ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും നായകനുമായ നിക് ജൊനാസും വിവാഹിതരായി. രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവന് പാലസാണ് താരവിവാഹത്തിന് വേദിയായത്. ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. ഡിസംബര്‍ രണ്ടിന് പഞ്ചാബി ആചാരപ്രകാരം മറ്റൊരു വിവാഹ ചടങ്ങുകൂടി നടക്കും.
ഉമൈദ് ഭവന് പാലസിന് പുറകിലെ വിശാലമായ പുല്‍ത്തകിടിയാണ് വിവാഹത്തിന് വേദിയായത്. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന് ആണ് വിവാഹത്തിനായി ഇരുവരേയും അണിയിച്ചൊരുക്കിയത്. പേസ്റ്റല്‍ തീമില്‍ ഒരുക്കിയ വിവാഹ ആഘോഷങ്ങളില്‍ പ്രിയങ്കയുടെ ബ്രൈഡ്സ്മെയ്ഡുകള് ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുത്തപ്പോള്‍ നിക്കിന്റെ ഗ്രൂംസ്മെന്‍ കറുത്ത കോട്ടിലും സ്യൂട്ടിലും തിളങ്ങി.
നിക്കിന്റെ അച്ഛന് പോള്‍ കെവിന് ജോനാസ് ആണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. കനത്ത കാവലിലായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ടവരെ അല്ലാതെ മറ്റാരെയും വിവാഹവേദിയിലേക്ക് കടത്തിവിട്ടില്ല. താരങ്ങളുടെ ഒന്നുചേരലിന് പിന്നാലെ ഉമൈദ് ഭവന് പാലസിന്റെ ആകാശത്തില്‍ പൂത്തിരി കത്തി.
ആദ്യ വിവാഹം കഴിഞ്ഞതിന് പിന്നാലെ മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങളാണ് നവ ദമ്പതികള്‍ ഷെയര്‍ ചെയ്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മെഹന്തി ചിത്രങ്ങള്‍. വ്യാഴാഴ്ചയാണ് പ്രിയങ്കയുടേയും നിക്കിന്റേയും കുടുംബം ജോദ്പൂരില്‍ എത്തിയത്. സല്മാന് ഖാന്റെ സഹോദരി അര്‍പ്പിതയും പ്രമുഖ വ്യവസായി മുകേഷ് അംബാനിയും കുടുംബവും വിവാഹത്തിന് എത്തിയിരുന്നു.
ബോളിവുഡില്‍ ഇത് കല്യാണക്കാലമാണ്. ദീപ് വീര്‍ വിവാഹത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ