി വളർച്ച അതിവേഗത്തിലെന്ന് പെരുപ്പിക്കുന്നതിനു പിന്നിൽ ഇല്ലാത്ത ഭരണനേട്ടമുണ്ടെന്നു സ്ഥാപിച്ചെടുക്കുകയാണ്.
ആസ്തികൾ സൃഷ്ടിക്കുന്നതിനുപകരം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനാണ് വർദ്ധിച്ചുവരുന്ന ഗാർഹിക വായ്പകൾ വിനിയോഗിക്കപ്പെടുന്നത്. ഉല്പാദനപരമായ നിക്ഷേപത്തെക്കാൾ ഉപഭോഗം അടിസ്ഥാനമാക്കിയുള്ള കടം വാങ്ങലുകൾ! കടം-ജി.ഡി.പി അനുപാതം വേഗത്തിൽ ഉയരുകയാണ്. 2025-ന്റെ തുടക്കത്തിൽ രാജ്യത്തിന്റെ ഗാർഹികകടം-ജി.ഡി.പി അനുപാതം ഏകദേശം 42-43 ശതമാനത്തിലെന്നത് രാജ്യത്തിന്റെ ദീർഘകാല സുസ്ഥിര വളർച്ചയുടെ അടിത്തറയെ ദുർബലപ്പെടുത്തുന്നതിലേ കലാശിക്കൂ.
മുടക്കംവരാതെ മാസ തവണകളും പലിശയും അടച്ചുതീർക്കേണ്ട നെട്ടോട്ടത്തിലാണ് വായ്പയെടുത്തവർ. ഇവിടെയാണ് ജീവിതച്ചെലവുകൾ നിവൃത്തിക്കുന്നതിനിടയിൽ സമ്പാദ്യം കയ്യെത്താദൂരത്തെന്ന ദുരവസ്ഥ സൃഷ്ടിക്കപ്പെടുന്നത്. ജീവിതച്ചെലവുകൾക്ക് ആനുപാതികമായി വരുമാനമില്ല. മഹാഭൂരിപക്ഷത്തിനും സ്വത്തുസമ്പാദനമെന്നതിലേക്ക് എത്തിപ്പിടിക്കുവാനാകുന്നില്ല. അതിനാൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ വായ്പയല്ലാതെ മറ്റൊരു ആശ്രയമില്ല.
വായ്പയെ വരുമാന വർദ്ധന/വളർച്ചയ്ക്കുള്ള/ആസ്തി വികസന ഉപാധികളിലെന്നായാണ് സാമ്പത്തികശാസ്ത്രം കാണുന്നത്. ഇവിടെ പക്ഷേ പുത്തൻ വരുമാന സാധ്യതകൾ തുറക്കുന്നതിന്റെ ദിശയിൽ വായ്പകൾ മൂല്യവൽക്കരിക്കപ്പെടുന്നില്ല. പകരം ദൈനംദിന ജീവിതച്ചെലവുകൾക്കായി വായ്പയെടുക്കുന്നിടത്ത് ആസ്തിവികസനത്തെ സാധ്യമല്ലാതാക്കുകയാണ്. ജീവിത ചെലവുകൾക്കനുസൃതമായി വരുമാന പിൻബലമില്ലാത്ത അവസ്ഥയിൽ വായ്‌പാക്കെണിയിലകപ്പെടാതെ നിലനിന്നുപോകാനാവില്ലെന്ന അവസ്ഥയിലാണ് രാജ്യത്തിന്റെ ജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ. ഈ വലിയൊരു വിഭാഗത്തെ ഇരുട്ടിൽ നിറുത്തിയാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളർച്ചയിലെന്ന് പ്രചരിപ്പിക്കപ്പെടുന്നത്.
മോദി സർക്കാർ 2014-2015 മുതൽ 2018-2019 കാലയളവിൽ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് 4.32 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകൾ നൽകിയതായി വിവിധ വർഷങ്ങളിലെ ബജറ്റ് രേഖകൾ പറയുന്നു. ഇളവുകൾ 2014-2015-ലെ 65,067 കോടി രൂപയിൽനിന്ന് അതിന്റെ അവസാന വർഷം 2018-2019-ൽ ഏകദേശം 1.09 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഈ ഇളവുകൾ കേന്ദ്രസർക്കാരിന്റെ മൊത്തം നികുതിവരുമാനത്തിന്റെ ഏകദേശം 7.6 ശതമാനമായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോർപറേറ്റുകൾ ശ്രദ്ധേയമായ സാമ്പത്തികശക്തി പ്രകടിപ്പിച്ചിട്ടുണ്ട്. കോർപറേറ്റ് ലാഭം 2020-2025 സാമ്പത്തിക വർഷത്തിനിടയിൽ രാജ്യത്തിന്റെ ജി.ഡി.പിയെക്കാൾ ഏകദേശം മൂന്നിരട്ടി വേഗത്തിൽ വളർന്നുവെന്ന് അയോണിക് വെൽത്ത് (ഏഞ്ചൽ വൺ- ജൂലൈ 2025) സമാഹരിച്ച ഡാറ്റയെ ആധാരമാക്കി പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പറയുന്നു. ലാഭം-ജി.ഡി.പി അനുപാതം 6.9 ശതമാനമായി ഗണ്യമായി ഉയർന്നതായും പ്രസ്തുത റിപ്പോർട്ട്.
ലാഭക്ഷമതയിലെ കോർപറേറ്റുകളുടെ വർദ്ധനവ് പക്ഷേ, ആഭ്യന്തര സ്വകാര്യ മൂലധന ചെലവിൽ ആനുപാതികമായ വർദ്ധന രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ ഗണ്യമായ കോർപറേറ്റ് നികുതി ഇളവുകളും ആനുകൂല്യങ്ങളും (പി.എൽ.ഐ സ്‌കീമുകൾ പോലുള്ളവ) നൽകി ലാഭക്ഷമത വർദ്ധിപ്പിക്കുന്നുവെങ്കിലും അത് കൂടുതൽ ഉയർന്ന നിലവാരമുള്ളതും ഉല്പാദനക്ഷമവുമായ തൊഴിലവസരങ്ങളും ആഴത്തിലുള്ള നിക്ഷേപവും സൃഷ്ടിക്കുന്നതിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നില്ല.
കോർപറേറ്റുകൾക്ക് നൽകുന്ന വൻതോതിലുള്ള നികുതി ഇളവുകളും ആനുകൂല്യങ്ങളും യഥാർത്ഥത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളായി മാറുന്നുണ്ടോയെന്ന സംശയം പാർലമെന്റിൽ ഉയർന്നു. 2023-ലെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അഡ്വ. ജെബി മേത്തർ എം.പി ഉന്നയിച്ച ഈ ചോദ്യത്തിന് 12.12.2023-ന് കോർപറേറ്റ് കാര്യ വകുപ്പ് മന്ത്രി പറഞ്ഞത് അത്തരം വിവരങ്ങൾ സമാഹരിക്കപ്പെട്ടിട്ടില്ലെന്നാണ്. വൻ ഇളവുകൾ കൈപ്പറ്റുന്ന കോർപറേറ്റുകൾ രാഷ്ട്രനിർമാണത്തിൽ കാര്യമായ സംഭാവനകൾ നൽകുന്നില്ലെന്ന സത്യം പുറത്തറിയരുതെന്ന സർക്കാർ നിലപാടാണ് ഇത്തരം വിവരങ്ങൾ സമാഹരിക്കേണ്ടതില്ല എന്നതിലൂടെ വ്യക്തമാകുന്നത്.
പൊതുഖജനാവിന്റെ ചെലവിൽ സർക്കാർ വച്ചുനീട്ടുന്ന ആനുകൂല്യങ്ങളിലൂടെ സമാഹരിക്കുന്ന മൂലധനം ഇവിടെ ചെലവഴിക്കാതെ വിദേശത്ത് നിക്ഷേപമാക്കി മാറ്റുവാനുള്ള അവസരങ്ങൾ ഇന്ത്യൻ കോർപറേറ്റുകൾക്ക് സൃഷ്ടിച്ചുകൊടുക്കുന്നതിൽ സർക്കാർ സദാ സന്നദ്ധമെന്നത് കണക്കുകൾ വ്യക്തമാകുന്നുണ്ട്.
രാജ്യത്തിനു പുറത്തേക്കുള്ള ഇന്ത്യൻ കോർപറേറ്റ് നിക്ഷേപങ്ങൾ 67.74 ശതമാനം വർദ്ധിച്ച് 2025 സാമ്പത്തിക വർഷത്തിൽ 41.6 ബില്യൺ യു.എസ് ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിലിത് 24.8 ബില്യൺ യു.എസ് ഡോളറെന്ന് ഏണസ്റ്റ് & യങ് (EY) റിപ്പോർട്ട്. രാജ്യത്തിന്റെ ജി.ഡി.പിയെക്കാൾ മൂന്നിരട്ടി വേഗത്തിൽ കോർപറേറ്റ് ലാഭം വളരുവാൻ ആവോളം അവസരമൊരുക്കിക്കൊടുക്കുകയാണ്. അതേസമയം ഘോഷിക്കപ്പെടുന്ന ജി.ഡി.പി വളർച്ചയ്ക്കൊപ്പം ആളോഹരി വരുമാനത്തെ ശക്തിപ്പെടുത്താനുള്ള സൃഷ്ടിപരമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നത് രാജ്യത്തെ ബഹുഭൂപരിപക്ഷം വരുന്ന സാധാരണക്കാരോടുള്ള മോദി സർക്കാരിന്റെ കടുത്ത വെല്ലുവിളിയല്ലാതെ മറ്റെന്താണ്?
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പൊതുകടത്തിൽ മുങ്ങിയിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025-ലെ ദ്വിവാർഷിക സാമ്പത്തിക സ്ഥിരത റിപ്പോർട്ടു പ്രകാരം ഇന്ത്യയുടെ വിദേശകടം കഴിഞ്ഞ സാമ്പത്തിക വർഷം 668.8 ബില്യൺ യു.എസ് ഡോളർ. മുൻപാദത്തിലെ 735.9 യു.എസ് ഡോളർ ബില്യണിൽനിന്ന് രാജ്യത്തിന്റെ വിദേശ കടം 2025 ജൂണിൽ 747.2 ഡോളർ ബില്യണിലെത്തി! ഘോഷിക്കപ്പെടുന്ന ജി.ഡി.പി വളർച്ചയിൽ കുതിച്ചുയരുന്ന വിദേശകടത്തിന്റെ ഭാരിച്ച ബാധ്യത അന്തർലീനമെന്നത് ശ്രദ്ധിക്കപ്പെടാതെ പോകരുത്.
സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തിലല്ല ഊറ്റംകൊള്ളേണ്ടത്. ജനസംഖ്യയിലെ ബഹുഭൂപരിക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതനിലവാരം മികവുറ്റതാക്കുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്. രാജ്യത്തിൽ ജി.ഡി.പി വളർച്ചയിൽ സർവതോമുഖമായ വളർച്ച പ്രകടമാകുന്നുണ്ടോയെന്നതിലാണ് ഊന്നൽ വേണ്ടത്. അഞ്ചു ട്രില്യൺ ഡോളറിലേക്ക് സമ്പദ്‌വ്യവസ്ഥ വളരുന്നിടത്ത് വിശപ്പിന്റെ വിളിക്ക് ശമനമിടുവാനാകുന്നുണ്ടോ? മാനവ വികസന സൂചികയിൽ ശ്രദ്ധേയമായ മാറ്റം പ്രകടമാകുന്നുണ്ടോ? ഇത്തരം സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതുണ്ട്.
ഇന്ത്യയ്ക്ക് മഹത്തായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുവാനാകുമെന്നതിൽ തർക്കത്തിനിടമില്ല. അതിസമ്പന്നമായ മാനവവിഭവശേഷി തന്നെയാണ് രാജ്യത്തിന്റെ ശ്രേഷ്ഠമായ വളർച്ചയ്ക്ക് മുതൽക്കൂട്ട്. ഈ മാനവശേഷികൂടി സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമെന്ന അനുകൂല സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്. കേവലം ഒരു രൂപ നിരക്കിൽ നൂറുകണക്കിന് ഏക്കർ ഭൂമി കോർപറേറ്റുകൾക്ക് പതിച്ചുനൽകുന്ന ചങ്ങാത്ത മുതലാളിത്ത രീതിയിൽ അടിയന്തര പുനരാലോചനയാണ് ഇന്നിന്റെ ആവശ്യം.
തലക്കെട്ടുകളിൽ നിരത്തപ്പെടുന്ന ജി.ഡി.പി വളർച്ചാക്കണക്കുകളും ബഹുഭൂരിപക്ഷത്തിന്റെ യാഥാർത്ഥ ജീവിതാവസ്ഥയും തമ്മിലുള്ള അന്തരം ആത്മാർത്ഥതയോടെ, കൃത്യതയോടെ തിട്ടപ്പെടുത്തിയുള്ള ഇടപെടലുകളിലൂടെ മാത്രമേ സർവതോമുഖ വളർച്ച സാധ്യമാകൂ. രാജ്യത്തിന്റെ വളർച്ച നിർണയിക്കപ്പെടുന്നതിന്റെ മാനദണ്ഡം ചുരുക്കം ചില സമ്പന്നരുടെ കൈകളിൽ കുമിഞ്ഞുകൂടുന്ന സമ്പത്തെന്ന അവസ്ഥയിൽ കാതലായ തിരുത്തലുകളാണ് ഇന്നത്തെ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പിൻബലമാകേണ്ടത്.
ലേഖകൻ ഇന്ത്യൻ ചരിത്ര ഗവേഷണ റിസർച്ച് ഫെല്ലോയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates