'എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല'; ലിസി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2018 11:41 AM  |  

Last Updated: 31st March 2018 11:41 AM  |   A+A-   |  

Lissy_daughter

 

വിവാഹബന്ധം വേര്‍പെടുത്തിയില്ലായിരുന്നെങ്കില്‍ താന്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നെന്ന് ലിസി. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള 26 വര്‍ഷത്തെ വിവാഹ ബന്ധം 2016ലാണ്  ലിസി അവസാനിപ്പിച്ചത്. എല്ലാം സഹിച്ചു ക്ഷമിച്ചും വിവാഹബന്ധത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലിസി വ്യക്തമാക്കി. 

'വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ വീട് വിട്ട് ഇറങ്ങുക എന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷെ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. അവര്‍ വളര്‍ന്നു. അവര്‍ക്ക് ചിന്തിക്കാന്‍ പ്രായമായിരിക്കുന്നു. അച്ഛനും അമ്മയും ബന്ധം പിരിഞ്ഞതോ മറ്റൊന്നും തന്നെ അവരെ ബാധിക്കുന്നില്ല. മക്കള്‍ക്ക് ജീവിതത്തില്‍ അച്ഛനമ്മമാരുടെ പിന്തുണ വേണം. എന്നാല്‍ അവര്‍ എപ്പോഴും അടുത്ത് വേണമെന്നില്ല.' ലിസി വ്യക്തമാക്കി. 

കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ തന്നെ ത്യജിച്ചാല്‍ ഭര്‍ത്താവും കുട്ടികളും ഒരിക്കലും നിങ്ങളെ ബഹുമാനിക്കില്ലെന്നാണ് ലിസി പറയുന്നത്. 'ഞങ്ങള്‍ക്ക് വേണ്ടിയാണോ ജീവിതം കളയാന്‍ പറഞ്ഞത് എന്ന ചോദ്യമായിരിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാവുക. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് എല്ലാ ത്യജിച്ച് വിവാഹത്തിലേയ്ക്ക് കടക്കുന്നത്. വിവാഹത്തിനായി താന്‍ മതം വരെ മാറിയിട്ടുണ്ട്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ അത് വേണ്ടായിരുന്നില്ല എന്ന് തോന്നുന്നുണ്ട്.' ഒന്നിനും വേണ്ടി ഇഷ്ടപ്പെട്ട ജോലി വേണ്ടെന്ന് വയ്ക്കരുതെന്നാണ് താന്‍ ജീവിതത്തില്‍ പഠിച്ച പാഠമെന്നും താരം കൂട്ടിച്ചേര്‍ത്തു.