സംഘടനയുടെ പോക്കു നേരായ ദിശയിലല്ല, ഇങ്ങനെ പോയാല്‍ 'അമ്മ' കോടാലിയായി മാറും; തിലകന്‍ മോഹന്‍ലാലിനയച്ച കത്ത് പുറത്ത് 

തിലകന്‍ 2010 മാര്‍ച്ച് 23ന് അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിനു എഴുതിയ കത്താണ് മകള്‍ സോണിയ തിലകന്‍ പുറത്തുവിട്ടത്
സംഘടനയുടെ പോക്കു നേരായ ദിശയിലല്ല, ഇങ്ങനെ പോയാല്‍ 'അമ്മ' കോടാലിയായി മാറും; തിലകന്‍ മോഹന്‍ലാലിനയച്ച കത്ത് പുറത്ത് 

ലയാള ചലചിത്ര താരസംഘടനയായ 'അമ്മ'യുടെ നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിച്ച് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ തിലകനെഴുതിയ കത്ത് മകള്‍ പുറത്തുവിട്ടു. തിലകന്‍ 2010 മാര്‍ച്ച് 23ന് അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിനു എഴുതിയ കത്താണ് മകള്‍ സോണിയ തിലകന്‍ പുറത്തുവിട്ടത്. താരസംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതും ഇതിന് പിന്നാലെ നടിമാര്‍ നടത്തിയ കൂട്ട രാജിയുമൊക്കെ ചര്‍ച്ചയായപ്പോള്‍ നടന്‍ തിലകന് നേരിട്ട അവഗണനയും വിഷയമായിരുന്നു. ഇതിനിടയിലാണ് താരസംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നടന്‍ തിലകനെഴുതിയ കത്ത് പുറത്തുവിട്ടിരിക്കുന്നത്. 

അച്ഛന്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടും അമ്മ ഭാരവാഹികളുടെ മനസ് അലിഞ്ഞില്ലെന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണു കാണിച്ചതെന്നും കത്ത് പുറത്തുവിട്ടുകൊണ്ട് മകള്‍ സോണിയ പറഞ്ഞു. 

കരാര്‍ ഒപ്പിട്ട ശേഷം നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചതായി മോഹന്‍ലാലിനെഴുതിയ കത്തില്‍ തിലകന്‍ ചൂണ്ടിക്കാട്ടുന്നു. കെ ബി ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടും മൊബൈല്‍ ഫോണില്‍ വധഭീഷണി നടത്തിയിട്ടും അമ്മ ഭാരവാഹികള്‍ അറിഞ്ഞ ഭാവം നടിച്ചില്ലെന്നും തിലകന്‍ കത്തില്‍പറയുന്നു. 

സൂപ്പര്‍താരങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും വിമര്‍ശിക്കുമ്പോള്‍ ക്രുദ്ധരാകുന്ന അമ്മ ഭാരവാഹികള്‍, അംഗങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നതു ന്യായീകരിക്കാനാവില്ല. തന്റെ പ്രസ്താവനകള്‍ മൂലം ആര്‍ക്കെങ്കിലും അപമാനമുണ്ടായെന്നു ബോധ്യപ്പെടുത്തിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ സന്നദ്ധനാണെന്ന് കത്തില്‍ വ്യക്തമാക്കുന്ന തിലകന്‍ സംഘടനയുടെ പോക്കു നേരായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ അമ്മ കോടാലിയായി മാറുമെന്നും പറയുന്നു.


 
'ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ അച്ഛനെ ഒഴിവാക്കണമെന്നു ചിലര്‍ സംവിധായകന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടതായി അറിയാം. വിലക്കിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദവും അലച്ചിലുമാണ് അച്ഛനെ പെട്ടെന്നു മരണത്തിലേക്കു നയിച്ചത്', സോണിയ പറഞ്ഞു. 'അമ്മ' എന്നെഴുതിയ ഫയലില്‍ മോഹന്‍ലാലിന് അയച്ച കത്തിന്റെ അഞ്ചു കോപ്പികള്‍ തിലകന്‍ സൂക്ഷിച്ചിരുന്നെന്നും ഇതു പ്രത്യേകം സൂക്ഷിക്കണമെന്നു അവസാനനാളുകളില്‍ നിര്‍ദേശിച്ചിരുന്നും സോണിയ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com