എന്റെ ഓരോ പ്രായത്തിലും സെക്ഷ്വല്‍ ഫേവര്‍ അവകാശമായി കാണുന്ന പുരുഷന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്: നടി പാര്‍വ്വതി

എന്റെ ഓരോ പ്രായത്തിലും സെക്ഷ്വല്‍ ഫേവര്‍ അവകാശമായി കാണുന്ന പുരുഷന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്: നടി പാര്‍വ്വതി

കൊച്ചി: സെക്ഷ്വല്‍ ഫേവര്‍ അവകാശമായി കരുതുകയും അത് പച്ചയ്ക്ക് ചോദിക്കുകയും ചെയ്യുന്ന പുരുഷന്മാരെ തന്റെ എല്ലാ പ്രായത്തിലും താന്‍ കണ്ടിട്ടുണ്ടെന്ന് നടി പാര്‍വതി പറയുന്നു. മനോരമ ന്യൂസിനു നല്‍കിയ
അഭിമുഖത്തിലായിരുന്നു പാര്‍വ്വതിയുടെ തുറന്നുപറച്ചിലുകള്‍ വന്നത്.

പാര്‍വ്വതിയുടെ അഭിമുഖത്തില്‍നിന്ന്:
എല്ലാ പുരുഷന്മാരും ഇങ്ങനെയാണെന്നല്ല പറയുന്നത്. ഇങ്ങനെയുള്ള പുരുഷന്മാരെ എല്ലാ സ്ത്രീകള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടാകും. അല്ലാത്ത ഒരു സ്ത്രീയെ കാണുകയാണെങ്കില്‍ എന്റെ വാദം ഞാന്‍ തിരുത്താം.
ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്ന കാലത്ത് എന്റെ അമ്മയുടെ കൈയ്യും പിടിച്ച് ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എന്റെ നോട്ടം കടകളിലെ തുണിത്തരങ്ങളിലേക്കായിരുന്നു. അന്ന് അമ്മ പറഞ്ഞത് ഇന്നും എന്റെ ചെവിയിലുണ്ട്. 'നിനക്ക് അത് നോക്കാനുള്ള ലക്ഷ്വറി ഇല്ല. നീ നോക്കേണ്ടത് ഫുട്പാത്തിലൂടെ പോകുന്ന പുരുഷന്മാരുടെ കൈകളാണ്. ആര് എവിടെനിന്ന് പിടിക്കുന്നു എന്ന് എനിക്ക് പറയാന്‍ പറ്റില്ല.' ഒരു അമ്മയുടെ കരുതലാകാം അത്. അന്നുതൊട്ട് ഭീതിയോടെയല്ലാതെ എനിക്കൊരു വഴികളിലൂടെയും നടക്കാന്‍ പറ്റില്ലായിരുന്നു. എന്റെ നല്ലതിനുവേണ്ടി എന്ന മട്ടില്‍ ഞാന്‍ എന്നെ പ്രൊട്ടക്ട് ചെയ്തുകൊണ്ടായിരുന്നു നടന്നിരുന്നത്. ഇങ്ങനെയൊരു അവസ്ഥ പുരുഷന്മാര്‍ക്കുണ്ടായിട്ടുണ്ടാവില്ല.
പുരുഷന്മാരെ അടച്ചാക്ഷേപിക്കുകയോ ശത്രുപക്ഷത്ത് നിര്‍ത്തുകയോ അല്ല. എന്റെ അനുഭവങ്ങളില്‍നിന്നാണ് ഞാനിത് പറയുന്നത്. എപ്പോഴും എന്റെ അമ്മയായാലും അറിയുന്ന പല സ്ത്രീകളായാലും ചെയ്യുന്നത്; ഒരാളെ അടുത്തറിയാന്‍ തുടങ്ങിയാല്‍ ഒട്ടും കുറയാത്ത ഒരു സ്ഥാനത്തായിരിക്കും ഇരുത്തുക. പിന്നീട് അവര്‍തന്നെ ഓരോ കാരണങ്ങള്‍കൊണ്ട് അവരുടെ നിലവാരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ് ചെയ്യുക.
ഇതൊക്കെ കേട്ട് പുരുഷവിരോധിയാണെന്നൊന്നും പറഞ്ഞേക്കരുത്. ഒരു വ്യക്തിയായിട്ടാണ് ഞാന്‍ പുരുഷന്മാരെ കാണുന്നത്. സ്ത്രീയാണ്, അല്ലെങ്കില്‍ പുരുഷനാണ് എന്നതൊക്കെ അവരുടെ പെരുമാറ്റത്തില്‍നിന്നുമാണ് ഉണ്ടായിത്തീരുക. ഒരു വ്യക്തിയായി കണ്ടുകൊണ്ടാണ് ഞാന്‍ എന്റെ മേഖലയില്‍പ്പോലും പ്രവര്‍ത്തിക്കുന്നത്.


ഉദാഹരണത്തിന് കമല്‍ ഹാസന്റെ കൂടെ അഭിനയിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഒരു വ്യക്തിയായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, എഡിറ്റര്‍, മേക്കപ്പ്മാന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും കൈവെച്ച അദ്ദേഹത്തിന്റെ കഴിവ് അതിനെയൊക്കെയാണ് ഞാന്‍ ആരാധിക്കുന്നത്. അതേസമയം ക്യാമറയ്ക്കു മുന്നിലെത്തിയാല്‍ അദ്ദേഹം ഒരു വ്യക്തിയായിട്ടേ എനിക്ക് കാണാന്‍ പറ്റൂ. പുതുമുഖ നടനും അദ്ദേഹവും ആ നിമിഷം ഒരു വ്യക്തിയാണ് എന്ന നിലയില്‍നിന്നുകൊണ്ടേ എനിക്ക് അഭിനയിക്കാന്‍ സാധിക്കൂ. എനിക്ക് ക്യാമറയ്ക്ക് മുന്നില്‍ കള്ളത്തരം കാണിക്കാന്‍ സാധിക്കില്ല.
ഒരു താരം എന്നത് ഉണ്ടാക്കിയെടുക്കപ്പെട്ട പരിവേഷമാണ്. അതിനെയാണ് പലരും ആരാധിക്കുന്നത്. വ്യക്തിയെയാണ് ഞാന്‍ കാണുന്നത്. സൃഷ്ടിക്കപ്പെട്ട പരിവേഷത്തോടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല. ആ വ്യക്തിയോടാണെങ്കില്‍മാത്രമാണ് എനിക്ക് അഭിനയിക്കാന്‍ സാധിക്കുകയുള്ളു.
താരങ്ങള്‍ക്ക് എത്രവേണമെങ്കിലും എക്‌സ്‌പോര്‍സ്ഡാകാം, പക്ഷെ അഭിനേതാവ് എക്‌സ്‌പോര്‍സ്ഡ് ആകരുത്.
എന്റെ ഒരു സിനിമ പ്രേക്ഷകര്‍ കാണാന്‍ ചെല്ലുന്ന സമയത്ത് അവര്‍ക്കെല്ലാം അറിയാം അത് പാര്‍വ്വതിയാണ്, ഇത് കുഞ്ചാക്കോ ബോബനാണ് എന്നൊക്കെ. പക്ഷെ, സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ പാര്‍വ്വതിയല്ലെന്ന് അവര്‍ എങ്ങനെയോ വിശ്വസിക്കുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ ഞാന്‍ എല്ലാ ചടങ്ങുകളിലും ഇതാ പാര്‍വ്വതിയായ എന്നെയൊന്നു നോക്കൂ എന്നും പറഞ്ഞ് നിന്നാല്‍ പാര്‍വ്വതിയുടെ ഒരു ഫാന്‍സി ഡ്രസ്സായിട്ടേ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യുകയുള്ളു. അതെനിക്ക് പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ എന്നെത്തന്നെ സ്വയം അവലോകനം ചെയ്തും വിമര്‍ശിച്ചും അടുത്ത പടത്തിലേക്ക് നീങ്ങുന്നതും എക്‌സ്‌പോര്‍സ്ഡാകാത്തതും.
ചിലര്‍ കാണുമ്പോള്‍ ചോദിക്കാറുണ്ട്; എന്തേ? കുറച്ച് തടിച്ചല്ലോ? എന്ന്. ഞാന്‍ അപ്പോള്‍ പറയും: കുറച്ചല്ല, നന്നായി തടിച്ചു എന്ന്.
അപ്പോള്‍ അവര് പറയും: അയ്യോ ടെന്‍ഷനാവേണ്ട എന്നു കരുതിയാ ഞാന്‍ കുറച്ച് തടിച്ചല്ലോ എന്നു പറഞ്ഞത് എന്ന്. സത്യത്തില്‍ അവര്‍ തടിച്ചല്ലോ എന്ന് പറയുന്നിടത്താണ് എനിക്ക് ദേഷ്യം വരുന്നത്. എന്റെ അമ്മയോ അമ്മമ്മയോ പറയുകയാണെങ്കില്‍ അംഗീകരിക്കാം. ഇത് ഒരുതവണയോ രണ്ടു തവണയോ കണ്ടയുടനെ പറയുന്നത് കേള്‍ക്കുമ്പോഴാണ് ദേഷ്യം.
ഞാനെന്ന വ്യക്തി സ്‌ട്രോംഗായിരുന്നാല്‍ മതി. തടിയ്ക്കുന്നതും മെലിയുന്നതുമൊന്നും വലിയ കാര്യമൊന്നുമല്ല.


ചെറുപ്പംമുതലേ എനിക്കൊരു കുട്ടിക്കുമ്പയുണ്ട്. അതെന്നെ അക്കാലത്തൊക്കെ  ഭീതിപ്പെടുത്തിയിരുന്നു. പിന്നീട് അതൊന്നും മാറാന്‍ പോകുന്നില്ലെന്ന് മനസ്സിലായപ്പോള്‍ എന്നാപ്പിന്നെ അങ്ങനെ എന്നൊരു ചിന്തയായി. എന്റെ ദേഹമാണ് എന്റെ എക്യുപ്‌മെന്റ്. ഞാന്‍ ഇന്‍ഡവെസ്റ്റ് ചെയ്യുന്നത് എന്റെ ദേഹത്തെ എങ്ങനെ നോക്കുന്നു എന്നതിലാണ്. സിനിമയിലെ ക്യാരക്ടറിനനുസരിച്ച് എനിക്ക് അത് മാറ്റിയെടുക്കാന്‍ സാധിക്കും. അതുകരുതി എന്റെ ഡിഎന്‍എ മാറ്റാന്‍ ഞാന്‍ പോകുന്നില്ല.
ടേക്ക് ഓഫിലെ സമീറ ഡിപ്രഷനിലൂടെ കടന്നുപോകുന്ന പെണ്ണാണ്. ഒരുപാട് അഭിനയസാധ്യതയുള്ള റിയല്‍ പെണ്‍കുട്ടി. സമീറയുടെ മൂന്നുമാസ ഗര്‍ഭം കാണിക്കാന്‍ നാലു ലിറ്റര്‍ വെള്ളം കുടിച്ച് വയറു വീര്‍പ്പിക്കേണ്ടിവന്നു. അങ്ങനെ ക്യാരക്ടറിനുവേണ്ടി ഡയറക്ടറും തിരക്കഥാകൃത്തുമൊക്കെ പറയുന്നതിലേക്ക് എന്റെ ശരീരത്തെ മാറ്റേണ്ടിവരും. അത് എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ട്.


ഒരിക്കല്‍ ആരോ പറഞ്ഞുകേട്ടിരുന്നു: എന്നെ ഫീമെയില്‍ പൃഥ്വി എന്നാണ് പറയാറെന്ന്. ഏതര്‍ത്ഥത്തിലാണ് പറഞ്ഞത് എനിക്കറിയില്ല. എന്തായാലും അത് ചിരിച്ചുകൊണ്ടാണ് കേട്ടത്.
അഹങ്കാരിയാണെന്നൊക്കെ പലരും പറയുന്നതുകേട്ടിട്ടുണ്ട്. അവരെ ഞാന്‍ തിരുത്താന്‍ പോകറില്ല. എന്നാല്‍ എനിക്കുണ്ടാകുന്ന കുറവ് അഭ്യുദയകാംക്ഷികളില്‍നിന്നും പറയുന്നത് മനസ്സിലാക്കാന്‍ പറ്റും. പക്ഷെ, തീരുമാനം എടുക്കേണ്ടത് ഞാന്‍ തന്നെയാണ്. ആ തീരുമാനം എനിക്ക് എടുക്കാന്‍ സാധിക്കുന്നുമുണ്ട്. പക്ഷെ അഹങ്കാരവും ആത്മവിശ്വാസവും രണ്ടാണ്. ആത്മവിശ്വാസത്തോടെ ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അഹങ്കാരമായിട്ടാണ് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ളത്. എനിക്ക് ആത്മവിശ്വാസമുണ്ട് ജീവിതത്തിലും സിനിമയിലും. ആത്മവിശ്വാസമുള്ള സ്ത്രീകള്‍ തന്നെയാണ് ഇവിടെ ഉണ്ടാകേണ്ടതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com