'ഒരു പാവം സിനിമയാണ് ഒടിയന്‍, വലിയ മാജിക്കൊന്നുമില്ല'; റിലീസിന് മുന്‍പ് ഒടിയനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്; വീഡിയോ

താനും ഡിസംബര്‍ 14 ന് വേണ്ടി കാത്തിരിക്കുകയാണെന്നും വലിയ മാജിക്കുകളൊന്നും ചിത്രത്തില്ലെന്നുമാണ് മോഹന്‍ലാലിന്റെ വാക്കുകള്‍
'ഒരു പാവം സിനിമയാണ് ഒടിയന്‍, വലിയ മാജിക്കൊന്നുമില്ല'; റിലീസിന് മുന്‍പ് ഒടിയനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്; വീഡിയോ

നീണ്ട നാളത്തെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് ഒടുവിലാണ് മോഹന്‍ലാലിന്റെ ഒടിയന്‍ തീയെറ്ററുകളില്‍ എത്തിയത്. പ്രതീക്ഷയുടെ കൊടുമുടിയില്‍ കയറ്റിയതുകൊണ്ടാകാം ചിത്രത്തെക്കുറിച്ച് അത്ര നല്ല റിപ്പോര്‍ട്ടല്ല പുറത്തുവരുന്നത്. പ്രത്യേകിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് നടക്കുന്നത്. പലരുടേയും നിരാശയ്ക്ക് പിന്നിലെ കാരണം ചിത്രത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷയാണ്. അതിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ വലിയ പങ്ക് വഹിച്ചെന്നാണ് ആരോപണം. എന്നാല്‍ റിലീസിന് മുന്‍പ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചിത്രം വളരെ സാധാരണ ചിത്രമാണെന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. താനും ഡിസംബര്‍ 14 ന് വേണ്ടി കാത്തിരിക്കുകയാണെന്നും വലിയ മാജിക്കുകളൊന്നും ചിത്രത്തില്ലെന്നുമാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. 

'ഒരു പാവം സിനിമയാണ് ഒടിയന്‍ അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളു  അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണു എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്.'

ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന ഹൈപ്പില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍ പാഞ്ഞെത്തിയത്. ഹര്‍ത്താല്‍ ആയതിനാല്‍ ആദ്യ ദിവസം ചിത്രം കാണാന്‍ അവസരം കിട്ടിയില്ലെങ്കിലോ എന്ന പേടിയില്‍ മൂന്ന് മണിക്ക് വരെ വന്ന് ക്യു നിന്നവരുണ്ട്. ഇവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് ആയില്ല. എന്നാല്‍ മോഹന്‍ലാലിന്റെ വാക്ക് നേരത്തെ കേട്ടിരുന്നെങ്കില്‍ തങ്ങള്‍ ഇത്ര നിരാശരാകുമായിരുന്നില്ല എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com