'ഇപ്പോള്‍ മോഹന്‍ലാലിനെ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ പറയൂ'; ഒടിയന്‍ ലുക്കിനെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

'ഒടിയനില്‍ മോഹന്‍ലാലിനെ അല്ല മാണിക്യനെയാണ് കാണുന്നത്'
'ഇപ്പോള്‍ മോഹന്‍ലാലിനെ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ പറയൂ'; ഒടിയന്‍ ലുക്കിനെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

ഒടിയനിലെ മോഹന്‍ലാലിന്റെ ലുക്കിനെ പുകഴ്ത്തി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇപ്പോള്‍ മോഹന്‍ലാലിനെ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണോ എന്ന് സംശയം തോന്നുമെന്നാണ് അദ്ദേഹം പറയുന്നത്. ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി മോഹന്‍ലാലിനെ കണ്ടതിന് ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായ പ്രകടനം. ഒടിയന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് സത്യന്‍ അന്തിക്കാടിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മോഹന്‍ലാലിന്റെ ഒടിയന്റെ ചെറുപ്പം എങ്ങനെയിരിക്കുമെന്ന് കാണാനാണ് താന്‍ ഷൂട്ടിംഗ് സെറ്റില്‍ പോയത്. എന്നാല്‍ പറഞ്ഞ കേട്ടതില്‍ നിന്ന് വ്യത്യസ്തമായാണ് ഒടിയന്‍ ചിത്രീകരിക്കുന്നത്. ഒടിയനില്‍ മോഹന്‍ലാലിനെ അല്ല മാണിക്യനെയാണ് കാണുന്നത്. വളരെ വളരെ അധികം ചെറുപ്പക്കാരനാണ് മാണിക്യന്‍. ഇപ്പോള്‍ മോഹന്‍ലാലിനെ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നു പറയും. പ്രേക്ഷകരെപ്പോലെ തന്നെ വളരെ ആഗ്രഹത്തോടെ ഒടിയനെ കാത്തിരിക്കുകയാണ് താനെന്നും പറഞ്ഞാണ് സത്യന്‍ അന്തിക്കാട് വീഡിയോ അവസാനിപ്പിക്കുന്നത്. 

ഒടിയന്റെ അവസാന ഘട്ട ഷൂട്ടിംഗ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. മൂന്ന് ഗെറ്റപ്പുകളിലായാണ് സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇതില്‍ 30 കാരനെ അവതരിപ്പിക്കാനായി മോഹന്‍ലാല്‍ 18 കിലോയോളം ഭാരമാണ് കുറച്ചത്. പ്രമുഖ പരസ്യ സംവിധായകനായ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com