'അങ്കിളില്‍ മമ്മൂട്ടിക്ക് പകരം മറ്റൊരു നടനായിരുന്നെങ്കില്‍ ചിത്രത്തിന് കൂടുതല്‍ റീച്ച് കിട്ടുമായിരുന്നു'; വിമര്‍ശനവുമായി സംവിധായകന്‍

മമ്മൂട്ടി ഒരിക്കലും ക്രൂരത ചെയ്യില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു
'അങ്കിളില്‍ മമ്മൂട്ടിക്ക് പകരം മറ്റൊരു നടനായിരുന്നെങ്കില്‍ ചിത്രത്തിന് കൂടുതല്‍ റീച്ച് കിട്ടുമായിരുന്നു'; വിമര്‍ശനവുമായി സംവിധായകന്‍

ജോയ് മാത്യു തിരക്കഥയില്‍ ഒരുങ്ങിയ അങ്കിള്‍ വളരെ പ്രതീക്ഷയോടെ ആരാധകരുടെ മുന്നില്‍ എത്തിയത്. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വലിയ വിജയം നേടാന്‍ ചിത്രത്തിന് സാധിക്കാതിരുന്നതിന് കാരണം പ്രധാനവേഷത്തില്‍ മമ്മൂട്ടി എത്തിയതാണെന്ന് സംവിധായകന്‍  കെ.പി. സുവീരന്‍. അങ്കിളിലെ കേന്ദ്ര കഥാപാത്രം മമ്മൂട്ടി അല്ലായിരുന്നുവെങ്കില്‍ സിനിമയ്ക്ക് കുറച്ച് കൂടെ റീച്ച് കിട്ടുമായിരുന്നു എന്നാണ് ദേശിയ പുരസ്‌കാര ജേതാവ് വ്യക്തമാക്കിയത്. 

തന്റെ പുതിയ ചിത്രമായ മഴയത്തിനെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു സുവീരന്റെ പരാമര്‍ശം. ചിത്രത്തില്‍ നായകനായി പുതുമുഖ താരത്തെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുമ്പോഴാണ് അങ്കിളില്‍ സംഭവിച്ച വീഴ്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മമ്മൂട്ടി ഒരിക്കലും ക്രൂരത ചെയ്യില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 

'വാസ്തവത്തില്‍ ഈ സിനിമയ്ക്ക് നായകനായി ഒരു പുതിയ മുഖം അനിവാര്യമായിരുന്നു. അത് കൊണ്ട് സ്റ്റാര്‍ കാസ്റ്റിന് വേണ്ടി ശ്രമിച്ചിട്ടേയില്ല. അനുകൂലമായ സാഹചര്യങ്ങള്‍ വന്നപ്പോള്‍ നികേഷിനെ തിരഞ്ഞെടുത്തു. ചില കാര്യങ്ങള്‍ ഒരു സോ കോള്‍ഡ് നടനെക്കൊണ്ട് ചെയ്യിപ്പിച്ചാല്‍ അത് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ തന്നെയാണ് ഒരു പുതുമുഖത്തെ തിരഞ്ഞെടുത്തത്.

ഉദാഹരണത്തിന് ജോയ് മാത്യുവിന്റെ അങ്കിള്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ സോ കോള്‍ഡ് നായകനായ മമ്മുക്കയെ പ്രധാന കഥാപാത്രം ഏല്‍പ്പിച്ചു. ചില തെറ്റിദ്ധരിപ്പിക്കലുകളില്‍ ആണ് ആ സിനിമ പരാജയപ്പെട്ടത്. മമ്മൂട്ടിയുടെ കഥാപാത്രം പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതായി കാണിക്കുന്നതെങ്കിലും, മമ്മൂട്ടിയോടൊപ്പം ഒരു പെണ്‍കുട്ടി യാത്ര ചെയ്യുമ്പോള്‍ അവളുടെ വീട്ടുകാര്‍ ആശങ്കപ്പെടുന്നു.

എങ്കിലും വാസ്തവത്തില്‍ സിനിമകാണുന്ന പ്രേക്ഷകര്‍ക്കറിയാം മമ്മൂട്ടി എന്ന നടന്‍ അങ്ങനെ ചെയ്യില്ല അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഥാപാത്രം അങ്ങനെ ചെയ്യില്ല എന്ന്. അപ്പോള്‍ തീര്‍ച്ചയായും തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയമായിരിക്കും. അതുകൊണ്ടുതന്നെ അങ്കിളില്‍ മമ്മുട്ടി അല്ലായിരുന്നു നായകനെങ്കില്‍ പടത്തിന് കൂടുതല്‍ റീച് കിട്ടുമായിരുന്നു'' സുവീരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com