2.0 വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യം 

ശാസ്ത്ര വിരോദം ജനിപ്പിക്കുന്ന തരത്തില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് 2.0യ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം
2.0 വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യം 

റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശങ്കറിന്റെ രജനീകാന്ത് ചിത്രം 2.0 വിവാദക്കുരുക്കില്‍. തെറ്റിദ്ധാരണ പടര്‍ത്തുന്നതും ശാസ്ത്രവിരുദ്ധവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് 2.0യ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ചിത്രത്തില്‍ മൊബൈല്‍ ഫോണുകള്‍ക്കും മൊബൈല്‍ സേവനങ്ങള്‍ക്കും എതിരെ ഉയര്‍ത്തുന്ന മനോഭാവം ചൂണ്ടിക്കാട്ടി സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 2.0യുടെ സംവിധായകനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. 

മൊബൈല്‍ ഫോണ്‍ ഉപയോഗവും അതുവഴിയുണ്ടാകുന്ന റേഡിയേഷനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദോഷകരമാണെന്ന് ചിത്രത്തില്‍ അവതരിപ്പിക്കുന്നെന്നാണ് സിഒഎഐ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത്തരം തെറ്റായ സന്ദേശം സിനിമയിലൂടെ സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ അസോസിയേഷന്‍ സെന്‍സര്‍ ബോര്‍ഡിനെ സമൂപിച്ചിട്ടുണ്ട്. സിനിമയുടെ ട്രെയിലറിനും ടീസറിനും ഉള്‍പ്പെടെ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കേഷന്‍ അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

സിനിമയുടെ ടിക്കറ്റ് വിതരണം ഉള്‍പ്പെടെ ആരംഭിച്ചിരിക്കുന്ന അവസരത്തിലാണ് ഇത്തരത്തിലൊരു പരാതി ഉയര്‍ന്നുവരുന്നത്. വലിയ വിജയമായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് നടന്‍ അക്ഷയ്കുമാറാണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. ആമിജാക്‌സനാണ് നായിക. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം മുളകുപാടം ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com