'നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഇതെല്ലാം കൊട്ടിഘോഷിക്കേണ്ടി വരുന്നത്'; വിമര്‍ശകന്റെ വായടപ്പിച്ച് ടൊവിനോ

അന്യഭാഷ സിനിമയില്‍ നിന്നുള്ള താരങ്ങള്‍ കൊടുത്ത പണത്തിന്റെ പേരില്‍ മലയാള താരങ്ങളെ ആക്ഷേപിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം
'നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഇതെല്ലാം കൊട്ടിഘോഷിക്കേണ്ടി വരുന്നത്'; വിമര്‍ശകന്റെ വായടപ്പിച്ച് ടൊവിനോ

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. സഹായവും സഹായ അഭ്യര്‍ത്ഥനയുമായി മലയാള താരങ്ങള്‍ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ അന്യഭാഷ സിനിമയില്‍ നിന്നുള്ള താരങ്ങള്‍ കൊടുത്ത പണത്തിന്റെ പേരില്‍ മലയാള താരങ്ങളെ ആക്ഷേപിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം. എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് നല്ല മറുപടി നല്‍കിയിരിക്കുകയാണ് യുവ താരം ടൊവിനോ തോമസ്. 

ദുരിതബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ വന്ന് മലയാള താരങ്ങളെ പരിഹസിച്ചയാള്‍ക്കാണ് താരം കണക്കിന് മറുപടി നല്‍കിയത്. തമിഴ്താരങ്ങള്‍ കൈനിറയെ സഹായം ചെയ്തപ്പോള്‍ ഇവിടത്തെ താരങ്ങള്‍ എന്താണ് ചെയ്തത് എന്നായിരുന്നു ഇയാള്‍ ചോദിച്ചത്. എന്നാല്‍ താങ്കള്‍ എന്തു ചെയ്തു എന്നാണ് വിമര്‍ശകനോട് താരം ചോദിച്ചത്. പിന്നെയും വിമര്‍ശനം തുടര്‍ന്നപ്പോള്‍ എല്ലാം ചേര്‍ത്ത് നെടുനീളന്‍ ഒരു റിപ്ലേ തന്നെ ടൊവിനോ നല്‍കി. 

'നിങ്ങളെപ്പോലെ ആളുകള്‍ ഉളളതു കൊണ്ടാണ് മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടി ആഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യമാണ്. സിനിമയില്‍ വരുന്നതിനും മുന്‍പും ശേഷവും എന്നെ കൊണ്ട് പറ്റുന്നതു പോലെ ഞാന്‍ ചെയ്യാറുണ്ട്. ഇനിയും ചെയ്യും. മറ്റുളളവരെ കുറ്റം പറയുന്നത് നിര്‍ത്തി സ്വയം എന്തൊക്കെ ചെയ്യാന്‍ പറ്റും സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ.'

തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി, കമലഹാസന്‍ എന്നിവരാണ് ആദ്യം സഹായഹസ്തവുമായി രംഗത്തെത്തിയത്. അപ്പോള്‍ തന്നെയാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മ പത്ത് ലക്ഷം പ്രഖ്യാപിച്ചത്. പിന്നെ ഇതിനെതിരെയായി വിമര്‍ശനം. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ സഹായവുമായി രംഗത്തെത്തി. ചില താരങ്ങള്‍ ദുരിതബാധിതരെ സഹായിക്കാന്‍ നേരിട്ട് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com