രാം ഗോപാല്‍ വര്‍മയുടെ സിനിമ പ്രദര്‍ശിപ്പിച്ചു; തിയേറ്ററുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു

രാം ഗോപാല്‍ വര്‍മയുടെ സിനിമ പ്രദര്‍ശിപ്പിച്ചു; തിയേറ്ററുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു

രാം ഗോപാല്‍ വര്‍മയുടെ തെലുഗു സിനിമ പ്രദര്‍ശിപ്പിച്ച ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലുള്ള മൂന്ന് തിയേറ്ററുകള്‍ പിടിച്ചെടുത്തു

ഹൈദരാബാദ്: രാം ഗോപാല്‍ വര്‍മയുടെ തെലുഗു സിനിമ ലക്ഷ്മീസ് എന്‍ടിആര്‍ പ്രദര്‍ശിപ്പിച്ച ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലുള്ള മൂന്ന് തിയേറ്ററുകള്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തെ തുടര്‍ന്നാണ് നടപടി. 

പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കമ്മീഷന്‍ തടഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച്് മെയ് ഒന്നിന് ഈ മൂന്ന് തിയേറ്ററുകള്‍ മോണിങ് ഷോയായി ചിത്രം പ്രദര്‍ശിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട റവന്യൂ അധികൃതര്‍ തിയേറ്റര്‍ ഉടമകളെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തത്. 

എന്നാല്‍ ഉത്തരവ് ലംഘിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗോപാല്‍ കൃഷ്ണ ദ്വിവേദി ഗൗരവത്തിലെടുത്തു. ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതില്‍ പരാജയപ്പെട്ട കടപ്പ ജില്ല ജോയിന്റ് കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി ഗോപാല്‍ കൃഷ്ണ ദ്വിവേദി മാധ്യമങ്ങളോട് വ്യക്തമാക്കി. 

ഇതിന് പിന്നാലെയാണ് ജോയിന്റ് കലക്ടര്‍ കോടേശ്വര്‍ റാവു തിയേറ്റര്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. ഈ തിയേറ്ററുകളില്‍ ഇനി ഒരു സിനിമയും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

തെലങ്കാനയില്‍ ഏപ്രില്‍ മാസത്തില്‍ ചിത്രം റലീസ് ചെയ്തിരുന്നു. പിന്നാലെ മെയ് ഒന്നിന് ആന്ധ്രാ പ്രദേശില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു സംവിധായകന്‍ രാം ഗോപാല്‍ വര്‍മ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നില്ല. 

മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ ലക്ഷ്മി പാര്‍വതിയുമായുള്ള രണ്ടാം വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും രാമറാവുവിന്റെ മരണവുമാണ് ചിത്രം പറയുന്നത്. രാമറാവുവിന്റെ മകളുടെ ഭര്‍ത്താവും ആന്ധ്രാ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ പറ്റിയും ചിത്രത്തില്‍ പരാമര്‍ശമുണ്ട്.

ചിത്രത്തില്‍ തെലുഗു ദേശം പാര്‍ട്ടിയേയും ചന്ദ്രബാബു നായിഡുവിനെയും മോശമായി ചിത്രീകരിക്കുന്നതായി ചൂണ്ടിക്കാട്ടി ടിഡിപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com