'മമ്മൂക്ക അന്ന് നീണ്ട് മെലിഞ്ഞ ഒരു ചെക്കനായിരുന്നു, എല്ലുന്തിയ പയ്യന്‍, സിനിമയില്‍ എത്തി വലിയ നടനാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല'; പൗളി വത്സന്‍

മമ്മൂട്ടി നായകനായെത്തിയ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് പൗളി സിനിമയിലേക്ക് എത്തുന്നത്
'മമ്മൂക്ക അന്ന് നീണ്ട് മെലിഞ്ഞ ഒരു ചെക്കനായിരുന്നു, എല്ലുന്തിയ പയ്യന്‍, സിനിമയില്‍ എത്തി വലിയ നടനാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല'; പൗളി വത്സന്‍

പൗളി വത്സന്‍ എന്ന പേര് മലയാള സിനിമ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയരംഗത്ത് പൗളി ചേച്ചിയുണ്ട്. നാടകത്തിലും സിനിമയിലുമായി നീണ്ടു കിടക്കുന്നതാണ് പൗളിയുടെ അഭിനയ ജീവിതം. ഗപ്പി, ലീല, ഈ മയൗ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ ഇവര്‍ മലയാളികളുടെ മനസിലേക്ക് ഇടിച്ചുകയറി. 

മമ്മൂട്ടി നായകനായെത്തിയ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് പൗളി സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ടേ മമ്മൂട്ടിയുമായി പൗളിക്ക് അടുപ്പമുണ്ട്. അന്ന് നീണ്ടുമെലിഞ്ഞ് എല്ലുന്തിയ പയ്യനായിരുന്നു മമ്മൂട്ടി. ആ പയ്യന്‍ വലിയ നടനാകുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നാണ് പൗളി പറയുന്നത്. കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയെ കുറിച്ച് മനസു തുറന്നത്. 

മരിച്ച ഭര്‍ത്താവിനെയുംകൊണ്ട് ആംബുലന്‍സില്‍ പോകുന്ന ഒരു സ്ത്രീയായിട്ടാണ് പൗളി അണ്ണന്‍തമ്പിയില്‍ അഭിനയിച്ചത്. മോനേ അപ്പു വാസു അണ്ണന്‍ പോയെടാ..' എന്ന ഒരൊറ്റ ഡയലോഗ് മാത്രമേ ഈ ചിത്രത്തില്‍ പറയാനുണ്ടായിരുന്നുള്ളൂ. താനാണ് അത് ചെയ്തത് എന്ന് അറിഞ്ഞ് അവരെന്താണ് എന്നോട് മിണ്ടാതെ പോയത് എന്ന് മമ്മൂട്ടി ചോദിച്ചു എന്നാണ് പൗളി പറയുന്നത്. 

'മോനേ അപ്പു, വാസു അണ്ണന്‍ പോയെടാ..' എന്ന ഒരൊറ്റ ഡയലോഗ് മാത്രമേ എനിക്ക് അണ്ണന്‍ തമ്പിയില്‍ ഉണ്ടായിരുന്നുള്ളൂ. അത് പറയാന്‍ എനിക്ക് പ്രയാസമൊന്നും തോന്നിയില്ല. ഞാന്‍ അത് വിളിച്ചു പറഞ്ഞപ്പോള്‍ മമ്മൂക്ക സിദ്ദിഖിനോട് ചോദിച്ചു, ഈ ശബ്ദം ഒരു പ്രൊഫഷണലിനെ പോലെ ഉണ്ടല്ലോ, ആരാണ്  അവര്‍? അപ്പോള്‍ സിദ്ദിഖ് പറഞ്ഞു പൗളി എന്നാണ് പേര്, വൈപ്പില്‍ കരയിലുള്ള ആര്‍ട്ടിസ്റ്റാണ് എന്ന്. സിദ്ദിഖ് കുട്ടിക്കാലം മുതലേ എന്റെ നാടകങ്ങള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് പരിചയമുണ്ട്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, അവരെന്താണ് എന്നോട് മിണ്ടാതെ പോയത് എന്ന്. 

സത്യത്തില്‍ പേടികൊണ്ടാണ് ഞാന്‍ സംസാരിക്കാതിരുന്നത്. മമ്മൂക്ക എന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യും. 1975 ലായിരുന്നു ഞങ്ങള്‍ ഒരുമിച്ച് നാടകത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ ഓര്‍മ ഇല്ലെങ്കില്‍ എന്തുചെയ്യും. ചമ്മിപ്പോകും എന്ന് വിചാരിച്ചു. മമ്മൂക്ക അന്ന് നീണ്ട് മെലിഞ്ഞ ഒരു ചെക്കനായിരുന്നു. എല്ലുന്തിയ പയ്യന്‍. ആ പയ്യന്‍ സിനിമയിലെത്തി വലിയ നടനാകുമെന്നൊക്കെ അന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.' പൗളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com