മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതെ തുടർച്ചയായി അവഗണിക്കുന്നതിലെ നിരാശ പരസ്യമാക്കി മുംബൈ താരം സർഫറാസ് ഖാൻ. ജീവിതത്തിലും കരിയറിലും ഇതുവരെ പിതാവല്ലാതെ മറ്റാരും തന്നെ പിന്തുണച്ചിട്ടില്ല. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യമാണ് മനസിൽ ഉയരുന്നതെന്നും സർഫറാസ് പറയുന്നു.
2024 നവംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ബംഗളൂരുവിലെ രണ്ടാം ടെസ്റ്റിൽ താരം സെഞ്ച്വറി നേടി. പിന്നാലെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലെയിങ് ഇലവനിൽ അവസരം നൽകിയില്ല. അതിനു ശേഷം ടീമിൽ നിന്ന് പൂർണമായി ഒഴിവാക്കുകയും ചെയ്തു.
'ദിവസവും രാവിലെ ഉണരുമ്പോൾ സ്വയം ചോദിക്കാറുണ്ട്, എന്തിനാണ് ഞാൻ ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നതെന്ന്. ഇത്രയൊക്കെ ചെയ്തിട്ടും അവഗണനയുടെ അനുഭവങ്ങളിലൂടെ വീണ്ടും വീണ്ടും കടന്നുപോകുന്നതെന്നും? എന്നാൽ എന്‍റെ പിതാവ് എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് കാണുമ്പോൾ അദ്ദേഹത്തിന് വേണ്ടിയെങ്കിലും റൺസ് നേടണമെന്ന് തോന്നും. അത് മാത്രമാണ് ഇപ്പോൾ മുന്നോട്ടു പോകാനുള്ള ഏക പ്രചോദനം.'
ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സെലക്ടർമാർ ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്താറുണ്ടോ എന്നു ചോദിച്ചപ്പോൾ അതെല്ലാം അവരുടെ മാത്രം തീരുമാനമാണ് എന്നായിരുന്നു സർഫറാസിന്റെ മറുപടി.
'ടീമിലെടുക്കുന്ന കാര്യങ്ങൾ അവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഇന്ത്യക്കും മുംബൈക്കും വേണ്ടി റൺസ് കണ്ടെത്തുക എന്നത് മാത്രമാണ് എന്‍റെ ജോലി. ശ്രീലങ്കൻ പര്യടനത്തിൽ പരിക്കേറ്റ കളിക്കാരന് പകരക്കാരനായി ടീമിലെത്തിയെങ്കിലും കളിക്കാൻ എനിക്ക് അവസരം ലഭിച്ചില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് അവിടെവെച്ച് എന്നോട് പറഞ്ഞത്.'
'എന്റെ ജീവിതത്തിൽ ആരുടെയും പിന്തുണയില്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പിന്തുണ നൽകാൻ എന്‍റെ പിതാവ് മാത്രമേയുള്ളൂ. എങ്കിലും കുഴപ്പമില്ല, ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഈ തലമുറയിൽ ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് എളുപ്പമല്ല. ഒന്നോ രണ്ടോ റൺസ് നേടിയല്ല ഞാൻ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ 200 ഉം 250 ഉം 300 ഉം റൺസ് അടിച്ചുകൂട്ടിയാണ്. നിരാശയുണ്ടെങ്കിലും കഠിനാധ്വാനം ചെയ്യുന്നത് തുടരാൻ തന്നെയാണ് എന്റെ തീരുമാനം'- സർഫറാസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates