ഷാരുഖിനേയും കാജോളിനേയും കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി; 22 മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ പാക് ആരാധകന്‍ മടങ്ങി

22 മാസം അബ്ദുള്ള ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞു. അവിടെ കിടന്നുകൊണ്ട് തന്റെ പ്രിയ താരങ്ങളെ കാണാന്‍ അനുവദിക്കണം എന്ന് പറഞ്ഞ് ഇയാള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനും കത്തെഴുതി
ഷാരുഖിനേയും കാജോളിനേയും കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി; 22 മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ പാക് ആരാധകന്‍ മടങ്ങി

ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനോടും കാജോളിനോടുമുള്ള ആരാധന മൂത്ത് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്ക് ആരാധകന്‍ 22 മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങി. 22 കാരനായ പാക്കിസ്ഥാന്‍ പൗരന്‍ അബ്ദുള്ളയാണ് താരങ്ങളോടുള്ള ആരാധനയില്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ഇന്ത്യയിലേക്ക് വരുമ്പോഴും ജയിലില്‍ കഴിയുമ്പോഴും എന്തിന് തിരിച്ച് പാക്കിസ്ഥാനിലേക്ക് പോകുമ്പോള്‍ പോലും അബ്ദുള്ളയ്ക്ക് ഒരു ആഗ്രഹം മാത്രമാണുള്ളത്. ഷാരുഖിനേയും കാജോളിനേയും കാണണം. ആഗ്രഹം സാധിക്കാനാവാത്തതിന്റെ വേദനയിലാണ് അബ്ദുള്ള മടങ്ങുന്നത്. 

2017 മെയ് 25 നാണ് അബ്ദുള്ള ഇന്ത്യയില്‍ അറസ്റ്റിലാകുന്നത്. വാഗ അതിര്‍ത്തിയിലെ സൈനിക ചടങ്ങ് കാണാന്‍ എത്തിയ ഇയാള്‍ അതിര്‍ത്തി കടന്ന് സൈനിക ഉദ്യോഗസ്ഥരോട് തന്റെ ആഗ്രഹം പറയുകയായിരുന്നു. എന്നാല്‍ അബ്ദുള്ള യെ നേരെ കൊണ്ടുപോയത് ജയിലിലേക്കായിരുന്നു. 22 മാസം അബ്ദുള്ള ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞു. അവിടെ കിടന്നുകൊണ്ട് തന്റെ പ്രിയ താരങ്ങളെ കാണാന്‍ അനുവദിക്കണം എന്ന് പറഞ്ഞ് ഇയാള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനും കത്തെഴുതി. എന്നാല്‍ അതിനും മറുപടി ലഭിച്ചില്ല. 

മുന്‍പ് ഇരുവരേയും കാണാന്‍ വേണ്ടി അബ്ദുള്ള വിസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇത് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അനധികൃതമായി പ്രവേശിച്ചത്. അവസാനം തന്റെ ആഗ്രഹം സാധിക്കാനാവാത്തതിന്റെ ദുഃഖത്തോടെയാണ് അബ്ദുള്ള മടങ്ങുന്നത്.  എന്നാല്‍ ഇനിയും ഇന്ത്യയിലേക്ക് തിരികെ വരും എന്നാണ് അബ്ദുള്ള പറയുന്നത്. പക്ഷേ അത് അനധികൃതമായിട്ടായിരിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com