നെഞ്ചിടിപ്പേറ്റി ലൂസിഫറിന്റെ ടീസര്‍; മോഹന്‍ലാലിന്റെ മാസ് ഡയലോഗില്‍ വീണ് ആരാധകര്‍

മമ്മൂട്ടിയാണ് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്
നെഞ്ചിടിപ്പേറ്റി ലൂസിഫറിന്റെ ടീസര്‍; മോഹന്‍ലാലിന്റെ മാസ് ഡയലോഗില്‍ വീണ് ആരാധകര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ലൂസിഫറിന്റെ ടീസര്‍ എത്തി. മമ്മൂട്ടിയാണ് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.  പൊലീസുകാരുടേയും അഭിഭാഷകരുടേയും ഇടയിലൂടെ മോഹന്‍ലാലിനെയാണ് ടീസറില്‍ കാണുന്നത്. കൂടാതെ 666 എന്ന നമ്പറിലൂള്ള കറുത്ത അമ്പാസിഡര്‍ കാറും കാണാം. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ടീസര്‍. 

മോഹന്‍ലാലിന്റെ നായക കഥാപാത്രമായ സ്റ്റീഫന്‍ നെടുംപള്ളിയുടെ മാസ് ഡയലോഗാണ് ടീസറിന്റെ ആകര്‍ഷണം. കുമ്പസരിച്ചിട്ട് പോകാന്‍ ഫാദര്‍ പറയുമ്പോള്‍ സ്റ്റീഫന്‍ നെടുംപള്ളി പറയുന്നത് ഇങ്ങനെ; 'ചെയ്ത പാപങ്ങളല്ലേ ഫാദര്‍ കുമ്പസാരിക്കാന്‍ പറ്റൂ... ചെയ്യാത്ത പാപങ്ങള്‍ കുമ്പസാരിക്കാന്‍ പറ്റുല്ലല്ലോ'. എല്ലാംകൊണ്ടും ആകാംക്ഷ ഉണര്‍ത്തുന്നതാണ് ടീസര്‍. ഇതോടെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്. 

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുന്നത്. റിലീസിന് വളരെ മുന്‍പ് ചിത്രത്തിന്റെ ടീസര്‍ ഇറക്കിയത് ചര്‍ച്ചയായിരുന്നു. ഇന്ന് ഡിസംബര്‍ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചതെന്നാണ് വിവരം. മോഹന്‍ലാലിന്റെ വാഹനത്തിന് 666 എന്ന ചെകുത്താന്റെ നമ്പര്‍ കൊടുത്തതും ചര്‍ച്ചയായിരുന്നു.

നിരവധി താരങ്ങളെ അണിനിരത്തിയാണ് ലൂസിഫര്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com