ഇടിച്ച വണ്ടിക്കാരനെതിരെ പരാതി പറയാൻ സ്റ്റേഷനിലെത്തി; പീ‍ഡനക്കേസിൽ അകത്താകാഞ്ഞത് ഭാ​ഗ്യമെന്ന് സീരിയൽ നടൻ

നീതിക്കു വേണ്ടി ശബ്ദമുയർത്തിയതിന്, നീതിയില്ലാത്ത അവഹേളനത്തിനിരയാകേണ്ടി വന്ന ദുരനുഭവമാണ് താരം പറയുന്നത്
ഇടിച്ച വണ്ടിക്കാരനെതിരെ പരാതി പറയാൻ സ്റ്റേഷനിലെത്തി; പീ‍ഡനക്കേസിൽ അകത്താകാഞ്ഞത് ഭാ​ഗ്യമെന്ന് സീരിയൽ നടൻ

ഴിഞ്ഞ 20 വർഷമായി മിനി സ്ക്രീനിൽ സജീവമായ, ജനപ്രീതി സമ്പാദിച്ച സിനിമ–സീരിയൽ താരമാണ് ഡോ. ഷാജു. ഇരുപതോളം സീരിയലുകൾ, വ്യത്യസ്ത കഥാപാത്രങ്ങൾ, സിനിമകളിൽ മികച്ച അവസരങ്ങൾ. ഇന്നും പ്രേക്ഷക മനസ്സിൽ ജ്വലിച്ചു നിൽക്കുന്നതാണ് ജ്വാലയായി എന്ന സീരിയലിലെ ഷാജുവിന്റെ കഥാപാത്രം. ദന്ത ഡോക്ടർ കൂടിയായ ഷാജുവിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നീതിക്കു വേണ്ടി ശബ്ദമുയർത്തിയതിന്, നീതിയില്ലാത്ത അവഹേളനത്തിനിരയാകേണ്ടി വന്ന ദുരനുഭവമാണ് താരം പറയുന്നത്. 

ഒരു പെൺകുട്ടിക്കു കിട്ടുന്ന നിയമ പരിരക്ഷ എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ചെറിയ തെളിവാണ് തനിക്ക് നേരിട്ട മോശം അനുഭവമെന്ന് ഷാജു പറയുന്നു. ഒരു വർഷം മുൻപാണ് സംഭവം. കഴിഞ്ഞ വർഷം ഐഎഫ്എഫ്കെയുടെ സമയത്ത്. തിയേറ്ററിലേക്കു പോകുകയായിരുന്ന തന്റെ വണ്ടിയുടെ പിന്നിൽ മറ്റൊരു വണ്ടി വന്നു തട്ടി. ഇടിച്ച വണ്ടിയുടെ അടുത്തെത്തി നോക്കിയപ്പോൾ ഡ്രൈവിങ് സീറ്റിലും അടുത്തും രണ്ട് പുരുഷൻമാരാണ്. ആദ്യ കാഴ്ചയിൽ തന്നെ അവർ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. കണ്ണു കാണാൻ പാടില്ലേയെന്നു ചോദിച്ചിട്ടും അവർക്ക് യാതൊരു കൂസലുമുണ്ടായില്ല.

പിന്നീട് വിഷയം പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കാര്യങ്ങൾ മറ്റൊരു വഴിക്കായത്. പരാതി എഴുതുമ്പോൾ പരിചയമുള്ള ഒരു പൊലീസുകാരൻ അടുത്തു വന്നു വണ്ടിക്ക് വലിയ നഷ്ടം വല്ലതും ഉണ്ടായോ എന്നു ചോദിച്ചു. കുറഞ്ഞത് 5000 രൂപയുടെ പണിയുണ്ടെന്നു പറഞ്ഞപ്പോൾ, കള സാറേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ലങ്കിലും ഏറെ വൈകാതെ കാര്യങ്ങൾ വ്യക്തമായി.

ഇടിച്ച വണ്ടിയിലുണ്ടായിരുന്ന പുരുഷൻമാർ അപ്പുറത്ത് ആ പെൺകുട്ടിയെക്കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയാണ്. വണ്ടി തട്ടിയ ഉടൻ താൻ ഓടിയിറങ്ങി വന്ന് ഡോർ വലിച്ചു തുറക്കുകയും അസഭ്യം പറയുകയും ആ പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമൊക്കെയാണതിൽ എഴുതുന്നതത്രേ. എല്ലാം വെറും നുണകളായിരുന്നു നട്ടാൽ മുളയ്ക്കാത്ത അസത്യങ്ങളായിരുന്നു. 

ആ കുട്ടി പരാതി നൽകിയാല്‍ തനിക്കെതിരെ ക്രിമിനൽ കുറ്റമാകും. മറിച്ച് താൻ നൽകുന്നതോ വെറും പെറ്റി കേസ്. മനസ്സിലേക്ക് ഭയം ഇരച്ച് കയറാൻ തുടങ്ങി. നുണപ്പരാതിയിൽ അപമാനിക്കപ്പെടും എന്നു തോന്നിയപ്പോഴാണ് പൊലീസുകാർ ഒരു സമവായത്തിനു ശ്രമിക്കുന്നതെന്നു മനസ്സിലായി. എതിർ ഭാഗത്തിന്റെ നീക്കത്തിൽ കള്ളം മണത്ത എസ്ഐ അവരെ വിളിച്ചു ചോദിച്ചപ്പോൾ ആ പെൺകുട്ടി പെട്ടെന്നു മുന്നിലേക്കു ചാടി വന്ന് ഇയാൾ വളരെ മോശമായി സംസാരിച്ചു, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞത്രേ.

സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഒരു ദാക്ഷണ്യവുമില്ലാതെ പറയുകയാണ്. അപ്പോഴേക്കും സ്റ്റേഷനിലുണ്ടായിരുന്നവരൊക്കെ അവിടെ കൂടി. പറഞ്ഞു വരുമ്പോൾ സ്ത്രീ വിഷയമാണ്. പലരും തിരിച്ചറിഞ്ഞ് അടുത്തു വന്നു കാര്യം തിരക്കാൻ തുടങ്ങി. അപമാന ഭാരത്താൽ തൊലി ഉരിഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്നു പുറത്തു കടന്നാൽ മതിയെന്നായി. വണ്ടിയിടിച്ച വിഷയത്തിൽ പരാതി കൊടുത്താൽ അവരും പരാതി കൊടുക്കുമത്രേ. ഇല്ലങ്കിൽ അവർക്കും പരാതിയില്ല. പരാതിയില്ല എന്നു പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ വിജയിച്ച ഭാവമായിരുന്നു ആ പെൺകുട്ടിയുടെ മുഖത്ത്. ഇത്രയും ചെറുപ്പത്തിൽ ഇത്ര വലിയ കള്ളത്തരങ്ങൾ പറഞ്ഞു പഠിച്ചാൽ ജീവിതത്തില്‍ മുന്നോട്ടു പോകുമ്പോൾ ഒരു പാട് ദുഃഖിക്കേണ്ടി വരും എന്ന് ആ കുട്ടിയോടു പറയാതിരിക്കാൻ കഴിഞ്ഞില്ല. 

ആ സംഭവത്തിന് ശേഷം അതുമായി ബന്ധപ്പെട്ടുള്ള യാതൊരു നീക്കത്തിനും പിന്നീട് മുതിർന്നില്ല. കൊല്ലത്തുള്ള വണ്ടിയായിരുന്നു ഇടിച്ചത്. അപകടം നടന്ന സ്ഥലത്ത് വച്ച് ആ വണ്ടിയുടെ കുറെ ചിത്രങ്ങളെടുത്തിരുന്നു. സ്റ്റേഷനിൽ നിന്നിറങ്ങിയ ഉടൻ അതും ഡിലീറ്റ് ചെയ്തു. ഷാജു വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com