ഒടിയനെ ബിജെപി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി, സന്തോഷിക്കാന്‍ വകയുണ്ടെന്ന് ഫാന്‍സ് അസോസിയേഷന്‍, ആവേശത്തില്‍ ആരാധകര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
ഒടിയനെ ബിജെപി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി, സന്തോഷിക്കാന്‍ വകയുണ്ടെന്ന് ഫാന്‍സ് അസോസിയേഷന്‍, ആവേശത്തില്‍ ആരാധകര്‍

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവയ്ക്കുമെന്ന പ്രചാരണങ്ങളെ തള്ളി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരുടെ ആശങ്ക അകറ്റുന്നതാണ് അണിയറക്കാരുടെ വിശദീകരണം. അതേസമയം ചിത്രത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് ബിജെപി അറിയിച്ചതായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ പറഞ്ഞു. ഈ ഹര്‍ത്താലില്‍ സന്തോഷിക്കാന്‍ ഒരു വകയുണ്ട് എന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിലുടെയാണ് വിമല്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. 

37 രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പൈറസി ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും  സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. ഒടിയന്റെ നാലുദിവസത്തേക്കുള്ള ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയതായും സംവിധായകന്‍  പറഞ്ഞു.

മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു നാളെ. 
അവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം എത്തിയത്. ഒടിയന്‍ ലോകമാകമാനം ഒരേ ദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക.തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വേണുഗോപാലന്‍ നായര്‍ മരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com