ഡബ്ല്യൂസിസിയോ? എനിക്കറിയില്ല: ശ്വേതാ മേനോന്‍

ഡബ്ല്യൂസിസിയോ? എനിക്കറിയില്ല: ശ്വേതാ മേനോന്‍
ഡബ്ല്യൂസിസിയോ? എനിക്കറിയില്ല: ശ്വേതാ മേനോന്‍

കൊച്ചി: താന്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ ഭാഗമല്ലെന്നും  അവരെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നടി ശ്വേതാ മേനോന്‍.  നിലവില്‍ അമ്മയിലെ അംഗമാണ്. കുറെ സംഘടനകളില്‍ അംഗമായിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ശ്വേതാമേനോന്‍ പറഞ്ഞു. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ശ്വേതാ മേനോന്റെ പ്രതികരണം. 

വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം തന്റേതായ രീതിയില്‍ കൈകാര്യം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. നിലവില്‍ ഒരു ചുമതല നല്‍കപ്പെട്ടതുകൊണ്ട് അത് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു. 

അമ്മ എക്‌സിക്യൂട്ടിവിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ നേതൃനിരയിലേക്കെത്തി എന്ന തരത്തിലൊന്നും കാണുന്നില്ല. അമ്മ എന്ന കൂട്ടായ്മയുടെ ഭാഗമാണെന്നത് സന്തോഷമുള്ള കാര്യമാണ്. എല്ലാവരും ഒത്തൊരുമയോടെ പോകണമെന്നാണ് ആഗ്രഹം. അതത്ര ലളിതമല്ല. 

മലയാള ചലച്ചിത്രമേഖല പുരുഷകേന്ദ്രീകൃതമാണെന്നോ സ്ത്രീകേന്ദ്രീകൃതമാണെന്നോ തോന്നിയിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. അത് സമ്മതിക്കുന്നു. പക്ഷേ, അമ്മ എന്ന സംഘടന ആണ്‍പക്ഷമാണെന്ന് എനിക്ക് അഭിപ്രായമില്ല. അതിലെ ചുമതലകള്‍ സ്ത്രീകള്‍ക്കാണോ അതോ പുരുഷന്‍മാര്‍ക്കാണോ നല്‍കിയിരിക്കുന്നത് എന്നൊന്നും താന്‍ ചിന്തിക്കാറില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. 

സ്ത്രീ എന്ന നിലയില്‍ സെറ്റില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. അതിനായി എപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അതിന് എക്‌സിക്യൂട്ടീവ് അംഗം ആകണമെന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com