'മഞ്ജു എന്തിന് മറുപടി പറയണം?'; മോഹന്‍ലാലിനെ ചീത്തവിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയെന്ന് ഭാഗ്യലക്ഷ്മി

'ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല. മോഹന്‍ലാല്‍ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് 'ഒടിയന്‍''
'മഞ്ജു എന്തിന് മറുപടി പറയണം?'; മോഹന്‍ലാലിനെ ചീത്തവിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയെന്ന് ഭാഗ്യലക്ഷ്മി

ടിയന്‍ സിനിമയ്‌ക്കെതിരേ നടക്കുന്ന ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സിനിമയ്‌ക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ആക്രമണം നടക്കുന്നതെന്നും ഇതിന്റെ പേര് വിമര്‍ശനം എന്നല്ലെന്നും തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മി പറഞ്ഞു. 

മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയവര്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണെന്നാണ് അവര്‍ ചോദിക്കുന്നത്. അക്രമണത്തിന് പിന്നിലെ ഒടിയന്‍ ആരാണെന്നും എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും ചോറുണ്ണുന്നവന് മനസ്സിലാവുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഒടിയന് എതിരേ നടക്കുന്ന ഡീഗ്രേഡിങ്ങിനെക്കുറിച്ച് മഞ്ജു മറുപടി പറയണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം അവര്‍ തള്ളി. മഞ്ജു അല്ല ആരും ഇതില്‍ മറുപടി പറയേണ്ടതില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. താന്‍ ചിത്രം രണ്ട് പ്രാവശ്യം കണ്ടെന്നും മോശം സിനിമയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഭാഗ്യലക്ഷ്മിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

''ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് 'ഒടിയന്‍' എന്ന സിനിമ ഇറങ്ങിയ ദിവസം .നല്ലതും ചീത്തതുമായ എത്രയോ സിനിമകള്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്. അപ്പോള്‍ തന്റെ സിനിമ മോശമാണെങ്കില്‍ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂര്‍ണ്ണമായും മോഹന്‍ലാലിനാണ്.. കാരണം അദ്ദേഹം ഈ സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ്..

പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളില്‍ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല. മോഹന്‍ലാല്‍ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് 'ഒടിയന്‍' എന്നാണ് എന്റെ അഭിപ്രായം. ഒരാള്‍ക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാള്‍ക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.

സിനിമ കാണാത്തവര്‍ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോള്‍ തന്നെ മനസ്സിലാവും. ഇതൊരു ഗൂഡാലോചനയുടെഭാഗമാണെന്ന്. മലയാള സിനിമയില്‍ മോശം സിനിമകള്‍ വന്നിട്ടില്ലേ? എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകള്‍ ഇറങ്ങിയിട്ടില്ലേ ? മോഹന്‍ലാലിന്റെ മോശം സിനിമകള്‍ ഇറങ്ങിയിട്ടില്ലേ? സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം..

അതിന് പേര് വിമര്‍ശനം എന്നല്ല, വേറെയാണ്. മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയവര്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?....ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും, എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും.. പിന്നെ ശ്രീകുമാര്‍ മേനോന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു മഞ്ജു വാര്യര്‍ ഇതിന് മറുപടി പറയണമെന്ന്, എന്തിന്? മഞ്ജു എന്തിനാണ് മറുപടി പറയുന്നത്? ഇതിന് ആരും മറുപടി പറയേണ്ടതില്ല. ആദ്യത്തെ ആക്രമണം മാത്രമാണിത്, നല്ല സിനിമയാണെങ്കില്‍ വിജയിക്കും..സ്വന്തം അഭിപ്രായത്തില്‍ സിനിമ കാണുന്നവരുമുണ്ട് ഇവിടെ...''.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com