കഴിഞ്ഞ പത്ത്- പതിനഞ്ച് വര്‍ഷങ്ങളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചില പഠനങ്ങള്‍ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയാകെ മാറ്റിയെഴുതിയിട്ടുണ്ട്. അടിമത്തത്തെ കുറിച്ചുള്ള പല മുന്‍ധാരണകളെയും ഈ പഠനങ്ങള്‍ തിരുത്തിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കി വെച്ച സിദ്ധാന്തങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് അടിമത്തത്തെ പൊതുവെ തിരസ്‌കരിക്കുകയാണ് സാമ്പ്രദായിക ചരിത്രകാരന്മാര്‍ ചെയ്തത്. അടിമത്തവും അടിമ വ്യാപാരവും ഏതോ ചില ഒറ്റപ്പെട്ട സംഭവങ്ങളായാണ് ചരിത്രകാരന്മാര്‍ കരുതിയിരുന്നത്.
എന്നാല്‍, ഡച്ചുകാരായ ചരിത്രകാരന്മാര്‍ ഫോര്‍ട്ട് കൊച്ചി - മട്ടാഞ്ചേരി പ്രദേശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. കേരളത്തില്‍ നിന്നും ധാരാളം അടിമകളെ വിദേശത്തക്ക് കയറ്റി അയച്ചിരുന്നു എന്നും അടിമ വ്യാപാരം ഇവിടെ വ്യാപകമായി നടന്നിരുന്നുവെന്നുമുള്ള കണ്ടെത്തലുകള്‍ നമ്മെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. അത്തരത്തിലുള്ള ഒരു കൃതിയാണ് വിനില്‍ പോളിന്റെ 'അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്തകം. 'നൂറുകണക്കിന് ആളുകളെയാണ് കേരളത്തിന്റെ തുറമുഖങ്ങളില്‍ നിന്ന് അടിമകളായി ഡച്ച്, ഫ്രഞ്ച് കമ്പനികള്‍ അവരുടെ ആഫ്രിക്കന്‍ കോളനികളിലേക്ക് കയറ്റി അയച്ചത്' എന്ന് വിനില്‍ പോള്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
2018 ല്‍ കൊച്ചിയില്‍ നടന്ന ബിനാലെയില്‍ സൗത്ത് ആഫ്രിക്കകാരി സൂയി വില്യംസണ്‍ അവതരിപ്പിച്ച വിവരങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം രേഖകള്‍ ലഭ്യമായിട്ടും എന്തുകൊണ്ടാണ് നമ്മുടെ ചരിത്രകാരന്മാര്‍ ഇത്രയും കാലം അടിമത്തത്തെക്കുറിച്ച് മൗനം പാലിച്ചതെന്നത് നമ്മെ അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്യേണ്ടതാണ്.
ഇത്തരം ചരിത്ര രേഖകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും മാത്രമല്ല കേരളത്തിന്റെ അടിമത്താനുഭവം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. അടിമ സമുദായങ്ങളില്‍ നിന്നുള്ള ഓര്‍മ്മക്കുറിപ്പുകളായും ഈ അനുഭവങ്ങള്‍ നമുക്കിടയില്‍ ഊര്‍ന്നിറങ്ങുന്നുണ്ട്. കെ.കെ. കൊച്ചിന്റെ 'ദളിതന്‍', എം. കുഞ്ഞാമന്റെ 'എതിര്', സി.കെ. ജാനുവിന്റെ 'അടിമമക്ക', എന്നിവ അവയില്‍ ചിലത് മാത്രമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന അടിമയായ യിരമ്യാവിന്റെ ജീവചരിത്രം എ.വി. അനില്‍കുമാറും എഴുതിയിട്ടുണ്ട്.
ആത്മകഥയും ജീവചരിത്രവും ചരിത്ര രചനയുടെ അടിസ്ഥാനമാക്കാമോ എന്നത് ഒരു അക്കാദമിക് വിഷയമാണ്. ഉദയകുമാറിനെ പോലുള്ളവര്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അനില്‍കുമാറിന്റെ പുസ്തകത്തിന്റെ അവതാരികയില്‍ കെ.എന്‍.പണിക്കര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. 'വ്യക്തികളുടെ ഓര്‍മകള്‍ സാമൂഹികാവബോധത്തിന്റെ അനിഷേധ്യ ഭാഗമാണ്. ഓര്‍മ്മകളെ പലപ്പോഴും വസ്തുതകളുടെ സ്രോതസ്സായി പരിഗണിക്കാറുണ്ടെങ്കിലും സാമൂഹിക വിശകലനത്തിന്റെ ഭാഗമാക്കുന്നത് വിരളമാണ്' എന്ന് പണിക്കര്‍ പറയുന്നു.
മേല്‍ സൂചിപ്പിച്ച കൃതികള്‍ അടിമത്താനുഭവത്തെ അടിമയുടെ കാഴ്ചയിലൂടെ അവതരിപ്പിക്കുന്നതാണ്. എന്നാല്‍ മറുഭാഗത്ത് കൂടിയുള്ള കാഴ്ച എങ്ങനെയുള്ളതായിരിക്കും? ഉടമയുടെ ഭാവനയില്‍ അടിമത്താനുഭവം എങ്ങനെയായിരിക്കും പ്രകടമായിട്ടുണ്ടാവുക?- ഇത്തരത്തിലുള്ള അന്വേഷണമാണ് വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കല്‍' എന്ന കാവ്യത്തിലേക്ക് എത്തിച്ചത്. 1952 ലാണ് ഈ കാവ്യം പ്രസിദ്ധീകരിക്കുന്നത്.
സ്വാതന്ത്ര ലബ്ധിക്കുശേഷം പുതിയൊരു സമൂഹത്തെ കെട്ടിപ്പടുക്കുന്ന കാലഘട്ടത്തിലാണ് ഈ കാവ്യം പിറവികൊള്ളുന്നത്. അനീതിയും ചൂഷണവുമില്ലാത്ത സമത്വ സുന്ദരമായ ഒരു നവലോകത്തെ സ്വപ്‌നം കാണുന്ന ഒരു കാലമായിരുന്നു അത്. എല്ലാ ലിബറല്‍ ഹ്യൂമനിസ്റ്റുകളെയും പോലെ ഈ ചിന്ത തന്നെയായിരുന്നു ജന്മിയും കവിയും കാമുകനുമായ കുടിയൊഴിക്കലിലെ നായകനുമുണ്ടായിരുന്നത്. ലോകത്തെ മാറ്റേണ്ടത് എങ്ങനെ എന്ന കൃത്യമായ ധാരണ അയാള്‍ക്കുണ്ട്.
'വിശ്വസംസ്‌കാര പാലകരാകും
വിജ്ഞരെ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍
ലോക സാമൂഹ്യ ദുര്‍നിയമങ്ങള്‍
സ്‌നേഹ സുന്ദര പാതയിലൂടെ
വേഗമാവട്ടെ, വേഗമാവട്ടെ'
'ഭവ്യമായൊരു ജീവിതം, ഏതോ
ദിവ്യമാം മുഖം, ദീനമാം ഗാനം
ആകെ ഞങ്ങള്‍തന്നന്തരംഗത്തെ
സ്‌നേഹമാക്കി ദ്രവീകരിച്ചപ്പോള്‍
വെമ്പീ ഞങ്ങളീ ലോകം സമത്വ
പൊന്‍ വനികയായി പുനര്‍ വിരചിക്കാന്‍'
സംസ്‌കാര സമ്പന്നരും ആദര്‍ശ ധീരരുമായ ഞങ്ങള്‍ സ്‌നേഹസുന്ദര പാതയിലൂടെ സമൂഹത്തെയാകെ മാറ്റിമറിക്കും എന്നാണ് കുടിയൊഴിക്കലിലെ നായകന്‍ പ്രത്യാശിച്ചിരുന്നത്. എന്നാല്‍ ലിബറല്‍ ഹ്യൂമനിസ്റ്റ് ചിന്തയുടെ ലളിത യുക്തികള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല സങ്കീര്‍ണ്ണമായ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെന്ന് അയാള്‍ പതുക്കെ തിരിച്ചറിയുന്നു.
ഉടമയുടെ രക്ഷാകര്‍തൃത്വത്തിലല്ലാതെ അടിമകള്‍ സ്വയം സംഘടിക്കുന്നത് എല്ലാകാലത്തും വ്യവസ്ഥിതിയുടെ സംരക്ഷകരെ ഭയപ്പെടുത്തിയിരുന്നു. ഞങ്ങള്‍ക്ക് അടിമകളോട് എന്നും സഹാനുഭൂതിയാണ് ഉണ്ടായിരുന്നത് എന്ന് ഈ കാവ്യത്തിലെ നായകന്‍ ഉറപ്പിച്ചുപറയുന്നു. 'എങ്ങനെയോ പറഞ്ഞു,ഞാന്‍, ഞങ്ങള്‍, നിങ്ങളെ സ്‌നേഹിപ്പിതെന്നും'.
എന്നാല്‍ കേവലം ആദര്‍ശാത്മകത കൊണ്ട് തീരാവുന്നതല്ല സമൂഹത്തിലെ അനീതികള്‍. നായകന്റെ സ്‌നേഹസുന്ദര പാതവിട്ട് സ്വയം കണ്ടെത്തിയ വഴിയിലൂടെ തൊഴിലാളികള്‍ സംഘടിക്കുന്നത് ഉള്‍ക്കിടിലത്തോടെയാണ് ജന്മിയായ നായകന്‍ കാണുന്നത്. അത് ഉഗ്രമായ പ്രകൃതിക്ഷോഭമായി അയാളുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നു.
'പാരിടം പുറന്തള്ളിയ കോട-
ക്കാറണികളാല്‍ വാനലറുമ്പോള്‍
കെല്‍പ്പെഴും തരുശാഖികള്‍ കാറ്റിന്‍
മല്‍പ്പിടുത്തം പൊറാഞ്ഞു പൊട്ടുമ്പോള്‍
നീള്‍പ്പരമ്പിനാല്‍ മാറി ഇരുട്ടില്‍
കാപ്പിരികളെയാഞ്ഞു തല്ലുമ്പോള്‍
ആറു തോടുകള്‍ കൈക്ക് കൈകോര്‍ത്തി-
ട്ടാഴിയെ വിളിച്ചാര്‍ത്തു പായുമ്പോള്‍'
ഇത്രനാളും തങ്ങള്‍ അടിമകളാക്കിവെച്ചവര്‍ ഒരു ദിനം കെട്ടുപൊട്ടിച്ച് പുറത്തു വരുമെന്ന ഭയം ഒരു ദുസ്വപ്‌നമായി കവിതയില്‍ അവതരിക്കുന്നു.
' വിസ്മയ,മതാ ചുറ്റിലും മണ്ണിന്‍
വിസ്മൃത ശ്മശാനങ്ങളില്‍ നിന്നും
നൂണു പൊന്തുന്നു പന്തവുമേന്തി
ഞാനറിയുവോര്‍, ഞാനറിയാത്തോര്‍
തുണ്ടു ചങ്ങല തൂങ്ങിടും കൈകള്‍
കണ്ഠ പാശം കൊരുത്ത ഗര്‍ഭങ്ങള്‍
ഒട്ടിയ വയറുകള്‍, തല്ലാല്‍
പൊട്ടി രക്തമൊലിക്കും തലകള്‍
ഭൂതവര്‍ത്തമാനങ്ങള്‍ തന്‍ ഗൂഢ
പ്രേതശാലതന്‍ അസ്ഥികൂടങ്ങള്‍'
കേരളത്തിലെ അടിമകള്‍ നേരിട്ട കൊടിയ പീഡനത്തിന്റെ കഥകള്‍ വിനില്‍ പോള്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. വധശിക്ഷ, അംഗ വിച്ഛേദം, ചാട്ടവാറടി, ശൂലത്തില്‍ തറക്കല്‍, പൊതുസ്ഥലങ്ങളില്‍ വൃക്ഷങ്ങളില്‍ ആണിയടിച്ചു നിര്‍ത്തല്‍ എന്നിവയായിരുന്നു തിരുവിതാംകൂറിലെ ശിക്ഷാവിധികള്‍. 'ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ രണ്ട് ആനകളുടെ കാലില്‍ കെട്ടി വലിച്ചു ചീന്തുക, തലമുതല്‍ ഉടല്‍ വരെ നെടുകെ പിളര്‍ക്കുക, തൂക്കികൊല്ലുക, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുക, ശരീരാവയവങ്ങള്‍ വിച്ഛേദിക്കുക തുടങ്ങിയ ശിക്ഷകള്‍ കൊടുത്തിരുന്നു' എന്ന് വിനില്‍ പറയുന്നു. ലോകത്തിലെ ഏത് അടിമയേക്കാളും ക്രൂരമായ പീഡനങ്ങളാണ് കേരളത്തില്‍ അവര്‍ സഹിക്കേണ്ടി വന്നിരുന്നത് എന്ന് അദ്ദേഹം ബ്രിട്ടീഷ് രേഖകള്‍ ഉദ്ധരിച്ച് സ്ഥാപിക്കുന്നുണ്ട്. ഈ പീഡനങ്ങളില്‍ നിന്ന് രക്ഷ തേടി അടിമകള്‍ ഒളിച്ചോടിയതിന്റെ രേഖകളും വിനില്‍ പോളിന്റെ കൃതിയിലുണ്ട്. മിക്കവാറും മനുഷ്യവാസ യോഗ്യമല്ലാത്ത സ്ഥലങ്ങളിലേക്കായിരുന്നു അവര്‍ ഒളിച്ചോടിയിരുന്നത്. കോട്ടയം ജില്ലയിലെ മഞ്ചാടിക്കരി എന്ന പ്രദേശത്തിന്റെ ചരിത്രം ഇത്തരത്തിലുള്ള ഒളിച്ചോട്ടത്തിന്റേതു കൂടിയാണ്. സ്വന്തമായി വാസസ്ഥലമൊരുക്കുന്നതിനിടയില്‍ 49 പുലയര്‍ ഇവിടെ മുതലകള്‍ക്കിരയായിരുന്നുവെന്ന് വിനില്‍ പോള്‍ രേഖപ്പെടുത്തുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അടിമകള്‍ ചെളിയില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ താഴ്ത്തപ്പെട്ട ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കുടിയൊഴിക്കലിലെ നായകന്റെ ദുസ്വപ്നം. ഭൂതകാലത്തിന്റെ ശ്മശാനത്തില്‍ നിന്നും അവര്‍ പന്തവുമായി ഉയര്‍ന്നുവരുന്നു. ' നൂണുപൊന്തുന്നു പന്തവുമായി ഞാനറിയുന്നോര്‍, ഞാനറിയാത്തോര്‍'- ചരിത്രത്തിന്റെ അബോധത്തില്‍ നിന്ന് ഇങ്ങനെ പൊങ്ങിവരുന്ന ചിത്രം സാഹിത്യത്തില്‍ പല സ്ഥലങ്ങളില്‍ കണ്ടിട്ടുണ്ട്.
'കുപ്പമാടക്കുഴിയില്‍ നിന്നും
സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങളെ നേര്‍ക്കു
പത്തിയെടുത്തിരച്ചുവരും'
(കുറത്തി- കടമ്മനിട്ട)
ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ തടയുവാനാണ് അധികാരത്തിന്റെ എല്ലാ മര്‍ദ്ദനോപകരണങ്ങളും ഉപയോഗിച്ചിരുന്നത്. കുടിയൊഴിക്കലിലും ഈ മര്‍ദ്ദനം കടന്നുവരുന്നുണ്ട്. മുമ്പ് സൂചിപ്പിച്ച പ്രകൃതിക്ഷോഭത്തെപ്പറ്റിയുള്ള ദുസ്വപ്‌നത്തില്‍ ഈ മര്‍ദ്ദനത്തിന്റെ ചിത്രം സൂചിപ്പിക്കുന്നുണ്ട്. കൂരിരുട്ടില്‍ ശക്തമായ മഴ പെയ്യുന്നത് കാപ്പിരിയെ ചൂരല്‍ കൊണ്ട് തല്ലുന്നത് പോലെയാണ് കവി അവതരിപ്പിക്കുന്നത്.
' നീള്‍പരമ്പിനാല്‍ മാരി, ഇരുട്ടില്‍
കാപ്പിരികളെയാഞ്ഞു തല്ലവേ'
കാപ്പിരി എന്ന പദം നമ്മുടെ മനസില്‍ ആദ്യം കൊണ്ടുവരുന്ന ചിത്രം ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരായ അടിമകളെപ്പറ്റിയും അബ്രഹാം ലിങ്കന്റെ കാലത്തെ അടിമകളെപ്പറ്റിയുമായിരിക്കും. എന്നാല്‍ കേരളത്തിലും ചെറിയ തോതില്‍ കാപ്പിരികളായ അടിമകളുണ്ടായിരുന്നുവെന്ന് വിനില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 'കേരളത്തിലേക്കുള്ള അടിമ ഇറക്കുമതി വളരെ കുറവായിരുന്നെങ്കിലും ആഫ്രിക്കന്‍ അടിമകളെ പതിനെട്ടാം നൂറ്റാണ്ടിലെ പ്രാദേശിക ഭരണാധികാരികള്‍ വാങ്ങിയിരുന്നു.
ശക്തന്‍ തമ്പുരാന്റെ കൊട്ടാരത്തില്‍ ആഫ്രിക്കന്‍ അടിമകളുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് ആഫ്രിക്കന്‍ കുട്ടികളെ സമ്മാനമായി ലഭിച്ചിരുന്നുവെന്നും ഭരണരേഖകള്‍ പറയുന്നു' എന്ന് വിനില്‍ രേഖപ്പെടുത്തുന്നു. മാത്രമല്ല കൊച്ചിയുടെ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കാപ്പിരി മുത്തപ്പനെക്കുറിച്ചുള്ള മിത്തും അദ്ദേഹം ചൂണ്ടികാണിക്കുന്നുണ്ട്. അതിനര്‍ത്ഥം കാപ്പിരി എന്ന അടിമ കേരളത്തിന് തീരെ അപരിചിതമായിരുന്നില്ല എന്നാണ്. കുടിയൊഴിക്കലില്‍ അടിമയായ കാപ്പിരിയുടെ അനുഭവം പ്രത്യക്ഷപ്പെടുന്നതും യാദൃശ്ചികമായിരിക്കണമെന്നില്ല. സമൂഹത്തിന്റെ അബോധത്തില്‍ ആഴ്ന്നിറങ്ങിയ ഒരു അനുഭവം ഒരു രൂപകമായി കവിതയില്‍ കടന്നുവന്നതാകാം.
ഈ കാവ്യത്തില്‍ മര്‍ദ്ദനത്തിന്റെ മറ്റൊരു ചരിത്രവും അവതരിപ്പിക്കപ്പെടുന്നുണ്ട്. ജന്മിയും കവിയുമായ നായകന്‍ സാഹിത്യത്തെക്കുറിച്ചുള്ള അഗാധ ചിന്തയില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരു ശല്യമായി മദ്യപിച്ച് വരുന്ന തൊഴിലാളി പ്രത്യക്ഷപ്പെടുന്നുണ്ട്.
'തള്ളിയേറുമെന്‍ കാതി, ലൊരൂറ-
ക്കള്ളു നാറും തെറിയുടെ പൂരം'
തനിക്ക് ശല്യമായി തീര്‍ന്ന തൊഴിലാളിയെ അയാള്‍ അടക്കിനിര്‍ത്തുന്നത് അധികാരത്തിന്റെ വെള്ളി കെട്ടിയ ചൂരല്‍ കാണിച്ചാണ്.
'മെല്ലെ ഞാനെണീറ്റാഭിജാത്യത്തിന്‍
വെള്ളികെട്ടിയ ചൂരലുമായി
പാതയിങ്കല്‍ വന്നാജ്ഞയാല്‍ നിന്നെ
ക്കാതിനു പിടിച്ചെന്‍ മുന്നില്‍ നിര്‍ത്തി'
കുടിയൊഴിക്കലിന്റെ മറ്റൊരു ഭാഗത്ത് യഥാര്‍ത്ഥത്തിലുള്ള മര്‍ദ്ദനവും നടക്കുന്നുണ്ട്. ഈ തൊഴിലാളി തന്നെ മറ്റൊരു ദിവസം ജന്മിയുടെ തറവാട്ടുമുറ്റത്ത് വന്ന് ഉടമയെ തെറി പറയുന്നുണ്ട്.
'ദുഷ്പ്രഭുപ്പുലയാടികള്‍ പാര്‍ക്കു
മിപ്പുരയ്ക്കിടിവെട്ടു കൊള്ളട്ടെ'
തന്റെ ആഭിജാത്യത്തിനേറ്റ ഈ അടി ജന്മിയെ പ്രകോപിതനാക്കുന്നു. അയാള്‍ ആ തൊഴിലാളിയെ പിടിച്ചുകൊണ്ടുവന്ന് കരണത്തടിക്കുന്നു.എന്നാല്‍ ആ അടി വെറും കൈകൊണ്ടല്ല.
'പോരില്‍ വെന്നൊരപൂര്‍വ്വികരക്ത
ധാര താവുമെന്‍ തൂവലംകൈയ്യാല്‍
നിന്‍ ചെകിട്ടത്തടിച്ചു ഞാന്‍, മുറ്റം
പുഞ്ചിരി തൂകി, പുല്ലുകള്‍ ചൂളി'
കാലാകാലങ്ങളായി വെട്ടിപ്പിടിക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്ത ഒരു വര്‍ഗത്തിന്റെ ചോര ധമനികളില്‍ ഒഴുകുന്ന കൈ കൊണ്ടാണ് അയാള്‍ തൊഴിലാളിയെ മര്‍ദ്ദിക്കുന്നത്.
സാഹിത്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള ഫ്യൂഡല്‍-ഉടമ സങ്കല്പങ്ങള്‍ ഈ കാവ്യത്തില്‍ തകര്‍ക്കപ്പെടുന്നുണ്ട്. സാഹിത്യമെന്നത് ഒരു ഒഴിവുസമയ വിനോദമാണ് എന്ന ക്ലാസിക്- നിയോ ക്ലാസിക് സങ്കല്പമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒഴിവുസമയം ധാരാളമുള്ള ഒരു വര്‍ഗ്ഗം സൃഷ്ടിച്ചതായിരുന്നു ഈ കലാ സങ്കല്പം. അവര്‍ക്ക് ഒഴിവ് സമയം കിട്ടിയതാകട്ടെ അടിമകളുടെ അദ്ധ്വാനഫലവുമായിരുന്നു. ഉണ്ടിരിക്കുന്ന തമ്പുരാന് തോന്നുന്ന വിളിയായിരുന്നു അവര്‍ക്ക് സാഹിത്യം.
'അന്തിയുണ്ട്, ഫലങ്ങള്‍തന്‍ മാംസം
മന്ദമന്ദം നുണഞ്ഞതിന്‍ ശേഷം
നാലുംകൂട്ടി മുറുക്കിയിമ്പത്തില്‍
മേളം കൂട്ടി ഞാന്‍ മേടയില്‍ വാഴ്‌കെ
വാസര തൊഴിലാളികള്‍ വന്നു
വാതിലില്‍ ദൃഢം മുട്ടിയെന്നാലും
മെത്ത കൈവിടാതെന്‍ ഹൃയത്തില്‍
നിദ്ര ചെയ്‌തൊരാക്കാവ്യ സങ്കല്പം'
ഈ സങ്കല്പത്തെയാണ് ഒരു തൊഴിലാളി തന്റെ ഇടപെടല്‍ കൊണ്ട് തകര്‍ത്തുകളയുന്നത്.
'ആവതെന്തെനിക്കേറു കൊണ്ടെന്റെ
ദേവഭാവന ദര്‍പ്പണം പൊട്ടി'
മറ്റൊരു സന്ദര്‍ഭത്തിലും ഇതുപോലെ ചിന്തയിലാണ്ടുകഴിയുന്ന കവിയുടെ ഭാവനാദര്‍പ്പണം തൊഴിലാളി തകര്‍ക്കുന്നുണ്ട്. കാളിദാസന്‍ മുതല്‍ ഇങ്ങോട്ടുള്ള മഹാസാഹിത്യകാരന്മാര്‍ ഇരിക്കുന്ന സദസ്സില്‍ തന്നെ പ്രതിഷ്ഠിക്കുന്ന കവി
'യാന്ത്രിക പരിഷ്‌കാരഹുങ്കാര
ഭ്രാന്തിലെന്‍ സ്വരം ചേര്‍ന്നരയാതെ
പാടലെ, ദേവപാതയില്‍ പാടി-
പ്പാടിയിങ്ങനെ പാറലെ കാമ്യം'
എന്ന് വിചാരിക്കുമ്പോഴാണ് തൊഴിലാളി പ്രത്യക്ഷപ്പെടുന്നത്.
'നീ തൊഴിലാളി, യെന്‍ ഗൃഹോപാന്ത
പ്പാതയുടെ പോയ്, ഈ വിധം പാടി
ഒരു മഹാകവി പോലും, ഒരു മഹാകപി പോലും
പെരുമ ഭാവിച്ച് ചൊറിഞ്ഞിരിപ്പൂ
കനിവിന്റെ കണ്ണുനീര്‍ കലരാത്ത കരളിന്റെ
കവിതയിതൊക്കെയും കപടമല്ലേ'
തൊഴിലാളിയുടെ ഈ വാക്കുകള്‍ ഒരു പുനര്‍വിചിന്തനത്തിന് ജന്മിയെ പ്രേരിപ്പിക്കുന്നു.
' പോക പോകെടോ നീ കവിയല്ലാ
പ്രാകൃതനാണ് സാഹിത്യകാരന്‍'
ഒരു വരിപോലും എഴുതാത്ത നിരക്ഷരനായ ആ തൊഴിലാളിയാണ് സാഹിത്യം എന്ന സ്ഥാപനത്തെ തന്റെ അദ്ധ്വാനം കൊണ്ട് നിലനിര്‍ത്തുന്നത് എന്ന് കവി തിരിച്ചറിയുന്നു. ജന്മിയാകട്ടെ ഒരു തരത്തിലുള്ള അദ്ധ്വാനവും ചെയ്യാതെ ജോലി ചെയ്യിച്ച് മാത്രം പരിചയമുള്ളയാളാണ്.
'മെയ്യനങ്ങാതെ വേലകള്‍ ചെയ്തു
മെല്ലെ അന്തിയില്‍ ഞാന്‍ ഗൃഹം പൂകി'
സംസ്‌കാരവും സാഹിത്യവും സാധ്യമാക്കുന്നത് അടിമയുടെ അദ്ധ്വാനം കൊണ്ടാണെന്ന സത്യം തിരിച്ചറിയുമ്പോഴാണ് ആ അടിമയാണ് യഥാര്‍ത്ഥ സാഹിത്യകാരന്‍ എന്ന് കവിക്ക് പറയേണ്ടി വരുന്നത്.
സാഹിത്യവും സാമൂഹിക യാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നിലനില്‍ക്കുന്ന ഭൗതിക യാഥാര്‍ത്ഥ്യം സാഹിത്യഭാവനയെ ഏതൊക്കെ രീതിയിലാണ് നിര്‍ണ്ണയിക്കുന്നതെന്ന് കൃത്യമായി പറയാനാവില്ല.
അടിമത്തത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം ചരിത്ര പുസ്തകങ്ങള്‍ മറച്ചുവെച്ചപ്പോഴും അവയെ നിലനിര്‍ത്തിയതും കൈമാറിയതും ഓര്‍മ്മകളും സാഹിത്യകൃതികളുമായിരുന്നു. അടിമത്തമെന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ എല്ലാ സങ്കീര്‍ണ്ണതകളും അവതരിപ്പിക്കുന്നു എന്നുള്ളതാണ് കുടിയൊഴിക്കലിനെ ഒരു ഉദാത്ത കൃതിയാക്കി മാറ്റുന്നത്.