ബിജെപിക്ക് ഗുണം ചെയ്യും, മോദി സിനിമയുടെ റിലീസ് വോട്ടെടുപ്പിന് ശേഷം മതിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വോട്ടെടുപ്പിന് ശേഷം ചിത്രം റിലീസ് ചെയ്യാമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്
ബിജെപിക്ക് ഗുണം ചെയ്യും, മോദി സിനിമയുടെ റിലീസ് വോട്ടെടുപ്പിന് ശേഷം മതിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പ്രൈംമിനിസ്റ്റര്‍ നരേന്ദ്ര മോദിയ്ക്ക് നിലനില്‍ക്കുന്ന റിലീസ് വിലക്ക് വോട്ടെടുപ്പ് വരെ നിലനില്‍ക്കുകയൊള്ളൂവെന്ന് ഇലക്ഷന്‍ കമ്മീഷന്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വോട്ടെടുപ്പിന് ശേഷം ചിത്രം റിലീസ് ചെയ്യാമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് പിഎം നരേന്ദ്ര മോദിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ ഇലക്ഷന്‍ കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 

വോട്ടെടുപ്പിന് ഇടയില്‍ സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ അത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാലാണ് മെയ് 19 ന് നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിന് ശേഷം മാത്രം ചിത്രം റിലീസ് ചെയ്താല്‍ മതി എന്ന തീരുമാനം എടുത്തത് എന്നായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി വെള്ളിയാഴ്ചയാണ് തീരുമാനമെടുക്കും. ഉപദേശകന്‍ രാകേഷ് ദ്വിവേദി വഴിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സിനിമയുടെ നിര്‍മാതാക്കള്‍ക്കു കൂടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

സിനിമയുടെ റിലീസ് വിലക്കിക്കൊണ്ടുള്ള ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ നിര്‍മാതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നരേന്ദ്ര മോദിയെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് പെരുപ്പിച്ച് കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് നിര്‍മാതാവിന്റെ വാദം. ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് നായകനായി എത്തുന്നത്. മോദിയുടെ പ്രധാനമന്ത്രിയാകുന്നതു വരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com