96 മോഷണമോ ? ; ആരോപണവുമായി ഭാരതിരാജ, ചുട്ട മറുപടിയുമായി സംവിധായകൻ

ഭാരതിരാജയുടെ ആരോപണങ്ങളിൽ മറുപടിയുമായി 96 ന്റെ സംവിധായകൻ പ്രേംകുമാർ രം​ഗത്തെത്തി
96 മോഷണമോ ? ; ആരോപണവുമായി ഭാരതിരാജ, ചുട്ട മറുപടിയുമായി സംവിധായകൻ

തിയേറ്ററുകളിൽ കുടുംബങ്ങളുടെ കൈയ്യടി നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 96 സിനിമയ്ക്കെതിരെ മോഷണ പരാതിയുമായി മുതിർന്ന സംവിധായകൻ രം​ഗത്ത്. തമിഴിലെ പ്രശസ്ത സംവിധായകൻ ഭാരതിരാജയാണ് ചിത്രം മോഷണമാണെന്ന ആരോപണവുമായി രം​ഗത്തെത്തിയത്. തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സുരേഷിന്റെ കഥയാണിത്. 2012 ല്‍ സുരേഷ് തന്നോട് പറഞ്ഞ പ്രണയകഥയ്ക്ക് 96മായി സാമ്യം ഉണ്ടെന്നുമായിരുന്നു ഭാരതിരാജയുടെ ആരോപണം.

സുരേഷ് തന്റെ കഥ സുഹൃത്തുക്കളുമായും പങ്കുവെച്ചിരുന്നു. സംവിധായകന്‍ മരുതുപാണ്ട്യന്‍ അതിലൊരാളായിരുന്നു. 96 ന്റെ ടൈറ്റില്‍ കാര്‍ഡില്‍ മരുതുപാണ്ട്യന് നന്ദി രേഖപ്പെടുത്തിയത് തന്റെ സംശയം ബലപ്പെടുത്തിയെന്നും ഭാരതിരാജ പറഞ്ഞു. 

ഭാരതിരാജയുടെ ആരോപണങ്ങളിൽ മറുപടിയുമായി 96 ന്റെ സംവിധായകൻ പ്രേംകുമാർ രം​ഗത്തെത്തി. 96 ന്റെ കഥ പുതുമയുള്ളതല്ല. അത് പലരുടെയും സ്‌കൂള്‍, കോളേജ് ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് സംവിധായകന്‍ പറഞ്ഞു. ഈ കഥയ്ക്ക് ചിലപ്പോള്‍ പ്രേക്ഷകരുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടായേക്കാം. ഭാരതിരാജ സാറിനെപ്പോലെ ഏറെ ബഹുമാനിക്കുന്ന ഒരാള്‍ ഈ വിഷയത്തില്‍ ഇടപെട്ടത് എന്നെ വിഷമിപ്പിക്കുന്നു.

ഞങ്ങള്‍ തെറ്റു ചെയ്തിട്ടില്ല. വിവാദം പൊട്ടിപുറപ്പെട്ടപ്പോള്‍ ഭാരതിരാജ സാര്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റാണ്. അതുകൊണ്ടു തന്നെ ഭാരതിരാജ സാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. ഭാരതിരാജ സാര്‍ എന്നെ വീട്ടിലേക്ക് വിളിക്കരുതായിരുന്നു. പകര്‍പ്പാണെങ്കില്‍ നിയമനടപടികള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്. 

തഞ്ചാവൂരിനെ ചുറ്റിപറ്റിയുള്ള ഒരു പ്രണയകഥയാണ് സുരേഷിന്റേത് എന്ന് അദ്ദേഹം പറയുന്നു. ഞാന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം തഞ്ചാവൂരിലാണ്. രണ്ട് വര്‍ഷം മുന്‍പ് ഞങ്ങളുടെ സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നിരുന്നു. അന്ന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. അതിന്റെ വിശേഷങ്ങള്‍ കൂട്ടുകാരില്‍ നിന്ന് അറിഞ്ഞപ്പോഴാണ് എന്റെ മനസ്സില്‍ കഥ മൊട്ടിട്ടത്. 

പണമില്ലാത്തത് കൊണ്ടാണ് സുരേഷിന് റൈറ്റേഴ്‌സ് യുണിയനില്‍ കഥ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതിരാജ സാറിനൊപ്പം ജോലി ചെയ്യുന്ന ഒരാള്‍ക്ക് അത്രമാത്രം സാമ്പത്തിക പ്രശ്‌നം ഉണ്ടാകുമോ. 2016 ല്‍ ഞാന്‍ ഈ കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുരേഷിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാം, പരാതി നല്‍കാം. നിയമപരമായി നേരിടാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ മറ്റു ഒത്തുതീര്‍പ്പുകള്‍ക്ക് എനിക്ക് താല്‍പര്യമില്ലെന്ന് പ്രേംകുമാര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മരുതുപാണ്ട്യന്‍, സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ എന്നിവരും പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com