രണ്ടാമൂഴം സംഭവിക്കും; ഒഫീഷ്യല്‍ ലോഞ്ചിങ് ഉടന്‍, 2019 ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും 

രണ്ടാമൂഴം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് നിര്‍മാതാവ് ബിആര്‍ ഷെട്ടിയുടെ വിശദീകരണം
രണ്ടാമൂഴം സംഭവിക്കും; ഒഫീഷ്യല്‍ ലോഞ്ചിങ് ഉടന്‍, 2019 ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും 

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് നിര്‍മാതാവ് ബിആര്‍ ഷെട്ടിയുടെ വിശദീകരണം. ചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിക്കുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം 2019 ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും പ്രി പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ഷെട്ടി വ്യക്തമാക്കി. 

അധികം വൈകാതെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ് ആഘോഷപൂര്‍വ്വം സംഘടിപ്പിക്കുമെന്നും ഷെട്ടി പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഷെട്ടിയുടെ പ്രതികരണം. 

എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളാണ് ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. ആദ്യഭാഗം പുറത്തിറങ്ങി നാലു മാസത്തിന് ശേഷമായിരിക്കും രണ്ടാം ഭാഗം റിലീസ് ചെയ്യുക എന്നും അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഒഴികെയുള്ള ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com