പ്രേം നസീര്‍ മുതല്‍ സുരേഷ് ഗോപിവരെ...സെലിബ്രിറ്റികള്‍ക്ക് മലയാളികള്‍ വോട്ടുകുത്താറുണ്ടോ? രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയ താരങ്ങള്‍ ഇവരാണ്

പ്രേംനസീറും ഷീലയും ഭരത് ഗോപിയുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുത്തിരുന്നുവെങ്കിലും ഒരിക്കല്‍ പോലും മത്സരിച്ചില്ല.
പ്രേം നസീര്‍ മുതല്‍ സുരേഷ് ഗോപിവരെ...സെലിബ്രിറ്റികള്‍ക്ക് മലയാളികള്‍ വോട്ടുകുത്താറുണ്ടോ? രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയ താരങ്ങള്‍ ഇവരാണ്


പ്രേംനസീര്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ആയില്ലെന്നതിന് മുതിര്‍ന്ന നടനായ ചാരുഹസന്റെ മറുപടി , മലയാളികള്‍ക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് എന്നായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ എംജിആറും എന്‍ടിആറുമെല്ലാം കളം നിറഞ്ഞ കാലത്തില്‍ പോലും മലയാള സിനിമാതാരങ്ങള്‍ ഒരു ശ്രമം പോലും നടത്തിയില്ല. മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും പേരുകള്‍ അടുത്ത സമയങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും മത്സരിക്കാന്‍ ഇല്ലെന്ന് താരങ്ങള്‍ തുറന്ന് പറയുകയായിരുന്നു. എങ്കിലും രാഷ്ട്രീയത്തോട് മലയാള സിനിമ അത്ര മുഖം തിരിച്ച് നിന്നിട്ടില്ലെന്ന് തന്നെ പറയണം. മുഖ്യമന്ത്രി ആയില്ലെങ്കിലും എംപിയായും മന്ത്രിയായും എംഎല്‍എയായുമെല്ലാം തിളങ്ങിയ ചില താരങ്ങള്‍ നമ്മുടെ മലയാള സിനിമയിലും ഉണ്ട്. 

രാമുകര്യാട്ടും പ്രേം നസീറും മുതല്‍ സുരേഷ്‌ഗോപി വരെ എത്തി നില്‍ക്കുന്നതാണ് മലയാള ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയത്തിലെ ഭാഗ്യ പരീക്ഷണങ്ങള്‍. പ്രേംനസീറും ഷീലയും ഭരത് ഗോപിയുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുത്തിരുന്നുവെങ്കിലും ഒരിക്കല്‍ പോലും മത്സരിച്ചില്ല. ജഗദീഷും മുരളിയും ഉള്‍പ്പടെയുള്ള നടന്‍മാരാവട്ടെ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 

ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സെലിബ്രിറ്റി താരം രാമു കര്യാട്ടായിരുന്നു. 1965 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് വിഖ്യാത സംവിധായകന്‍ കൂടിയായ കര്യാട്ട് ഇടതു സ്വതന്ത്രനായി ജനവിധി തേടിയത്. തൃശ്ശൂരിലെ നാട്ടികയായിരുന്നു മണ്ഡലം. തുടക്കം പിഴച്ചില്ല, രാമു കര്യാട്ട് അന്ന് വിജയിച്ചു.

അടുത്തയിടെ അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ജനവിധി തേടിയിറങ്ങിയത് 1991 ലാണ്. ഒറ്റപ്പാലത്ത് നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയായെങ്കിലും കെ ആര്‍ നാരായണനോട് പരാജയപ്പെട്ടു.  
1999 ല്‍ മുരളിയാണ് ഇടത് സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കിയത്. ആലപ്പുഴ മണ്ഡലത്തില്‍ നിന്നായിരുന്നു മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ജനവിധി തേടിയിറങ്ങിയത്. മുരളിക്കും പക്ഷേ രാഷ്ട്രീയത്തില്‍ ചുവട് പിഴച്ചു. പിന്നീട് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നേയില്ല. 

സിനിമയില്‍ നിന്നെത്തി രാഷ്ട്രീയത്തില്‍ വെന്നക്കൊടി പാറിച്ചത് കെ ബി ഗണേഷ്‌കുമാറാണ്. 2001 മുതല്‍ പത്താനാപുരത്ത് നിന്ന് ഗണേഷ് കുമാറല്ലാതെ മറ്റാരും നിയമസഭയില്‍ എത്തിയിട്ടില്ല. മന്ത്രിയായും മികച്ച പ്രകടനമാണ് ഗണേഷ് കുമാര്‍ കാഴ്ചവച്ചിരുന്നത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹതാരമായ ജഗദീഷിനെയാണ് ഗണേഷ് കുമാര്‍ പരാജയപ്പെടുത്തിയത്. അതേ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും മുകേഷ് സിപിഎം ടിക്കറ്റില്‍ വിജയിക്കുകയും ചെയ്തു.

2001 ല്‍ കേരള പീപ്പീള്‍സ് പാര്‍ട്ടിയുമായി ദേവന്‍ രാഷ്ട്രീയത്തിലേക്കിറങ്ങി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭരത് ഗോപി 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. 2017 ലാണ് ഷീല കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും പ്രചാരണങ്ങള്‍ക്കിറങ്ങുകയോ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ അവര്‍ ചെയ്തിട്ടില്ല. 2016 ല്‍ വടക്കാഞ്ചേരിയില്‍ നിന്ന് കെപിഎസി ലളിത സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും താരം സ്വയം പിന്‍മാറുകയായിരുന്നു. 

ഇന്നസെന്റാണ് ലോക്‌സഭയിലെത്തിയ മലയാളി താരം. 2014 ല്‍ എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്രനായി അദ്ദേഹം ജനവിധി തേടിയത്. ഇക്കുറിയും ഇന്നസെന്റ് മത്സര രംഗത്തുണ്ട്. ഇന്നസെന്റിന് പുറമേ അയല്‍ നിയോജക മണ്ഡലമായ തൃശ്ശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2016 ലാണ ്‌സുരേഷ് ഗോപി ബിജെപിയില്‍ ചേരുന്നത്. രാജ്യസഭാ എംപിയായി അദ്ദേഹത്തെ നേരത്തെ പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com