'പൃഥ്വിരാജിന്റെ വളര്‍ച്ച അമ്പരപ്പിച്ചു, ധൈര്യമുണ്ടാകുമ്പോള്‍ ഞാനും സിനിമ ചെയ്യും'; ടൊവിനോ തോമസ്

ലൂസിഫറില്‍ ചെറിയ വേഷമാണെങ്കിലും വലിയ ചിത്രമായതിനാല്‍ ഓഫര്‍ സ്വീകരിക്കാന്‍ ഒരു മടിയുണ്ടായിരുന്നില്ലെന്നും ടൊവിനോ
'പൃഥ്വിരാജിന്റെ വളര്‍ച്ച അമ്പരപ്പിച്ചു, ധൈര്യമുണ്ടാകുമ്പോള്‍ ഞാനും സിനിമ ചെയ്യും'; ടൊവിനോ തോമസ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ താരനിരയെ അണിനിരത്തിയാണ് പൃഥ്വിരാജ് തന്റെ സ്വപ്നത്തെ നെയ്‌തെടുത്തത്. പൃഥ്വിരാജിന്റെ സംവിധായക മികവിനെ പുകഴ്ത്തി മോഹന്‍ലാല്‍ അടക്കം പലരും രംഗത്തെത്തി കഴിഞ്ഞു. ഇപ്പോള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ടൊവിനോ തോമസാണ് പൃഥ്വിരാജ് എന്ന സംവിധായകനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകനെന്ന രീതിയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെ അമ്പരപ്പിച്ചുവെന്നാണ് ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞത്.

വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവര്‍ത്തിക്കുന്നത്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നതെന്നും ടൊവിനോ പറഞ്ഞു. തനിക്ക് സംവിധായകനാവാന്‍ താല്‍പ്പര്യമുണ്ടെന്നും ടോവിനോ വ്യക്തമാക്കി. ധൈര്യമുണ്ടാകുമ്പോള്‍ സംവിധാനം ചെയ്യുമെന്നാണ് താരം പറയുന്നത്. ലൂസിഫറില്‍ ചെറിയ വേഷമാണെങ്കിലും വലിയ ചിത്രമായതിനാല്‍ ഓഫര്‍ സ്വീകരിക്കാന്‍ ഒരു മടിയുണ്ടായിരുന്നില്ലെന്നും ടൊവിനോ വ്യക്തമാക്കി. 

മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യാന്‍ ടൊവിനോയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ല. നായകവേഷമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഭിനേതാവ് എന്ന രീതിയില്‍ നമ്മള്‍ വളരുകയാണെന്നാണ് ടൊവിനോയുടെ അഭിപ്രായം. ഇതിന് മുന്‍പ് മഞ്ജു വാര്യരിന്റെ ചിത്രത്തില്‍ ടൊവിനോ ചെറിയവേഷത്തില്‍ എത്തിയിരുന്നു. 

'ആമി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ആറ് ദിവസമാണ് പങ്കെടുത്തത്. പക്ഷേ പ്രേക്ഷകരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുഖ്യധാരാ സിനിമയുടെ ഭാഗമാവുമ്പോള്‍ കൂടുതലാളുകള്‍ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്, അത് സ്വാഭാവികമാണ്.' ടൊവിനോ പറഞ്ഞു. 

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറില്‍ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. നായികയായി മഞ്ജു വാര്യരാണ് എത്തുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് വില്ലന്‍ വേഷം ചെയ്യുന്നത്. ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുരളിഗോപി തിരക്കഥ രചിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com