ഉയരെ: പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം ഇന്ന്, പാര്‍വതിയും ശൈലജ ടീച്ചറും പങ്കെടുക്കും

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരായും വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ചു വരുന്ന തുടര്‍ കാമ്പയിനാണ് 'സധൈര്യം മുന്നോട്ട്'. 
ഉയരെ: പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം ഇന്ന്, പാര്‍വതിയും ശൈലജ ടീച്ചറും പങ്കെടുക്കും

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസിക/ ശാരീരിക പീഡനങ്ങളെ തുറന്നെഴുതുന്ന ചിത്രമാണ് 'ഉയരെ'. പാര്‍വ്വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ന് കുട്ടികള്‍ക്ക് വേണ്ടി ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നുണ്ട്.  

വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററിലാണ് പ്രദര്‍ശനം. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്. ശിശുവികസന വകുപ്പിന്റെ 'സധൈര്യം മുന്നോട്ട്' എന്ന കാംപെയ്‌ന്റെ ഭാഗമായാണ് പ്രദര്‍ശനം. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരായും വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ചു വരുന്ന തുടര്‍ കാമ്പയിനാണ് 'സധൈര്യം മുന്നോട്ട്'. 

ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരുവോത്ത് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. നിര്‍മ്മാതാക്കളായ ടീം എസ് ക്യൂബിന്റെ അമരക്കാര്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. ഇവര്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറും പരിപാടിയില്‍ പങ്കെടുക്കും.

ചിത്രത്തെ പ്രശംസിച്ച് ആരോഗ്യമന്ത്രി നേരത്തേ രംഗത്തെത്തിയിരുന്നു. സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് 'ഉയരെ' എന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലിക പ്രശ്‌നങ്ങളാണ് 'ഉയരെ' എന്ന ചിത്രത്തില്‍ വിരല്‍ ചൂണ്ടുന്നതെന്നും ശെലജ ടീച്ചര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com