ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, കേരള മോഡൽ ആധുനിക കാലഘട്ടത്തിലെ പൊതുജനാരോഗ്യ വെല്ലുവിളികളെ വിജയകരമായി ചെറുത്തിട്ടുണ്ടോ എന്ന ചോദ്യമാണ് പലപ്പോഴും ഉയരുന്നത്.
കേരളം ഇപ്പോഴും ഉയർന്ന ആയുസ്സ്, കുറഞ്ഞ ശിശുമരണനിരക്ക്, മാതൃത്വമരണനിരക്ക്, അനുകൂലമായ ലിംഗാനുപാതം തുടങ്ങിയവയിലൂടെ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ഈ കണക്കുകൾ സംസ്ഥാനത്തിന്റെ ആരോഗ്യ നയങ്ങളുടെയും സാമൂഹിക വികസനത്തിന്റെയും മികവിനെ എടുത്തുകാണിക്കുന്നു. എന്നാൽ, ആരോഗ്യമേഖലയിൽ ഉയർന്നു വരുന്ന മറ്റ് ചില വിഷയങ്ങൾ ഇതിനെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് മാറുകയും ചെയ്യുന്നു.
ലഭ്യമായ ആരോഗ്യ സൂചികകൾ പരിശോധിക്കുമ്പോൾ,കേരളാ മോഡൽ ഈ കാലഘട്ടത്തിന്റെ പരീക്ഷണങ്ങളെ താരതമ്യേന വിജയകരമായി മറികടന്നതായി കാണാം. എന്നാൽ ഈ നേട്ടങ്ങൾക്കപ്പുറം, കേരളത്തിന്റെ ആരോഗ്യ രംഗം ഇപ്പോൾ അനവധി സങ്കീർണ്ണമായ വെല്ലുവിളികൾ നേരിടുകയാണ്. പരമ്പരാഗത രോഗങ്ങളിൽ നിന്ന് മുക്തമായെങ്കിലും, സംസ്ഥാനത്ത് ഇപ്പോഴും പുതിയ തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിർമ്മാർജ്ജനം ചെയ്തു എന്നു വിശ്വസിച്ചിരുന്നതടക്കമുള്ള പഴയ പലരോഗങ്ങളും മടങ്ങി വരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ നേട്ടങ്ങളുടെ ചിറകിലാണ് ആരോഗ്യ കേരളം മുന്നോട്ട് പറക്കുന്നത്. എന്നാൽ കേരളത്തിന് മുന്നിൽ ഉയരുന്ന വെല്ലുവളികൾ ആ നേട്ടങ്ങളുടെ പരിമിതികളിലേക്ക് വിരൽ ചൂണ്ടുന്നു. ലോകത്തിന് മാതൃകയാണെങ്കിലും നമ്മൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
രോഗങ്ങളുടെ സ്വഭാവത്തിൽ സംഭവിച്ച ഘടനാപരമായ മാറ്റങ്ങൾ, പ്രായമായ ജനസംഖ്യ, പാരിസ്ഥിതികമായ തകർച്ച, ഉയർന്ന ചികിത്സാചെലവുകൾ, ജനങ്ങളുടെ ആരോഗ്യപ്രവർത്തന രീതികളിലെ മാറ്റങ്ങൾ എന്നിവയൊക്കെ കേരളത്തിന് പഴയ മാതൃകയിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നു.
കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളികളിൽ ഉയർന്ന രക്താദിമർദ്ദം (ഹൈബ്ലഡ് പ്രഷർ), പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ മുന്നിൽ നിൽക്കുന്നു. 15–49 വയസ്സുള്ളവരിൽ രക്താദിമർദ്ദത്തിന് (ഹൈപ്പർടെൻഷൻ) മരുന്ന് കഴിക്കുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.
ഈ പ്രായപരിധിയിൽ പുരുഷന്മാരിൽ 17.4% വും ഹൈപ്പടെൻഷൻ മരുന്ന് കഴിക്കുന്നവരാണ്. സ്ത്രീകളിൽ 10.4% ഇതേ ജീവിത ശൈലി രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. അതേ പ്രായപരിധിയിലുള്ള പ്രമേഹരോഗികളുടെ കാര്യത്തിലും പുരുഷന്മാരാണ് മുന്നിൽ. പ്രായത്തിലുള്ള പുരുഷന്മാരിൽ 13.7% പ്രമേഹത്തിന് മരുന്ന കഴിക്കുമ്പോൾ 11.9% സ്ത്രീകളും ഇതേ രോഗത്തിന് ചികിത്സ നേടുന്നുണ്ട്.
കേരളത്തിലെ മരണനിരക്കിലെ ആരോഗ്യകാരണങ്ങൾ പരിശോധിച്ചാൽ നമ്മുടെ നേട്ടങ്ങളുടെ പട്ടികയ്ക്ക് അതുയർത്തുന്ന കനത്ത വെല്ലുവിളി കാണാനാകും. രണ്ട് ജീവിതശൈലി രോഗങ്ങൾ കേരളത്തിലെ പ്രധാന മരണകാരണമാകുന്നു എന്ന് തിരിച്ചറിയാൻ സാധിക്കും.
കേരളത്തിലെ മരണനിരക്ക് പരിശോധിച്ചാൽ ഇവിടെ സംഭവിക്കുന്ന മൂന്ന് മരണങ്ങളിൽ ഒന്ന് ഹൃദ്രോഹം മൂലം സംഭവിക്കുന്നതാണ്.
കാൻസറിന്റെ മരണനിരക്ക് പരിശോധിച്ചാൽ അതും ആശങ്കജനകമാണ്. കാൻസർ മൂലമുള്ള വാർഷിക മരണങ്ങൾ 21,990 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് ഒരു ദിവസം 60 പേരാണ് കാൻസർ ബാധിതരായി സംസ്ഥാനത്ത് മരണമടയുന്നത്.
ഇതോടൊപ്പം പുതിയ തലമുറ സാംക്രമിക രോഗങ്ങൾ, പഴയ രോഗങ്ങളുടെ തിരിച്ചുവരവ്, പ്രായമായവരുടെയും കിടപ്പുരോഗികളുടെയും പ്രശ്നങ്ങൾ, മദ്യപാനം,ലഹരിമരുന്ന് ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യകളും റോഡ് അപകടങ്ങളും എന്നിവ കേരളത്തിന് മുന്നിൽ ഉയർന്ന് നിൽക്കുന്ന വെല്ലുവിളികളിൽ ഉൾപ്പെടുന്നു. കൂടാതെ, മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, നവീന ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കേണ്ട ആവശ്യം, വർദ്ധിച്ച ചികിത്സാചെലവുകൾ, പരിമിതമായ ഗവേഷണം, ആവശ്യമായ ആരോഗ്യപ്രവർത്തകരുടെ കുറവ് തുടങ്ങിയവയും സംസ്ഥാനത്തിന് വെല്ലുവിളിയാണ്. പട്ടികജാതി,പട്ടികവർഗ വിഭാഗത്തിലെ ജനങ്ങൾ, തീരദേശവാസികൾ, സ്ത്രീകൾ, വയോധികർ, ട്രാൻസ് വ്യക്തികൾ, തൊഴിലുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിയവർ തുടങ്ങിയ സമൂഹങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സാംക്രമികേതര രോഗങ്ങളുടെ (Non-Communicable Diseases - NCDs)യും രോഗബാധിതരുടെയും എണ്ണം തന്നെയാണ്. പ്രായമായ ജനസംഖ്യയും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും മൂലം പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവ ഇപ്പോൾ മരണത്തിന്റെയും രോഗാതുരതയുടെയും പ്രധാന കാരണങ്ങളായി മാറിയിട്ടുണ്ട്. ഇത്തരം ദീർഘകാലവും ചെലവേറിയതുമായ രോഗങ്ങളെ നിയന്ത്രിക്കാൻ അടിയന്തര ചികിത്സയിൽ നിന്ന് ദീർഘകാല രോഗസംരക്ഷണത്തിലേക്കുള്ള നയപരമായ മാറ്റം കേരളത്തെ സംബന്ധിച്ചടത്തോളം അനിവാര്യമാണ്.
ഇതോടൊപ്പം കൗമാരാരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ട വിഷയമായി വളരുകയാണ്. യുവജനങ്ങളിൽ മാനസികാരോഗ്യം, പോഷകാഹാരക്കുറവ്, ലഹരിമരുന്ന് ഉപയോഗം, പ്രജനനാരോഗ്യം തുടങ്ങിയ വിഷയങ്ങൾ പ്രത്യേകം പദ്ധതികളും ബോധവത്കരണ പരിപാടികളും ആവശ്യപ്പെടുന്നവയാണ്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ കേരളത്തിൽ ജനസംഖ്യയുടെ കാര്യത്തിൽ വലിയൊരു പരിവർത്തനമാണ് സംഭവിച്ചത്. ജനനനിരക്കും മരണനിരക്കും കുറഞ്ഞതോടെ പ്രായമായ ജനസംഖ്യയുടെ അനുപാതം വേഗത്തിൽ വർദ്ധിച്ചു. ഇന്ന് കേരളത്തിൽ 60 വയസിനു മുകളിലുള്ളവർ ആകെ ജനസംഖ്യയുടെ ഏകദേശം 17 ശതമാനമാണ് — ഇന്ത്യയിലെ ഏറ്റവും ഉയർന്ന തോത്. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ സാമൂഹിക വികസന നേട്ടം തെളിയിക്കുന്നതാണ്. എന്നാൽ, അതോടൊപ്പം പ്രായബന്ധിത രോഗങ്ങളും ശാരീരികപരിമിതകളും ആശ്രിതാവസ്ഥകളും വർദ്ധിച്ചു.
വയോജന ജനസംഖ്യയുടെ വർദ്ധന ആരോഗ്യരംഗത്ത് പുതിയ ആവശ്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നു — വയോജന പരിചരണം, പുനരധിവാസം, പാലിയേറ്റീവ് കെയർ, സാമൂഹിക പിന്തുണ എന്നിവ അടിയന്തരമായി വികസിപ്പിക്കേണ്ട മേഖലകളാണ്. ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും യുവജനങ്ങളുടെ വലിയ തോതിലുള്ള കുടിയേറ്റം മൂലം കുടുംബങ്ങൾ പ്രായമായ മാതാപിതാക്കൾക്ക് ആവശ്യമായ പരിചരണം നൽകുക എന്നത് വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇതിലൂടെ ദീർഘകാല പരിചരണ സംവിധാനങ്ങളിലും സാമൂഹിക സുരക്ഷാ ഘടനകളിലും നേരിടുന്ന പ്രധാന പോരായ്മകൾ വെളിവായി.
ഇരുപതാം നൂറ്റാണ്ടിൽ പരമ്പരാഗത രോഗങ്ങളെ നിയന്ത്രിക്കാൻ കേരളം വിജയിച്ചിരുന്നെങ്കിലും, പുതിയതും തിരിച്ചുവരുന്നതുമായ രോഗങ്ങളുമായുള്ള പോരാട്ടം ഇപ്പോഴും തുടരുന്നു. 2000-കളുടെ തുടക്കത്തിൽ ചിക്കൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ വ്യാപനം കേരളം അനുഭവിക്കുന്നു, 2018 മുതൽ നിപ വൈറസ് രോഗബാധ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന് മുന്നിൽ ഗൗരവമുള്ള വിഷയമായി മാറി. 2018, 2019 കാലത്തെ പ്രളയങ്ങൾ ജലജന്യമായതും ജീവികളിലൂടെ പകരുന്നതുമായ രോഗങ്ങളും വർദ്ധിപ്പിച്ചു.
കോവിഡ്-19 മഹാമാരി കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ ഏറ്റവും കഠിനമായി പരീക്ഷിച്ച ഘട്ടമായിരുന്നു — തുടക്കത്തിൽ മികച്ച നിലയിൽ സംസ്ഥാനം അതിനോട് പോരാടി. എന്നാൽ, അത് സൃഷ്ടിച്ച ദീർഘകാല പ്രതിസന്ധിയിൽ സംവിധാനത്തിലെ അടിസ്ഥാന ദൗർബല്യങ്ങൾ പുറത്ത് വന്നു. ഈ അനുഭവങ്ങൾ നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും വളർത്തുന്ന പുതിയ രോഗ ഭീഷണികൾക്കെതിരെ നിലയുറപ്പിക്കുന്നതിൽ കേരളം ഇപ്പോഴും എത്രത്തോളം ദുർബലമാണെന്ന് തെളിയിക്കുന്നു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അടുത്തകാലത്തെ പരിസ്ഥിതി വ്യതിയാനങ്ങളും പുതിയ പൊതുജനാരോഗ്യ അപകടങ്ങൾ സൃഷ്ടിച്ചു. ആവർത്തിച്ചുള്ള പ്രളയങ്ങൾ, മണ്ണിടിച്ചിലുകൾ, അതിതീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ എന്നിവ ആരോഗ്യ സേവനങ്ങളെ തടസപ്പെടുത്തുകയും രോഗവ്യാപനം വർധിപ്പിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം കൊതുകുവഴി പകരുന്ന രോഗങ്ങളുടെ സ്വഭാവം മാറ്റുകയും ചെയ്തിരിക്കുന്നു. നഗരവൽക്കരണത്തോടൊപ്പം മാലിന്യനിർമാർജ്ജനത്തിലെ പിഴവുകളും ജലമലിനീകരണവും നഗരപ്രദേശങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായി വളർന്നു.
15/10/2023 - THIRUVANANTHAPURAM: People wading through a flooded road in Iranimuttam, Thiruvananthapuram - Express Photo by B P Deepu. [Kerala, Wea
2018 ലെ പ്രളയം സംസ്ഥാനത്തിന്റെ ആരോഗ്യ അടിസ്ഥാനസൗകര്യം ദുരന്തങ്ങളോട് പൂർണ്ണമായി പ്രതിരോധശേഷിയുള്ളതല്ലെന്ന് തെളിയിച്ചു. അതിനാൽ പരിസ്ഥിതി ആരോഗ്യം, ദുരന്തങ്ങൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ, മനുഷ്യ–മൃഗ–പരിസ്ഥിതി ബന്ധം ഉൾക്കൊള്ളുന്ന വൺ ഹെൽത്ത് (“One Health”) സമീപനം ഉൾപ്പെടുത്തേണ്ടത് അത്യന്തം അനിവാര്യമായ ഒന്നായി മാറിക്കഴിഞ്ഞു.
രോഗഭാരം (ചികിത്സാ ചെലവ്, മരണനിരക്ക്,രോഗാതുരത അകാല മരണം ശാരീരികപരിമിതി തുടങ്ങി വിവിധ സൂചകങ്ങൾ ഉപയോഗിച്ച് കണക്കാക്കുന്ന ആരോഗ്യ പ്രശ്നത്തിന്റെ ആഘാതം) ഉയരുന്ന ഈ സാഹചര്യത്തിൽ, കേരളത്തിന്റെ ആരോഗ്യ മാതൃക നിലനിർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. സംസ്ഥാന ബജറ്റിൽ പൊതുജനാരോഗ്യച്ചെലവിന്റെ അനുപാതം നിശ്ചലമായി നിൽക്കുന്നിടത്ത്, ദീർഘകാല പരിചരണത്തിനും മുൻനിര ചികിത്സയ്ക്കും ആവശ്യകത വർധിച്ചിരിക്കുന്നു.
സ്വകാര്യ ആരോഗ്യ മേഖല ആരോഗ്യരംഗത്തെ വളരെ ശക്തമായ സാന്നിദ്ധ്യമാണ്. എന്നാൽ സാമ്പത്തിക ഭാരം പൊതുമേഖലയുടെ ഭാഗത്തുമാണ്. ഇത് രണ്ടും ചേർന്നുള്ള ഇരട്ട ഘടന സാമൂഹിക അസമത്വം വർദ്ധിപ്പിക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു. അതിനാൽ, ആരോഗ്യരംഗത്ത് മതിയായ നിക്ഷേപം, കാര്യക്ഷമമായ ഇൻഷുറൻസ് സംവിധാനം, ആധുനിക ഡേറ്റാ സംവിധാനങ്ങൾ, ഗവേഷണവും വികസനവും എന്നിവ ഉറപ്പാക്കേണ്ടത് കേരളത്തിലെ ആരോഗ്യമാതൃക നിലനിർത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും അത്യധികം അവശ്യമായ കാര്യങ്ങളാണ്.
ഇത്തരം പരിമിതികളും പ്രതിസന്ധികളും നേരിടുമ്പോഴും, കേരളം സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റത്തിൽ രാജ്യത്തിലെ മുന്നണിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ( SDG)ത്തിലെ ഇന്ത്യാ സൂചികയിൽ 2023–24-ൽ കേരളവും ഉത്തരാഖണ്ഡും 79 പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു.
കേരളത്തിന്റെ പൊതുജനാരോഗ്യ നേട്ടങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ, ഭാവിയിൽ അതിന്റെ മുന്നോട്ടുള്ള ഗതി തുടരാൻ, മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് ആരോഗ്യ നയങ്ങൾ പുനരാലോചിക്കേണ്ടതുണ്ട്. പ്രതിരോധവും പ്രോത്സാഹനാത്മകവുമായ ആരോഗ്യപരിപാലനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും, അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുകയും, പ്രായമായവരുടെയും ദുർബല വിഭാഗങ്ങളുടെയും ആവശ്യങ്ങൾ മുൻഗണന നൽകുകയും വേണം.
സാമൂഹികബോധം, ജനപങ്കാളിത്തം എന്നിവയിൽ കേരളത്തിന് ഉള്ള ആനുകൂല്യം ഉപയോഗപ്പെടുത്തി, നവീനമായ സമീപനങ്ങളിലൂടെ മാത്രമേ സംസ്ഥാനത്തിന് വീണ്ടും മാതൃകയാകാൻ കഴിയുള്ളൂ. നിലവിലെ ആരോഗ്യമാതൃകയുടെ ഗുണഫലങ്ങൾ നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതിനായി ഈ മേഖലയിലേക്ക് പുതിയ ചിന്തകളെ സ്വാഗതം ചെയ്യുകയും അതിനെ പ്രവർത്തിപഥത്തിലെത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates