'നമ്മളൊന്നും റിവ്യൂ പറയാറായിട്ടില്ല, അതിന് കഴിവുള്ളവര്‍ വേറെയുണ്ട്'; നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ ഒടിയനെ തകര്‍ക്കാനാവില്ലെന്ന് പേളി

'പലരും നെഗറ്റീവ് റിവ്യൂ എഴുതുന്നത് ലൈക്കും ഷെയറും കിട്ടാന്‍ വേണ്ടി'
'നമ്മളൊന്നും റിവ്യൂ പറയാറായിട്ടില്ല, അതിന് കഴിവുള്ളവര്‍ വേറെയുണ്ട്'; നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ ഒടിയനെ തകര്‍ക്കാനാവില്ലെന്ന് പേളി

മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് ഉണ്ടായത്. ആദ്യ ദിവസം തന്നെ ചിത്രത്തെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകള്‍കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. ചിത്രത്തിനെതിരായ കൂട്ട ആക്രമണം ആസൂത്രിതമാണെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആരോപണം. ഇതിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നെഗറ്റീവ് റിവ്യൂകള്‍ പോസ്റ്റ് ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പേളി മാണി. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

പലരും നെഗറ്റീവ് റിവ്യൂ എഴുതുന്നത് ലൈക്കും ഷെയറും കിട്ടാന്‍ വേണ്ടിയാണെന്നും ആദ്യ ദിവസം തന്നെ സിനിമയെക്കുറിച്ച് മോശം എഴുതി അതിനുവേണ്ടി കഷ്ടപ്പെട്ടവരെ നശിപ്പിക്കാന്‍ നോക്കുന്നത് എന്തിനാണെന്നും താരം ചോദിച്ചു. നമ്മളൊന്നും സിനിമയ്ക്ക് റിവ്യൂ പറയാറായിട്ടില്ലെന്നാണ് താരം പറയുന്നത്. അതിന് കഴിവുള്ളവര്‍ വേറെ ഉണ്ടെന്നും എന്നാല്‍ അവരൊന്നും റിവ്യൂ എഴുതാറില്ലെന്നും പേളി കൂട്ടിച്ചേര്‍ത്തു. ബോധമുള്ളവര്‍ റിവ്യൂ എഴുതില്ലെന്നാണ് പേളിയുടെ പക്ഷം. 

എന്നാല്‍ സിനിമകണ്ട് നല്ലത് പറയാനുണ്ടെങ്കില്‍ അത് എഴുതണമെന്നും താരം പറയുന്നു.  ഒടിയന്‍ താന്‍ കണ്ടെന്നും മികച്ച ചിത്രമാണെന്നുമാണ് പേളി അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയുമെല്ലാം അഭിനയം വളരെ അധികം ഇഷ്ടപ്പെട്ടെന്നും പേളി കൂട്ടിച്ചേര്‍ത്തു. നാല് ട്യൂബ്ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ഒടിയന്‍ എന്ന സിനിമയിലെ ഡയലോഗ് എടുത്തു പറഞ്ഞ് ഇത് തന്നെയാണ് തനിക്കും പറയാനുള്ളതെന്നും താരം പറഞ്ഞു. 

നമ്മളെയെല്ലാം എന്റര്‍ടെയ്ന്‍ ചെയ്യിക്കാനാണ് സിനിമ ഇറക്കുന്നതെന്നും ആര്‍ക്കും ഉപദ്രവമില്ലാത്ത സിനിമകളെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് എന്തിനാണെന്നാണ് പേളി ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയെ നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാമെന്നും നിങ്ങള്‍ നല്ലതിനായി മാത്രം ഇതിനെ ഉപയോഗിക്കണമെന്നും താരം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com