വാങ്ങിയതു മുതല്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി വാര്‍ത്താതാരമാണ്. കാര്‍ വാങ്ങിയതും ടാക്സ് അടച്ചതും അവസാനം അമ്മ മല്ലിക സുകുമാരന്റെ വാക്കുകള്‍ വരെ ലംബോര്‍ഗിനിയെ വാര്‍ത്തകളില്‍ നിറച്ചു. വഴി മോശമായതിനാല്‍ ലംബോര്‍ഗിനിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന മല്ലികയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്.
മല്ലികയെ വെച്ച് നിരവധി ട്രോളുകളും ഇറങ്ങി. എന്നാല്‍ ഇത് ഇത്ര വലിയ വിഷയമാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് മല്ലിക പറയുന്നത്. തന്നെ സൂപ്പര്താരമാക്കിയതിന് ട്രോളര്‍മാരോട് സ്നേഹമുണ്ടെന്നും എന്നാല്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരേ ശബ്ദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ ചാനലിലെ പരിപാടിക്കിടെയായിരുന്നു മല്ലികയുടെ പ്രതികരണം.
തന്റെ മകന് ലംബോര്‍ഗിനി വാങ്ങിയാല്‍ അത് അവനും അവന്റെ ഭാര്യയ്ക്കും മകനുമുള്ളതാണ്. ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യല്‍മീഡിയ വന്‍ ചര്‍ച്ചാവിഷയമാക്കി. ഇതോടെ എന്തെങ്കിലും സീരിയലും കണ്ട് സീരിയലില്‍ അഭിനയിച്ചും ഇടയ്ക്ക് ദോഹയില്‍ പോയും സമയം കഴിച്ചുപോയ എന്നെ പെട്ടെന്ന് എല്ലാവരും ചേര്‍ന്ന് സൂപ്പര്താരമാക്കിയെന്നും മല്ലിക പറഞ്ഞു.
പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയില്‍ കയറിയോ എന്നാണ് അഭിമുഖം ചെയ്തയാള്‍ എന്നോട് ചോദിച്ചത്. വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്നമായതിനാല്‍ തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് പറഞ്ഞത്. ശരിക്കും എനിക്ക് ട്രോളര്‍മാരോട് സ്നേഹമുണ്ട്. ഞാന്‍ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ അവര്‍ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതില്‍ പ്രശ്നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേള്‍ക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.
ട്രോള്‍ കണ്ട് നിരവധിപ്പേര്‍ മെസേജ് ചെയ്തു. സിനിമാക്കാര്‍ക്ക് ഫാന്‍സ് ഉണ്ട്, രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ കുറേ അണികള്‍ കാണും. പക്ഷേ ഇതൊന്നും അല്ലാതെ, ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാര്‍ക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്. മല്ലിക കൂട്ടിച്ചേര്‍ത്തു.
ട്രോള്‍ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാന്‍ ലംബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. 'ഓ പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ' എന്ന് ഞാനും മറുപടി നല്കി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയില്ല. മല്ലിക കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ