അഞ്ച് മിനിറ്റ് പ്രകടനത്തിന് അഞ്ച് കോടി; പ്രതിഫലം വാര്‍ത്തയായതിനെതിരെ തുറന്നടിച്ച് പ്രിയങ്ക ചോപ്ര 

2017ലെ ഫോര്‍ബ്‌സിന്റെ ഇന്ത്യ സെലിബ്രിറ്റി ലിസ്റ്റില്‍ ഇടം നേടിയ ഏക വനിതയാണ് പ്രിയങ്ക. 68കോടി രൂപ പ്രതിഫലമാണ് പട്ടികയില്‍ പ്രിയങ്കയുടെ സ്ഥാനം ഉറപ്പിച്ചത്
അഞ്ച് മിനിറ്റ് പ്രകടനത്തിന് അഞ്ച് കോടി; പ്രതിഫലം വാര്‍ത്തയായതിനെതിരെ തുറന്നടിച്ച് പ്രിയങ്ക ചോപ്ര 

അവാര്‍ഡ് നിശയില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം അവതരിപ്പിക്കാന്‍ പ്രിയങ്ക ചോപ്ര അഞ്ച് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത് വാര്‍ത്താകോളങ്ങളില്‍ കൊട്ടിഘോഷിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയാകുന്നത് വളരെ വിചിത്രമാണെന്നാണ് പ്രിയങ്ക ചൂണ്ടികാട്ടുന്നത്. പുരുഷതാരങ്ങള്‍ തങ്ങളുടെ പ്രകടനങ്ങള്‍ക്ക് അവരുടെ ചെക്കുകളില്‍ പൂജ്യത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇത്തരത്തില്‍ അതിശയോക്തി കലര്‍ന്ന തലക്കെട്ടുകള്‍ കാണാറില്ലെന്നും താരം അഭിപ്രായപ്പെട്ടു. 

2017ലെ ഫോര്‍ബ്‌സിന്റെ ഇന്ത്യ സെലിബ്രിറ്റി ലിസ്റ്റില്‍ ഇടം നേടിയ ഏക വനിതയാണ് പ്രിയങ്ക. 68കോടി രൂപ പ്രതിഫലമാണ് പട്ടികയില്‍ പ്രിയങ്കയുടെ സ്ഥാനം ഉറപ്പിച്ചത്. 

തന്റെ ആഗ്രഹം ഒരിക്കലും കാര്‍ സ്വന്തമാക്കണമെന്നോ ചെക്കില്‍ എഴുതപ്പെടുന്ന പൂജ്യത്തിന്റെ എണ്ണം വര്‍ദ്ധിക്കണമോ എന്നൊന്നുമല്ലെന്നും അതിനേക്കാള്‍ ഉയര്‍ന്ന ആഗ്രഹങ്ങളാണ് തന്റെ മനസ്സിലുളളതെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ പ്രതിഫലം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും താന്‍ വളരെ അധ്വാനിച്ചാണ് ഓരോ പ്രവര്‍ത്തിയും ചെയ്യുന്നതെന്നും അതിനാല്‍ തന്നെ കഠിനാദ്ധ്വാനത്തിന് അര്‍ഹമായ പ്രതിഫലം ലഭിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഇന്ന് ആയിരിക്കുന്ന അവസ്ഥയില്‍ എത്തിപ്പെടാന്‍ സാധിച്ചതെന്നും താരം പറഞ്ഞു. 

പുരുഷന്‍മാര്‍ ആധിപത്യം സ്ഥാപിക്കുന്ന ഒരു പട്ടികയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞ ഏക വനിതയായതില്‍ വളരെയധികം അഭിമാനിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. തന്റെ പ്രതിഫലം ചര്‍ച്ചയാകുമ്പോള്‍ ഒരുക്കല്‍പോലും പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം വാര്‍ത്തയാകാത്തത് പ്രിയങ്ക ചൂണ്ടികാട്ടുന്നു. സ്ത്രീകളെ പ്രതിനിധീകരിച്ച് ഒരാള്‍ക്കെങ്കിലും അവര്‍ക്കൊപ്പമെത്താന്‍ സാധിച്ചത് വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാത്തതിന്റെ നിരാശ പ്രിയങ്ക മറച്ചുവയ്ക്കുന്നില്ല. 

ഇന്ത്യയിലെ പുരുഷന്‍മാര്‍ക്കൊപ്പം ആദ്യ പത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുമ്പോഴും പ്രിയങ്കയ്ക്ക് ചോദിക്കാന്‍ ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഞാന്‍ മാത്രം? ഇത്രയധികം പേര്‍ ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും മറ്റാരും ഈ തലത്തിലേക്ക് എന്തുകൊണ്ട് എത്തുനില്ലെന്നതാണ് പ്രിയങ്കയുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com