കങ്കണ മുതല്‍ രജനീകാന്ത് വരെ; നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് താരപ്രഭയില്‍

പ്രശസ്ത നടന്‍മാരായ അനുപം ഖേറും അനില്‍ കപൂറും ഒന്നിച്ചായിരുന്നു മോദിക്ക് ആശംസയര്‍പ്പിക്കാന്‍ ഡല്‍ഹിലേക്ക് പോയത്.
കങ്കണ മുതല്‍ രജനീകാന്ത് വരെ; നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് താരപ്രഭയില്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി വീണ്ടും ലോക്‌സഭയിലേക്കെത്തുമ്പോള്‍ നിരവധി ചലച്ചിത്രതാരങ്ങളാണ് അദ്ദേഹത്തിന് പിന്തുണയുമായി ഡല്‍ഹിയിലെത്തിയത്. കങ്കണാ റണാവത്, അനില്‍ കപൂര്‍, അനുപം ഖേര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ടെത്തുകയും മോദിക്ക് ആശംസകളര്‍പ്പിക്കുകയും ചെയ്തു.

തുടക്കം മുതലേ നരേന്ദ്രമോദിയ്ക്ക് പിന്തുണയറിയിച്ചിരുന്ന നടി കങ്കണ ഒരു ദിവസം മുന്‍പേ തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. 'കാര്യങ്ങള്‍ കൃത്യതയോടെയും മനോഹരമായും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയട്ടേ. അദ്ദേഹത്തിന്റെ മേല്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. എന്റെ എല്ലവിധ ആശംസകളുമര്‍പ്പിക്കുന്നു'- കങ്കണ പറഞ്ഞു.

'മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രാകേഷ് ഓംപ്രകാശ് മെഹ്‌റയും മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി ഇന്നലെ തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ചരിത്രപരമായ ഈ ദിവസത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ കൃതാര്‍ത്ഥനാണെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രശസ്ത നടന്‍മാരായ അനുപം ഖേറും അനില്‍ കപൂറും ഒന്നിച്ചായിരുന്നു മോദിക്ക് ആശംസയര്‍പ്പിക്കാന്‍ ഡല്‍ഹിലേക്ക് പോയത്. 'ഞാനും അനില്‍ കപൂറും ഒരുപാട് വര്‍ഷങ്ങളായി പ്രതിജ്ഞാബന്ധരായ സുഹൃത്തുക്കളാണ്. ഇപ്പോള്‍ ഞങ്ങള്‍ ഡല്‍ഹിയിലെത്തിയത് മറ്റൊരു സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനാണ്'- അനില്‍ കപൂറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് അനുപം ഖേര്‍ ട്വീറ്റ് ചെയ്തു. അനില്‍ കപൂറിന്റെ സഹോദരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂറും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മെഗാസ്റ്റാര്‍ രജനീകാന്തും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. കൂടാതെ ഷാഹിദ് കപൂര്‍, കാര്‍ത്തിക് ആര്യന്‍, രാജ്കുമാര്‍ ഹിരാനി, ആനന്ദ് എല്‍ റായ്, മങ്കേഷ് ഹഡ്വാലെ, മഹാവീര്‍ ജെയ്ന്‍ തുടങ്ങിയവരെല്ലാം തന്നെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തുവെന്നാണ് വിവരം.

ഇവരെ കൂടാതെ ആമിര്‍ ഖാന്‍, റിത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നു. പക്ഷേ ഇവരെല്ലാം ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ ഡല്‍ഹിയില്‍ എത്തിയില്ല എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com