'2000 രൂപയുടെ മുള്ളുവേലി കെട്ടി നിങ്ങള്‍ പുറത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്ന അലമ്പന്‍കാണികളുടെ കൂടെ ഞാനുമുണ്ട് സര്‍'

രണ്ടായിരം രൂപയൊക്കെ അത്ര കൂടുതലാണോ എന്ന് അയ്യായിരം തലകളൊക്കെ എന്തായാലും ഇന്നത്തെ കേരളത്തില്‍ കുലുങ്ങും. സമാധാനം കിട്ടുമെങ്കില്‍ ഫീസ് അയ്യായിരമാക്കിയാലും സാരമില്ലെന്ന് പറയുന്ന എത്രയെങ്കിലും പേര്‍ ഇപ്പറ
'2000 രൂപയുടെ മുള്ളുവേലി കെട്ടി നിങ്ങള്‍ പുറത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്ന അലമ്പന്‍കാണികളുടെ കൂടെ ഞാനുമുണ്ട് സര്‍'

 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റ് ഫീ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും 2000 രൂപയാക്കി നിലനിര്‍ത്തണമെന്ന അഭിപ്രായത്തിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വിദ്യാര്‍ത്ഥികള്‍ക്കും ഇടത്തരം ജോലിക്കാര്‍ക്കും യുവാക്കള്‍ക്കും ഇത്രയും ഉയര്‍ന്ന തുക നല്‍കി സിനിമ കാണാനെത്താന്‍ സാധിച്ചേക്കില്ലെന്ന് സ്വന്തം അനുഭവം വിവരിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

'ഇത്തവണ IFFK യുടെ പ്രവേശന ഫീസ് 2000 ആക്കിയതുകൊണ്ട് അലമ്പുകള്‍ കുറഞ്ഞു എന്നും മനസമാധാനമായി സിനിമ കാണാന്‍ കഴിഞ്ഞു എന്നും, ഇനി എല്ലാവര്‍ഷവും ഇങ്ങനെ തന്നെ തുടരട്ടെ എന്നുമുള്ള ചില ടിപ്പണികള്‍ കറങ്ങി നടക്കുന്നത് കാണുന്നു. ഉള്ളവന്റെ സമാധാനം എല്ലാക്കാലത്തും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക. തെരുവുകളില്‍ നിന്നും വഴിയോര കച്ചവടക്കാരെയും യാചകരെയും ഒഴിപ്പിക്കുക, മാളുകള്‍ കെട്ടിപ്പൊക്കുക, അതിന്റെ പ്രവേശനകവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുമായി സെക്യൂരിറ്റി ഗാര്‍ഡുകളെ നിര്‍ത്തുക. മുഷിഞ്ഞ വസ്ത്രം ധരിച്ചവനെയും ഉറക്കെ സംസാരിച്ച് 'അലമ്പു'ണ്ടാക്കുന്നവരെയും കടത്തിവിടാതിരിക്കുക.

 കാശുള്ളവര്‍ക്ക് സമാധാനമായി നടക്കാന്‍, ഇരിക്കാന്‍, സിനിമകാണാന്‍ ഒക്കെ ഇത്തരം അടിച്ചുതളിച്ച ഇടങ്ങള്‍ ഉണ്ടായിക്കൊണ്ടെയിരിക്കുന്നു. കാശുള്ളവന്‍ തന്നെ ഞങ്ങളാണ് യഥാര്‍ത്ഥത്തിലുള്ള അടിസ്ഥാനവര്‍ഗം എന്ന ബുദ്ധിജീവി നാട്യം നയിക്കുന്നതുകൊണ്ട്. രണ്ടായിരം രൂപയൊക്കെ അത്ര കൂടുതലാണോ എന്ന് അയ്യായിരം തലകളൊക്കെ എന്തായാലും ഇന്നത്തെ കേരളത്തില്‍ കുലുങ്ങും. സമാധാനം കിട്ടുമെങ്കില്‍ ഫീസ് അയ്യായിരമാക്കിയാലും സാരമില്ലെന്ന് പറയുന്ന എത്രയെങ്കിലും പേര്‍ ഇപ്പറയുന്ന സമാധാനസിനിമാക്കാരില്‍ ഉണ്ടാവും. പക്ഷെ അച്ചടക്കത്തോടെ, അലമ്പുണ്ടാക്കാതെ സിനിമ കാണാനെത്തുന്ന വരേണ്യ സിനിമാ പ്രേമികള്‍ ദയവു ചെയ്ത് കണ്ണുതുറന്ന് ചുറ്റും നോക്കണം. എത്ര യുവാക്കള്‍ക്ക്, എത്ര വിദ്യാര്‍ത്ഥികള്‍ക്ക്, ഇടത്തരം ജോലി ചെയ്യുന്ന എത്ര 'അലമ്പ് മനുഷ്യര്‍ക്ക്' നിങ്ങള്‍ ഇപ്പറയുന്ന സമാധാനം വിലകൊടുത്തു വാങ്ങാന്‍ കഴിയും എന്ന് വസ്തുനിഷ്ഠമായി ആലോചിക്കണം. അവരെ അകറ്റി നിര്‍ത്തിക്കൊണ്ട് വളര്‍ത്തിയെടുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആ സമാധാനസിനിമ എന്ത് മാറ്റമാണ് പൊതു ആസ്വാദനനിലവാരത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ചിന്തിക്കണം. അലമ്പുകള്‍ കുറയട്ടെ അച്ചടക്കമുണ്ടാവട്ടെ എന്ന മുദ്രാവാക്യം എന്തായാലും 'നഷ്ടപ്പെടുവാന്‍ വിലങ്ങു മാത്രം, കിട്ടാനുള്ളത് പുതിയൊരു ലോകം' എന്ന മുദ്രാവാക്യം പാടിയവര്‍ക്ക് ചേരുന്നതല്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഇതെഴുതുമ്പോള്‍ ഞാനോര്‍ക്കുന്നത് ഇരുപത് വര്‍ഷം മുന്നേയുള്ള എന്നെ തന്നെയാണ്. ഇന്നെനിക്ക് രണ്ടായിരം രൂപകൊടുത്ത് മേളക്ക് ടിക്കറ്റെടുക്കാന്‍ കഴിയുമായിരിക്കും. എന്റെ ബോധ്യങ്ങളില്‍ നിന്നുള്ള സിനിമയില്‍ ഒരല്‍പം വിട്ടുവീഴ്ചകള്‍ ഒക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് പതിനായിരം രൂപ വരെ ആയാലും കുഴപ്പമില്ലെന്ന സാമ്പത്തികവുമുണ്ടായേക്കും. പക്ഷെ ഇരുപത് വര്‍ഷം മുന്നേ ഗടഞഠഇ ബസില്‍ കണ്‍സഷന്‍ ടിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ടും പത്തു രൂപ ഉണ്ടെങ്കില്‍ ഒരു ചായയും പരിപ്പുവടയും കൊണ്ട് വിശപ്പടക്കാന്‍ കഴിയുമായിരുന്നു എന്നതുകൊണ്ടും സിനിമ കാണാന്‍ പ്രവേശന ഫീസ് ഇല്ലായിരുന്നതുകൊണ്ടും മാത്രമായിരുന്നു കീസ്ലോവ്‌സ്‌കിയുടെയും മക്മല്‍ ബഫിന്റേയും മൈക്കേല്‍ ഹനേക്കയുടെയും ടോം ടൈക്കറിന്റെയും ഒക്കെ സിനിമകള്‍ എനിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞത്. അന്നത്തെ ആ സിനിമകളും ആ അന്തരീക്ഷ ചര്‍ച്ചകളുമാണ് ഇന്ന് സാമ്പത്തിക ലാഭത്തിന്റെ വലിയ പ്രലോഭനങ്ങള്‍ ധാരാളമുണ്ടാവുമ്പൊഴും എന്റെ സിനിമ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ സഹായിക്കുന്നത്. 

സര്‍, രണ്ടായിരം രൂപയുടെ മുള്ളുവേലികെട്ടി നിങ്ങള്‍ പുറത്തുനിര്‍ത്താനാഗ്രഹിക്കുന്ന അലമ്പന്‍ കാണികളുടെ കൂടെ ഞാനുമുണ്ട് സര്‍.. എന്റെ യുവത്വമുണ്ട്.. മേളയെ നന്നാക്കാന്‍ അങ്ങനെ ഒരു വേലിയല്ല വേണ്ടത് സര്‍.. ദയവുചെയ്ത് വലിയസ്വാധീനങ്ങളുള്ള നിങ്ങള്‍ സമാധാനസിനിമയ്ക്കുവേണ്ടി വാദമുഖങ്ങളുയര്‍ത്തുമ്പോള്‍ രണ്ടായിരം രൂപ എന്ന് കേള്‍ക്കുമ്പോള്‍ മുഖം വാടുന്ന പാവപ്പെട്ട ആ അലമ്പന്‍ കാണികളെ കണ്ടില്ലെന്ന് നടിക്കരുത്. അവരില്‍ നാളെയുടെ സംവിധായകരും നിരൂപകരും നിലപാടുള്ള രാഷ്ട്രീയക്കാരുമുണ്ടാകും.. നമ്മള്‍ സമാധാനത്തോടെ മരിച്ചുപോവുമായിരിക്കും.. അവരാണ് സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടത്.. മറക്കരുത്..'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com