ഈ ബജറ്റില്‍ ഇതുപോലൊരു ചിത്രം ഹോളിവുഡില്‍ പോലും ഉണ്ടാവില്ല;ശങ്കര്‍ ജയിംസ് കാമറൂണ്‍ അല്ല, അതുക്കും മേലെ: അക്ഷയ് കുമാര്‍

ഈ ബഡ്ജറ്റില്‍ ഇതുപോലൊരു ചിത്രം ഹോളിവുഡില്‍ പോലും നിര്‍മ്മിക്കില്ലെന്ന് എനിക്കുറപ്പുണ്ട്, അക്ഷയ്
ഈ ബജറ്റില്‍ ഇതുപോലൊരു ചിത്രം ഹോളിവുഡില്‍ പോലും ഉണ്ടാവില്ല;ശങ്കര്‍ ജയിംസ് കാമറൂണ്‍ അല്ല, അതുക്കും മേലെ: അക്ഷയ് കുമാര്‍

ചിട്ടി റോബോട്ടായി രജനീകാന്ത് വീണ്ടും ഞെട്ടിപ്പിക്കാനെത്തുമ്പോള്‍ അതിനൊപ്പം തന്നെ ആകാംക്ഷ ഉയര്‍ത്തുന്നതാണ് 2.0യിലെ അക്ഷയ് കുമാറിന്റെ പ്രതിനായക വേഷവും. ആധുനിക സാങ്കേതികവിദ്യയുടെ ദുഷ്ഫലങ്ങള്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ് സ്റ്റൈല്‍ മന്നന് വില്ലനായി എത്തുന്നത്. റിച്ചാര്‍ഡ് എന്നാണ് അക്ഷയ് കഥാപാത്രത്തിന്റെ പേര്. 

2.0യുടേത് പോലൊരു തിരക്കഥ താന്‍ ഇതുവരെ കേട്ടിട്ടില്ലെന്നാണ് അക്ഷയ്‌യുടെ വാക്കുകള്‍. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നിരവധി സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ 2.0 അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗൗരവമേറിയ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്. ഇതുപോലൊരു കഥ മുന്‍പ് ആരും ചിന്തിക്കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അത്രമാത്രം ആകാംഷയാണ് ശങ്കര്‍ ഈ കഥ വിവരിച്ചപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായത്, അക്ഷയ് പറഞ്ഞു.

'അസാധാരണമായ ഒരു സൃഷ്ടാവാണ് ശങ്കര്‍. സ്റ്റിറോയിഡ് അടിച്ച ജെയിംസ് കാമറൂണ്‍ ആണ് അദ്ദേഹം. ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുള്ളതില്‍ സാങ്കേതികപരമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് 2.0. ട്രാന്‍സ്‌ഫോര്‍മേര്‍സ് ബിഗ് സ്‌ക്രീനില്‍ കാണുന്നതിന് സമാനമായ അനുഭവമാണ് 2.0 സമ്മാനിക്കുക. ഈ ബജറ്റില്‍ ഇതുപോലൊരു ചിത്രം ഹോളിവുഡില്‍ പോലും നിര്‍മ്മിക്കില്ലെന്ന് എനിക്കുറപ്പുണ്ട്'. 2.0 തീയറ്ററുകളിലെത്താന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആദ്യമായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു അക്ഷയ്. 

രണ്ടര മണിക്കൂര്‍ കൊണ്ടാണ് ശങ്കര്‍ എന്നെ കഥപറഞ്ഞ് കേള്‍പ്പിച്ചത്. അതുകൊണ്ടുതന്നെ സിനിമയിലെ ഓരോ കഥാപാത്രവും സന്ദര്‍ഭവും എനിക്ക് നന്നായി അറിയാം. ഈ ലോകം മനുഷ്യരുടേത് മാത്രമല്ലെന്ന ശക്തമായ ആശയമാണ് 2.0 മുന്നോട്ടുവയ്ക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം പ്രതിനിധിയായി നിന്നുകൊണ്ടാണ് ഈ സിനിമ സംസാരിക്കുന്നത്, തന്നെ സിനിമയിലേക്ക് ആകര്‍ഷിച്ച ഘടകവും ഇതുതന്നെയെന്ന് അക്ഷയ്. 

2.0യെ അക്ഷയ് കുമാര്‍ ചിത്രമെന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത് എന്നാല്‍ അത് അദ്ദേഹത്തിന്റെ എളിമയാണെന്നും താന്‍ സിനിമയിലെ അംരീഷ് പുരി മാത്രമാണെന്നുമാണ് അക്ഷയ് പറയുന്നത്. രജനീകാന്തിനോടൊപ്പമുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ വളരെ രസകരമായിരുന്നെന്ന് അക്ഷയ് പറയുന്നു. വളരെ ലളിതമായ ഒരു വാക്യത്തെ ഒരു എപ്പിക് ഡയലോഗായി അദ്ദേഹം മാറ്റുന്നത് വളരെ അതിശയകരമായിരുന്നു. പറയുന്ന ഓരോ വരിയിലും ആസ്വാദനം നിറയ്ക്കുന്ന വ്യക്തിയാണ് അദ്ദേഹം. 

കൂര്‍ത്ത നഖങ്ങളും പൂച്ചക്കണ്ണുകളുമായി രാക്ഷസരൂപിയായാണ് റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെ ട്രെയിലറിലടക്കം കണ്ടത്. മൂന്ന് പേര്‍ മൂന്നര മണിക്കൂറോളം കഷ്ടപ്പെട്ടാണ് തന്നെ കഥാപാത്രമാക്കി മാറ്റിയിരുന്നതെന്ന് അക്ഷയ് പറയുന്നു. ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാനും ഒന്നരമണിക്കൂറോളം സമയം വേണ്ടിവരും. ഷൂട്ടിങ്ങിനിടയില്‍ ലിക്വിഡ് ഡയറ്റിലായിരുന്ന അക്ഷയ്ക്ക് പാലും ജ്യൂസും മാത്രമായിരുന്നു ഭക്ഷണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com