'ഷക്കീലയൊരു  പോണ്‍ നായികയല്ല' ; സിനിമയില്‍ നിന്ന് പുറത്താക്കിയത് അസൂയപൂണ്ട നടന്‍മാരെന്ന്  ഇന്ദ്രജിത്ത് ലങ്കേഷ്

'ഷക്കീലയൊരു  പോണ്‍ നായികയല്ല' ; സിനിമയില്‍ നിന്ന് പുറത്താക്കിയത് അസൂയപൂണ്ട നടന്‍മാരെന്ന്  ഇന്ദ്രജിത്ത് ലങ്കേഷ്

ബി ഗ്രേഡ് ചിത്രങ്ങളില്‍ അഭിനയിച്ച ഷക്കീലയെങ്ങനെയാണ് പോണ്‍ നായികയാവുന്നതെന്ന് ബോളിവുഡ് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ്. അഡള്‍ട്ട് ഒണ്‍ലി രംഗങ്ങള്‍ ഉള്ള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നു. ചലച്ചിത്ര ബോര്‍ഡുകള്‍ സിനിമ കണ്ട് അംഗീകാരം കൊടുത്ത ശേഷമാണ് അവരുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയിരുന്നതെന്നും നീലച്ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഷക്കീലയുടെ ജീവിതം പ്രമേയമായി വരുന്ന ബോളിവുഡ് സിനിമയുടെ സംവിധായകനാണ് ഇന്ദ്രജിത്ത്  ലങ്കേഷ്.

ഷക്കീലയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍ കണക്കില്ലാതെയാണ് പണം വാരിയത്. ആളുകള്‍ ഇടിച്ചു കയറിയിരുന്നു, പക്ഷേ നായിക മാത്രം 'നീലച്ചിത്രനായിക'യെന്ന് ലേബല്‍ ചെയ്യപ്പെടുകയായിരുന്നുവെന്നും ലങ്കേഷ് പറഞ്ഞു.

ഷക്കീലച്ചിത്രങ്ങളുടെ വിജയത്തില്‍ അസൂയ പൂണ്ട നടന്‍മാരാണ് അവര്‍ക്ക് സിനിമ ഇല്ലാതെയാക്കിയത്. നീതികെട്ട സമൂഹമാണ് അവരെ അശ്ലീല നായികയെന്ന് മുദ്രകുത്തിയത്. ഷക്കീലയ്ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനോ നല്ലൊരു വീട് വയ്ക്കുന്നതിനോ പോലും കഴിഞ്ഞില്ല. താന്‍ സിനിമയുടെ ആവശ്യത്തിനായി കൂടിക്കാഴ്ചയ്ക്ക് ചെല്ലുമ്പോള്‍ അവര്‍ ഒറ്റമുറി വീട്ടിലായിരുന്നു. ഞെട്ടിത്തകര്‍ന്നു പോയെന്നാണ് ലങ്കേഷ് പറയുന്നത്.

 പഠിച്ച് ജോലി വാങ്ങിയാല്‍ ഭാവി കാര്യങ്ങള്‍ ചിന്തിക്കുകയാണ് നമ്മളൊക്കെ ചെയ്യുക. കടുത്ത ദാരിദ്യത്തില്‍ നിന്നാണ് ഷക്കീല സിനിമാ രംഗത്തേക്ക് എത്തിയത്. പ്രതിസന്ധികാലങ്ങളില്‍ പിടിച്ചു നില്‍ക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. വിദ്യാഭ്യാസമില്ലാത്തത് കൊണ്ടു തന്നെ വൈകാരികമായ പല തീരുമാനങ്ങളും തെറ്റായ സാമ്പത്തിക തിരഞ്ഞെടുപ്പുകളും അവര്‍ക്ക് സ്വീകരിക്കേണ്ടി വന്നു. ഈ കാരണമാണ് ഏറ്റവുമധികം പണം വാരിയിട്ടും ഒടുവില്‍ പരമ ദരിദ്രയായി അവരെ മാറ്റിയതെന്നും സംവിധായകന്‍ വ്യക്തമാക്കി.

 വടക്കേയിന്ത്യന്‍ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തെക്കേയിന്ത്യയിലെ ജീവിതമെന്നും ഷക്കീലയിലൂടെ പുതിയ കഥ മാത്രമല്ല, സംസ്‌കാരത്തെ കൂടിയാണ് താന്‍ പരിചയപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ലങ്കേഷിന്റെ പ്രഥമ ബോളിവുഡ് സംരംഭമാണ് ഷക്കീല.കവിത ലങ്കേഷിന്റെയും അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരിയുടെയും സഹോദരന്‍ കൂടിയാണ് ഇന്ദ്രജിത്ത്.  റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com