ജിഎസ്ടിക്ക് പുറമെ 30 ശതമാനം അധിക വിനോദ നികുതിയും; തമിഴ്‌നാട്ടില്‍ സിനിമാ സമരം 

ജിഎസ്ടി നടപ്പിലാക്കിയതോടെ വരുന്ന 18 ശതമാനം നികുതിയും,  വിനോദ നികുതിയായ 30 ശതമാനവും ഉള്‍പ്പെടെ 48 ശതമാനം നികുതിയാണ് തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കേണ്ടി വരുന്നത്
ജിഎസ്ടിക്ക് പുറമെ 30 ശതമാനം അധിക വിനോദ നികുതിയും; തമിഴ്‌നാട്ടില്‍ സിനിമാ സമരം 

ചെന്നൈ: ജിഎസ്ടി പ്രകാരമുള്ള നികുതിക്ക് പുറമെ 30 ശതമാനം വിനോദ നികുതിയും ഏര്‍പ്പെടുത്തിയതിനെതിരെ തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ സമരം ആരംഭിച്ചു. ആയിരത്തില്‍ അധികം സിനിമാ തീയറ്ററുകളാണ് അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നത്. 

ജിഎസ്ടി നടപ്പിലാക്കിയതോടെ വരുന്ന 18 ശതമാനം നികുതിയും,  വിനോദ നികുതിയായ 30 ശതമാനവും ഉള്‍പ്പെടെ 48 ശതമാനം നികുതിയാണ് തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കേണ്ടി വരുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കും 30 ശതമാനം വിനോദ നികുതി പിരിക്കുന്നത്. രാജ്യത്ത് തമിഴ്‌നാട്ടില്‍ മാത്രമാണ് ജിഎസ്ടി നികുതിക്ക് പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത പത്തിലധികം സിനിമകളെ സമരം പ്രതികൂലമായി ബാധിക്കും. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നികുതിയായ 30 ശതമാനം ഉടന്‍ പിന്‍വലിക്കണമെന്നാണ് തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ മാത്രമാണ് സിനിമ ടിക്കറ്റ് നിരക്ക് നിര്‍ണയിക്കാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് അനുവാദം ഇല്ലാത്തതെന്നും തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ ആരോപിക്കുന്നു. 

സമരത്തില്‍ നിന്നും തീയറ്റര്‍ ഉടമകള്‍ പിന്മാറണമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും തീയറ്റര്‍ ഉടമകള്‍ തയ്യാറായില്ല. സംസ്ഥാനത്ത് 10 ലക്ഷത്തോളം പേരാണ് സിനിമയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നത്. എന്നാല്‍ തീയറ്റര്‍ ഉടമകള്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് സമരം നടത്തുന്നതെന്ന് സംവിധായകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com