നിറയെ പൂക്കളുണ്ടാകുന്ന തുൻബെർജിയ ചെടികൾ ഇന്ന് പൂന്തോട്ടങ്ങളുടെ പ്രധാന ആകർഷക ഘടകമാണ്. പെട്ടെന്നു പടർന്നു കയറി പൂന്തോട്ടങ്ങളെ പച്ചമയമാക്കുകയും പൂക്കളാൽ വർണ്ണാഭമാക്കുകയും ചെയ്യുന്നത് ഇവയെ അലങ്കാര സസ്യവിപണനത്തിൽ പ്രിയങ്കരമാക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ അലങ്കാരച്ചെടി മാർക്കറ്റുകളിലും സ്വാധീനം ചെലുത്തി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ചെടി നട്ടുപിടിക്കുന്നതിന് മുമ്പ് ഈ മനോഹരമായ വള്ളിച്ചെടിയെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
തുൻബെർജിയ സ്പീഷീസുകൾ തുൻബെർജിയ (Thunbergia) ജനുസ്സിലും അകാന്തേസി (Acanthaceae) കുടുംബത്തിലും പെടുന്നവയാണ്. ആഫ്രിക്ക, ഏഷ്യ, മഡഗാസ്കർ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ളവയാണ് തുൻബെർജിയ ഇനങ്ങളിൽ കൂടുതലും. ഇവയിൽ കേരളത്തിൽ അധിനിവേശയിനങ്ങളായി മാറുവാൻ സാധ്യതയുള്ളവയാണ് തുൻബെർജിയ ഇറക്റ്റ, തുൻബെർജിയ ഗ്രാൻഡിഫ്ലോറ, തുൻബെർജിയ അലേറ്റ, തുൻബെർജിയ ലോറിഫോളിയ, എന്നീ ഇനങ്ങൾ.
ബുഷ് ക്ലോക്ക് വൈൻ അഥവാ കൃഷ്ണനീല എന്നറിയപ്പെടുന്ന തുൻബെർജിയ ഇറക്റ്റ (Thunbergia erecta) കുറ്റിച്ചെടിയാണ്. രണ്ടു മുതൽ മൂന്നു മീറ്റർ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയിൽ വയലറ്റ് അല്ലെങ്കിൽ നീലനിറത്തിലുള്ള ദളങ്ങളോടുകൂടിയ കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കളാണ് ഉണ്ടാകുന്നത്. പൂക്കളുടെ കൂടിച്ചേർന്ന കുഴൽരൂപത്തിലുള്ള ഉൾഭാഗത്തിന് മഞ്ഞ അല്ലെങ്കിൽ മഞ്ഞകലർന്ന വെളുപ്പുനിറമാണ്. പൂക്കൾക്ക് ഏകദേശം ആറ് മുതൽ എട്ടു സെന്റീമീറ്ററോളം നീളമുണ്ട്.
വെളുത്ത പൂക്കളുള്ള ഇനങ്ങളും (ആൽബ) കാണാം. ഒന്നര മുതൽ ആറര സെ.മീവരെ നീളമുള്ള ചെറിയ, ദീർഘവൃത്താകൃതിയിലുള്ള കടുംപച്ചനിറമുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. വേഗത്തിൽവളരുന്ന, ഇടതൂർന്ന, ശാഖകളുള്ളതും, പടർന്നുകയറുവാൻ കഴിവുള്ളതുമാണിത്.
നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഈ ചെടി നീർവാർച്ചയുള്ള മണ്ണിൽ മാത്രമല്ല, കളിമണ്ണ്, പശിമരാശി, മണൽ, തുടങ്ങി എല്ലാത്തരം മണ്ണിലും വളരാനുള്ള കഴിവ് ഇതിനുണ്ട്. വെള്ളം മിതമായി മാത്രം ആവശ്യമുള്ള ഈ ചെടി, കടുത്ത വരൾച്ചയെ പോലും അതിജീവിക്കും. വളരെ കുറഞ്ഞ പരിപാലനത്തിലും വളരുവാൻ കഴിവുള്ള ഈ സസ്യം മിക്ക കീടങ്ങളെയും രോഗങ്ങളേയും പ്രതിരോധിക്കും.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് അതിവേഗം വളരുകയും പലപ്പോഴും ആവാസവ്യവസ്ഥയിൽ സ്വാഭാവികമായി മാറുകയും ചെയ്യും. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതിനെ സ്വാഭാവികമായതായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബംഗാൾ ക്ലോക്ക് വൈൻ, ബ്ലൂ സ്കൈ ഫ്ലവർ, ബ്ലൂ ട്രമ്പറ്റ് വൈൻ, നീലാകാശവള്ളി, നീലാകാശപുഷ്പം എന്നൊക്കെയറിയപ്പെടുന്ന തുൻബെർജിയ ഗ്രാൻഡിഫ്ലോറ (Thunbergia grandiflora), വളരെ വേഗം പടർന്നു കയറുന്ന ഒരു വള്ളിച്ചെടിയാണ്. ഈ ജനുസ്സിലെ ഏറ്റവും ആക്രമണകാരിയായ സ്പീഷീസുകളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. എട്ടു മുതൽ പത്തു സെന്റീമീറ്ററോളം വലിപ്പമുള്ള പൂക്കൾക്ക് കോളാമ്പിയുടെ ആകൃതിയാണ്. അഞ്ചു ദളങ്ങളുള്ള, സാധാരണയായി ഇളംനീല, ലാവെൻഡർ, വെള്ള, എന്നീ നിറങ്ങളിൽ കാണപ്പെടുന്ന പൂക്കളുടെ മധ്യഭാഗം മഞ്ഞ അല്ലെങ്കിൽ വെളുത്ത നിറമായിരിക്കും.
ഇരുപത് മീറ്റർ വരെ ഉയരത്തിൽ എത്താൻ കഴിയുന്ന മരം പോലുള്ള തണ്ടുകളുള്ള വള്ളിച്ചെടിയാണിത്. തണ്ടുകൾ പലപ്പോഴും രോമാവൃതമാണ്. ഹൃദയാകൃതിയിലുള്ളതോ ത്രികോണാകൃതിയിലുള്ളതോ ആയ ഇലകളുടെ അരികുകൾ പല്ലുകൾപോലെ തോന്നിക്കും. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഈ ചെടിക്ക് നല്ല ഈർപ്പവും ആവശ്യമാണ്. വേഗത്തിൽ പടർന്നു കയറി കനത്ത മേലാപ്പ് സൃഷ്ടിക്കുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ, ഉപഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇതിന്റെ ജന്മദേശം, ഇന്ത്യയിൽ അസം, ഹിമാലയത്തിലെ ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. ഈ ജനുസ്സിലെ ഏറ്റവും ആക്രമണകാരിയായ സ്പീഷീസുകളിൽ ഒന്നായി പല സ്ഥലങ്ങളിലും ഇതിനെ കണക്കാക്കുന്നു. ഹവായിയിലെ ഏറ്റവും ആക്രമണകാരിയായ സസ്യങ്ങളിൽ ഒന്നായി പട്ടികപ്പെടുത്തിയിരിക്കുന്ന ഇതിന് തദ്ദേശീയ സസ്യങ്ങളെ നശിപ്പിക്കാൻ സാധിക്കും.
ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ്, കിഴക്കൻആഫ്രിക്കയിൽ ടാൻസാനിയ, ഉഗാണ്ട, പസഫിക് ദ്വീപുകളിൽ ഫിജി, ബർമുഡസ്, ഫ്രഞ്ച്പോളിനേഷ്യ, ഗയാന, മാർട്ടിനിക്, ന്യൂകാലിഡോണിയ, റീയൂണിയൻ എന്നിവയുൾപ്പെടെ നിരവധി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായ രീതിയിൽ സ്വാഭാവികമായി മാറിയിരിക്കുന്നു.
ലോറൽക്ലോക്ക് വൈൻ, നീല ട്രംപറ്റ് വൈൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന തംബെർജിയ ലോറിഫോളിയ (Thunbergia laurifolia)യാണ് ഈ ജനുസ്സിലെ മറ്റൊരു അധിനിവേശയിനം. പതിനഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ആക്രമണകാരിയായ വള്ളിച്ചെടിയാണിത്.
കടുംപച്ചനിറത്തിൽ, ഹൃദയാകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. കൂർത്തഅഗ്രത്തോടു കൂടിയതും വശങ്ങളിൽ ചെറുപല്ലുകൾ പോലുള്ളതുമായ ഇലകൾ സാധാരണയായി രോമമില്ലാത്തവയാണ്. ആറ് മുതൽ എട്ടു സെ.മീ വരെ വീതിയുള്ള വലിയ പൂക്കൾക്ക് കോളാമ്പിയുടെ ആകൃതിയാണ്. ഇളംനീല അല്ലെങ്കിൽ വയലറ്റ് നിറത്തിലുള്ള പൂക്കളുടെ ഉൾഭാഗം മഞ്ഞനിറമുള്ളവയാണ്.
തുൻബെർജിയ ലോറിഫോളിയയെ പലപ്പോഴും തുൻബെർജിയ ഗ്രാൻഡിഫ്ലോറയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ തുൻബെർജിയ ലോറിഫോളിയയ്ക്ക് ഇടുങ്ങിയതും നേർത്തതുമായ ഇലകളാണ് ഉള്ളത്, മാത്രമല്ല ഇത് പലപ്പോഴും തുടർച്ചയായി പൂക്കുകയും ചെയ്യും. അലങ്കാര സസ്യമായി ഉപയോഗിക്കുന്ന ഈ ചെടി തായ്‌ലാൻഡിൽ ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ തുൻബെർജിയ ഗ്രാൻഡിഫ്ലോറ, തുൻബെർജിയ അലേറ്റ, തുൻബെർജിയ ലോറിഫോളിയ എന്നിവയാണ് പൊതുവായി കാണപ്പെടുന്ന ഇനങ്ങൾ. പസഫിക് ദ്വീപുകളിൽ തുൻബെർജിയ ഗ്രാൻഡിഫ്ലോറ, തുൻബെർജിയ അലേറ്റ എന്നിവയും തെക്കേ, മധ്യ അമേരിക്കയിൽ തുൻബെർജിയ അലേറ്റ, കിഴക്കൻ ആഫ്രിക്കയിൽ തുൻബെർജിയ ഗ്രാൻഡിഫ്ലോറയും അധിനിവേശയിനമാണ്.
തുൻബെർജിയ സസ്യങ്ങളുടെ വേഗത്തിൽ വളരാനുള്ള ശേഷിയും വേരുകളുടെ ശകലങ്ങളിലൂടെയും വിത്തുകളിലൂടെയും വ്യാപിക്കാനുള്ള കഴിവും ഇതിനുണ്ട്. നല്ല സൂര്യപ്രകാശത്തിലും ഭാഗിക തണലിലും ഒരുപോലെ വളരും. കീടങ്ങളേയും രോഗങ്ങളേയും ചെറുക്കുവാനുള്ള കഴിവും കാരണം പല സ്ഥലങ്ങളിലും ഇത് ആക്രമണകാരിയായി അറിയപ്പെടുന്നു.
തേൻസമ്പുഷ്ടമായ പൂച്ചെടികളാണ് തുൻബെർജിയ. അവ തേനീച്ചകൾ, ചിത്രശലഭങ്ങൾ, ഹമ്മിംങ് ബേർഡുകൾ എന്നിവയുൾപ്പെടെ വിവിധ പരാഗണകാരികളെ ആകർഷിക്കുന്നു. തുൻബെർജിയ സസ്യങ്ങളിലുണ്ടാകുന്ന കായ്കൾ ഉണങ്ങുമ്പോൾ, പിളർന്ന് മാതൃസസ്യത്തിൽ നിന്ന് നിരവധിമീറ്റർ അകലേക്ക് കറങ്ങി തെറിച്ച് വീഴുന്നു.
തണ്ടിന്റെ കഷ്ണങ്ങളിൽ നിന്ന് തുൻബെർജിയ എളുപ്പത്തിൽ പുനരുജ്ജീവിക്കുന്നു. തുൻബെർജിയ വള്ളിയുടെ ചെറുകഷ്ണങ്ങൾ പോലും നനഞ്ഞമണ്ണിൽ വീണാൽ, വേരുപിടിച്ച് പുതിയവ ഉണ്ടാകുന്നു. ഉപേക്ഷിക്കപ്പെട്ട പൂന്തോട്ട മാലിന്യങ്ങൾ വഴിയുള്ള അവയുടെ പുനരുജ്ജീവനവും വ്യാപനവും പല പ്രദേശങ്ങളിലും പ്രധാന വെല്ലുവിളിയായി മാറുന്നു.
തുൻബെർജിയ ഗ്രാൻഡിഫ്ലോറ എഴുപത് കിലോഗ്രാം വരെ ഭാരമുള്ള ഭൂഗർഭകിഴങ്ങുകൾ ഉൽപ്പാദിപ്പിക്കുന്നു. ചെടിമുറിച്ചതിനു ശേഷമോ കേടുപാടുകൾ സംഭവിച്ചതിനു ശേഷമോ ഈ ഭൂഗർഭ കിഴങ്ങുകളിൽനിന്നും വേരുകളിൽ നിന്നും പുതിയ ചെടികൾ വളരുന്നു. ഇതു ഉന്മൂലനം വളരെയധികം പ്രയാസകരമാക്കുന്നു. മണ്ണുമായി സമ്പർക്കം പുലർത്തുമ്പോൾ നോഡുകളിൽ നിന്ന് വേരൂന്നുന്ന തണ്ടുകൾ വഴി വള്ളിക്ക് പടർന്നു പന്തലിക്കുവാൻ കഴിയും. വിപുലമായ വേരുപടലം മണ്ണിനെ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നുവെങ്കിലും വള്ളി വളരുമ്പോൾ മണ്ണിന്റെ ഘടനാപരമായ സമഗ്രതയെ അതു നശിപ്പിക്കുന്നു.
തുൻബെർജിയയുടെ ഈ ആക്രമണകാരമായ വളർച്ച മണ്ണിലെ പോഷകങ്ങളെയും ജൈവവസ്തുക്കളെയും മാറ്റി മറിക്കുന്നു. സസ്യജാലങ്ങളെ മുരടിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന തുൻബെർജിയ വള്ളികൾ ഇരുപത് മീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ എത്താൻ കഴിവുള്ളതാണ്. തുൻബെർജിയ അലേറ്റയ്ക്ക് ഒരു സീസണിൽ എട്ട് അടി വരെ വളരാൻ കഴിയും.
മരങ്ങൾക്കും കുറ്റിച്ചെടികൾക്കും മുകളിൽ ഇടതൂർന്ന മേലാപ്പുകൾ ഉണ്ടാക്കുകയും സൂര്യപ്രകാശത്തെ തടയുകയും തദ്ദേശീയസസ്യജാലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തദ്ദേശീയസസ്യങ്ങളുടെ വളർച്ച തടഞ്ഞ് ജൈവവൈവിധ്യം കുറച്ച് ഏകസസ്യക്കാടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇടതൂർന്നതും ഏകീകൃതവുമായ ഏകവിളകൾ സൃഷ്ടിക്കുന്നതിലൂടെ, തുൻബെർജിയ, ഭക്ഷണം, പാർപ്പിടം എന്നിവയ്ക്കായി പ്രാദേശിക ജന്തുജാലങ്ങൾ ആശ്രയിച്ചിരുന്ന വൈവിധ്യമാർന്ന സസ്യജാലങ്ങളെ ഇല്ലാതാക്കുന്നു. തദ്ദേശീയമല്ലാത്ത തുൻബെർജിയ പൂക്കളുടെ സാന്നിധ്യം തദ്ദേശീയ തേൻ സ്രോതസ്സുകളെ ഇല്ലാതാക്കുകയും, തദ്ദേശീയ പ്രാണികളുടെയും പരാഗണകാരികളുടെയും എണ്ണം കുറയ്ക്കുകയും ചെയ്യുന്നു.
വനത്തിന്റെ അരികുകൾ, റോഡരികുകൾ, നദീതീരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അവ തഴച്ചു വളരും. അസ്വസ്ഥവും ദുർബലവുമായ മണ്ണും അമ്ലഗുണമുള്ള മണ്ണും ഈ ചെടിക്ക് അനുകൂലമാണ്.
വേലികൾ, മതിലുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുവരുത്താൻ ശേഷിയുള്ള, ഇതിന്റെ വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയും ചില സന്ദർഭങ്ങളിൽ പൈപ്പുകൾക്കും അടിത്തറകൾക്കും വരെ കേടുപാടുകൾ വരുത്തുകയും ചെയ്യും.
ഈ ചെടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ആക്രമണകരമായ സ്വഭാവവും നിയന്ത്രിക്കാൻ സ്ഥിരമായി മുറിച്ചു നീക്കേണ്ടത് ആവശ്യമാണ്. വേരുകളുടെ ശകലങ്ങളിലൂടെയും വിത്തുകളിലൂടെയും വ്യാപിക്കാനുള്ള കഴിവു കാരണം പൂന്തോട്ട മാലിന്യങ്ങളുടെ സംസ്കരണം വളരെ നിർണ്ണായകമാണ്. ഭൂഗർഭക്കിഴങ്ങുകളും വേരുകളും നീക്കം ചെയ്യേണ്ടതും നിയന്ത്രണത്തിന് അനിവാര്യമാണ്.
കേരളത്തിലെ കാലാവസ്ഥ തുൻബെർജിയ സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമാണ്. കേരളത്തിൽ തുൻബെർജിയയുടെ ഈ ഇനങ്ങളെല്ലാം അലങ്കാരയിനമായി ഇതിനകം തന്നെ മാറിക്കഴിഞ്ഞു. മാത്രമല്ല, തുൻബെർജിയ ഇറക്റ്റ പോലുള്ളവ ഇവിടെ സ്വാഭാവികമാകുകയും ചെയ്തു കഴിഞ്ഞു. ഇനി അവ പരിസ്ഥിതിക്ക് വരുത്തുന്ന ദോഷം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നത് പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates